ADVERTISEMENT

അസംസ്കൃത വസ്തുക്കൾ കണ്ടെത്താനും വാങ്ങാനും അലയേണ്ട. ഉൽപന്നം വിറ്റഴിക്കാനായി വിപണിയിൽ മത്സരിക്കേണ്ടതുമില്ല. കുറഞ്ഞ മുതൽമുടക്കിൽ ന്യായമായ ആദായം ഉറപ്പാക്കുകയും ചെയ്യാം. അതെന്തു ബിസിനസ് എന്നല്ലേ? വൻകിട സ്ഥാപനങ്ങളുടെ ആൻസിലറി യൂണിറ്റ് ബിടെക്കുകാർക്ക് ഏറെ സാധ്യതകളുള്ള സംരംഭകമേഖലയാണെന്നു തെളിയിക്കുകയാണ് വിഷ്ണു എസ്. മെക്കാനിക്കൽ എൻജിനീയറിങ് പാസായ വിഷ്ണു ജോലികൾ വേണ്ടെന്നു വച്ച് സ്വന്തമായി ആൻസിലറി യൂണിറ്റ് തുടങ്ങി, മികച്ച ടെക്നോക്രാറ്റും സംരംഭകനും ആയി വളർന്നു. ഇപ്പോൾ തിരുവനന്തപുരം നെല്ലിമൂട്ടിൽ ‘വിക്രാന്ത് എയ്റോ സ്പെയ്സസ്’ എന്ന സ്വന്തം സംരംഭം ഒരു കോടി രൂപയിലധികം മുടക്കി വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.

അവസരങ്ങൾ തുറന്നിട്ട് ഐഎസ്ആർഒ
 

പഠിച്ച വിഷയവുമായി ബന്ധപ്പെട്ട ബിസിനസ് തന്നെയാണ് വിഷ്ണു ചെയ്യുന്നത്. ഐഎസ്ആർഒയുടെ റോക്കറ്റ് വിക്ഷേപണവുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളാണ് ഈ ആൻസിലറി യൂണിറ്റിൽ നിർമിക്കുന്നത്. അതായത് ഐഎസ്ആർഒയ്ക്ക് ആവശ്യമുള്ള മെക്കാനിക്കൽ ഹാർഡ്‌വെയർ ഉൽപന്നങ്ങൾ ഉണ്ടാക്കി സപ്ലൈ ചെയ്യുന്നു. ഐഎസ്ആർഒയ്ക്ക് കംപോണന്റുകൾ സപ്ലൈ ചെയ്യുന്ന മറ്റു ചെറുകിട സംരംഭങ്ങൾ തിരുവനന്തപുരത്തുണ്ട്. സംരംഭകർക്ക്, പ്രത്യേകിച്ച് ടെക്നോ‌ക്രാറ്റുകൾക്ക് മികച്ച അവസരങ്ങളാണ് ഐഎസ്ആർഒ തുറന്നു‌നൽകുന്നത്. സാങ്കേതികക്ഷമതയാണ് സംരംഭത്തിന്റെ മികവ്  എന്നു പറയാം. ബ്രഹ്മോസിനുവേണ്ടിയാണ് ഇപ്പോൾ മെക്കാനിക്കൽ ഭാഗങ്ങൾ ഉണ്ടാക്കുന്നത്.

Vishnu-successstory2
വിഷ്ണു എസ് Image: Sampadyam

കേരള ഓട്ടോമൊബീൽസിലെ പരിചയം
 

േകരള ഓട്ടോമൊബീൽസിന്റെ മെക്കാനിക്കൽ വിഭാഗത്തിൽ ജോലി‌ചെയ്ത പരിചയമാണ് വിഷ്ണുവിനു കരുത്തായത്. അങ്ങനെയാണ് മെക്കാനിക്കൽ കംപോണന്റുകൾ നിർമിക്കുന്ന ബിസിനസിനെക്കുറിച്ചു ചിന്തിക്കുന്നത്. സാങ്കേതിക‌ക്ഷമത ഉറപ്പുവരുത്തിയാൽ മികച്ച അവസരങ്ങൾ ലഭിക്കുമെന്നു മനസ്സിലാക്കി. സ്റ്റീൽ, അലുമിനിയം, കോപ്പർ എന്നിവയിൽ നിർമിക്കുന്ന ‌കംപോണന്റുകളെക്കുറിച്ചു വ്യാപകമായ പഠനവും അന്വേഷണവും നടത്തിയ‌ശേഷം ഐഎസ്ആർഒയെ സമീപിച്ചു. അനുയോജ്യവും സാങ്കേതികക്ഷമവുമായ ഘടകഭാഗങ്ങൾ ഉണ്ടാക്കി നൽകാമെന്നു ബോധ്യപ്പെടുത്തി. ബിടെക് ഡിഗ്രിയും ഇവിടെ അനുകൂല ഘടകമായി. ഐഎസ്ആർഒ നിർമിക്കുന്ന റോക്കറ്റുകളിലും മറ്റു സാറ്റ്​ലൈറ്റുകളിലും വിഷ്ണുവിന്റെ കരവിരുതുകൂടി ഉണ്ടെന്നത് 30 വയസ്സുകാരനായ ഈ യുവസംരംഭകന് അഭിമാനം പകരുന്നു.   

