വിയോമയിൽ ചാർജ് ആകുന്നു, വർഷയുടെ സ്വപ്നങ്ങൾ
Mail This Article
കണ്ണൂർ∙ എയ്റോസ്പേസ് എൻജിനീയറിങ് കഴിയുമ്പോൾ വർഷ അനൂപും സഹപാഠി ഷോമിക് മൊഹന്തിയും സ്വപ്നം കണ്ടത് വൈദ്യുതിയിൽ ഓടുന്ന ചെറുവിമാനമാണ്. ചിന്തകളും സ്വപ്നങ്ങളും അതിലായപ്പോൾ വിയോമ മോട്ടോഴ്സ് എന്ന സ്ഥാപനം പിറന്നു. എന്നാൽ, വൈദ്യുതി വിമാനത്തിനു പകരം വിയോമയിൽ നിന്ന് ആദ്യം വിപണിയിലെത്താൻ ഒരുങ്ങുന്നത് സ്മാർട് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ആണെന്നു മാത്രം. ‘തണ്ടർബോൾട്ട്’ സ്കൂട്ടറും ‘സ്റ്റാർക്’ ബൈക്കും. തണ്ടർബോൾട്ട് സെപ്റ്റംബറിൽ റോഡിലിറങ്ങും.
കണ്ണൂർ തിലാനൂർ സ്വദേശി വർഷ അനൂപും സഹപാഠി ഹരിയാന സ്വദേശി ഷോമിക് മൊഹന്തിയും ചെന്നൈ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പഠിക്കുമ്പോൾ പങ്കുവച്ച ആശയങ്ങളാണ് യാഥാർഥ്യമായി തുടങ്ങുന്നത്. തിലാനൂർ വർഷ നിവാസിൽ എം.കെ.അനൂപിന്റെയും വി.പി.പ്രീതയുടെയും മകളാണ് വർഷ. 2017ൽ പഠനം പൂർത്തിയായി ഇറങ്ങിയതോടെ വർഷയും ഷോമികും സ്വപ്നങ്ങൾക്കു പിറകെയായി. കേന്ദ്ര ശാസ്ത്ര–സാങ്കേതിക വകുപ്പിന്റെ സ്റ്റാർട്ടപ്പ് മത്സരത്തിൽ ജേതാക്കളായപ്പോൾ ലഭിച്ച ഒരു കോടി രൂപ ഇ– സ്വപ്നങ്ങൾക്കു ചിറകു പകർന്നു.
സാങ്കേതിക വിദഗ്ധനും ചാർട്ടേഡ് അക്കൗണ്ടന്റുമായ ഹോസെഫ ഇറാനി കൂടി കൂടെ ചേർന്നപ്പോൾ വിയോമ മോട്ടോഴ്സ് പിറന്നു. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന കൊളോസ വെഞ്ചേഴ്സ് വിയോമ മോട്ടോഴ്സിൽ നിക്ഷേപം നടത്തിയതോടെ എല്ലാറ്റിനും വേഗമേറി.
ഒറ്റ ചാർജിൽ 300 കിലോമീറ്റർ
നവി മുംബൈയിലാണ് വിയോമയുടെ നിർമാണ യൂണിറ്റ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 300 കിലോമീറ്റർ ഓടുന്ന തണ്ടർബോൾട്ട് ഇ– സ്കൂട്ടറാണ് ആദ്യം വിപണിയിലെത്തുന്നത്. അഞ്ചു നിറത്തിൽ ഇറങ്ങുന്ന സ്കൂട്ടറിനു വില 1.4 ലക്ഷം രൂപ മുതൽ 1.8 ലക്ഷം വരെ. വൈദ്യുതി വിമാനമെന്ന സ്വപ്നം വിയോമ യാഥാർഥ്യമാക്കുമെന്നും വർഷ പറയുന്നു.