അക്ഷയ തൃതീയ: സംസ്ഥാനത്ത് വിറ്റത് 1600 കോടി രൂപയുടെ സ്വർണം
Mail This Article
കൊച്ചി∙ അക്ഷയ തൃതീയ ദിനമായിരുന്ന വെള്ളിയാഴ്ച സംസ്ഥാനത്ത് വിറ്റത് ഏകദേശം 1600 കോടി രൂപയുടെ സ്വർണം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില തുടരുമ്പോഴും മുൻ വർഷത്തേക്കാൾ വിൽപനയിൽ ഏകദേശം 5–7% വർധനയുണ്ടായതായാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ.
ഏകദേശം 2400– 2300 കിലോഗ്രാമിന്റെ സ്വർണ വിൽപന നടന്നു. കൂടുതലും വിറ്റത് 22,18 കാരറ്റിലുള്ള ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ. 100 മില്ലി മുതൽ 8,10,20 ഗ്രാം തൂക്കത്തിലുള്ള നാണയങ്ങളും 24 കാരറ്റിന്റെ ഒരു ഗ്രാം മുതൽ ഒരു കിലോ വരെയുള്ള ബാറുകളും വിൽപനയ്ക്ക് ഉണ്ടായിരുന്നു. അക്ഷയ തൃതീയ ദിനത്തിൽ രണ്ടു തവണയായി സ്വർണവില കൂടി. രാവിലെ 7.30ന് ജ്വല്ലറികളിൽ വ്യാപാരം ആരംഭിക്കുമ്പോൾ ഗ്രാമിന് 6660 രൂപയും പവന് 53280 രൂപയുമായിരുന്നു. 9.30ന് ഗ്രാമിന് 6700 രൂപയായി. കോവിഡിനു ശേഷമുള്ള 2022ലെ അക്ഷയ തൃതീയ ദിനത്തിലെ ഏകദേശം 2250 കോടിയുടെ വിൽപനയുമായി താരതമ്യപ്പെടുത്തിയാൽ ഈ വർഷം കണക്കുകളിൽ വലിയ അന്തരമുണ്ടെന്നും സ്വർണ വിലവർധന വിൽപനയെ ബാധിച്ചെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ എസ്.അബ്ദുൽ നാസർ പറഞ്ഞു.