60 ലക്ഷം രൂപയുടെ മെഷിനറി
 

മെക്കാനിക്കൽ കോംപൗണ്ടുകൾ നിർമിക്കുന്നത് തികച്ചും മെഷിനറികളുടെ സഹായത്തോടെ ചെയ്യുന്ന പ്രക്രിയയാണ്. വലിയ ഒരു മെഷിനറി നിക്ഷേപം ആവശ്യമില്ലതാനും. സിഎൻസി ലൈത്ത്, സിഎൻസി െവൽഡിങ്, കൺട്രോൾ സിഎൻസി, ക്യുസി ലാബ് തുടങ്ങിയവയാണ് പ്രധാന മെഷിനറികൾ. േകരള ബാങ്കിൽനിന്നു വായ്പ എടുത്താണ് തുടങ്ങുന്നത്. വ്യവസായ‌വകുപ്പിന്റെ എന്റർപ്രണർ സപ്പോർട്ട് സ്കീം പ്രകാരം പ്രത്യേക സബ്സിഡിയും ലഭിച്ചു. 7 ജോലിക്കാർ ഉണ്ട്. 2000 ചതുരശ്രയടി വാടകക്കെട്ടിടത്തിലാണ് പ്രവർത്തനം. ഭാര്യ ഗോപിക കോളജ് വിദ്യാർഥിയാണ്.

Vishnu-successstory1
വിഷ്ണു എസ് Image: Sampadyam

വാങ്ങലും വിൽക്കലും വേണ്ട, മികച്ച ലാഭം ഉറപ്പ്
 

വിഷ്ണുവിന്റെ സംരംഭത്തിന്റെ പ്രത്യേകത യാതൊരു അസംസ്കൃത വസ്തുക്കളും നേരിട്ടു വാങ്ങേണ്ടതില്ല എന്നതാണ്. യാതൊന്നും പുറത്തു വിൽക്കേണ്ടിയും വരുന്നില്ല. ആവശ്യമായ അസംസ്കൃത വസ്തുക്കളും പാറ്റേണും ഐഎസ്ആർഒ സപ്ലൈ ചെയ്യും. അതു നന്നായി ഡിസൈൻ ചെയ്ത് ഗുണമേന്മയുള്ള കംപോണന്റുകളാക്കി തിരികെ‌നൽകിയാൽ മതി. അതുകൊണ്ടുതന്നെ റിസ്ക് തീരെ കുറവാണ്. ചെയ്യുന്ന വർക്കിന് ആനുപാതികമായി മാസം 3 മുതൽ 5 ലക്ഷം രൂപവരെ ഇപ്പോൾ സർവീസ് ചാർജ് ലഭിക്കുന്നു. നിരന്തരമായി ഓർഡറുകൾ ലഭിക്കുന്നുണ്ട്. എല്ലാ ഓർഡറുകളും ഏറ്റെടുക്കാൻ കഴിയാത്ത സ്ഥിതിയായതിനാൽ ആധുനിക മെഷിനറികൾ സ്ഥാപിച്ച് വിപുലീകരണത്തിനുള്ള തയാറെടുപ്പിലാണ് വിഷ്ണു. ഒരു കോടിയിലേറെ നിക്ഷേപം വരുന്ന വികസനത്തിന് ബാങ്ക്, വായ്പ നൽകാമെന്ന് ഏറ്റിരിക്കുകയാണ്. അതോടെ മാസം 10 മുതൽ 15 ലക്ഷം രൂപ‌വരെ സമ്പാദിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.

പുതുസംരംഭകർക്ക്
 

ഐഎസ്ആർഒ, ടെൽക്, േകരള ഓട്ടമൊബീൽസ്, കാംകോ തുടങ്ങിയ നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട്. ഇവയ്ക്ക് ആവശ്യമായ കംപോണന്റുകൾ ഉൽപാദിപ്പിച്ചു നൽകുക എന്നത് തീരെ റിസ്ക് കുറഞ്ഞ ബിസിനസ് ആണ്. ആൻസിലറി വ്യവസായ യൂണിറ്റുകൾക്ക് ഇപ്പോൾ വലിയ സാധ്യതകളുണ്ട്. സാങ്കേതിക യോഗ്യത നേടിയ യുവതീയുവാക്കൾ കേരളത്തിൽ ധാരാളമുണ്ട്. അവർക്ക് എളുപ്പത്തിൽ ഉപയോഗപ്പെടുത്താവുന്ന മികച്ച സംരംഭ മേഖലയാണ് ഇവ. 20 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ തുടങ്ങിയാലും മാസം ഒരു ലക്ഷം രൂപയെങ്കിലും സമ്പാദിക്കാം.

വിലാസം: വിഷ്ണു എസ്. Vikrant AeroSpaces, ഗ്രെയ്സ് മരിയ ടവർ, കോൺവെന്റ് ജംക്‌ഷൻ, നെല്ലിമൂട് പി.ഒ., തിരുവനന്തപുരം–695524

(സംസ്ഥാന വ്യവസായ–വാണിജ്യ വകുപ്പിൽ  ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ച ആളാണ് ലേഖകൻ. മനോരമ സമ്പാദ്യം മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com