ഐപിഒയിലൂടെ ഓഹരി ലഭിച്ചില്ലെങ്കില്‍ എന്തു ചെയ്യണം?
Mail This Article
ഇനിഷ്യല്‍ പബ്ലിക് ഓഫറുകളില്‍ അപേക്ഷിക്കുന്ന എല്ലാ ചെറുകിട നിക്ഷേപകര്‍ക്കും ഓഹരി ലഭിക്കില്ലല്ലോ. അങ്ങനെ ഓഹരി അനുവദിച്ചു കിട്ടാത്തവര്‍ അതിന് അപേക്ഷിക്കാനായി കരുതി വെച്ചിരുന്ന തുക എന്താണു ചെയ്യുക? സാധാരണ നിലയില്‍ ബ്ലോക്കു ചെയ്തു വെച്ചിരുന്ന അപേക്ഷാ തുക സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലേക്കു തിരികെയെത്തും. അതു പതിവു പോലെ അക്കൗണ്ടില്‍ കിടക്കുകയും സാധാരണ രീതിയില്‍ ചെലവഴിക്കുകയുമാണല്ലോ പലരുടേയും രീതി. എന്നാല്‍ ഇതാണോ വേണ്ടത്?
ഒറ്റയടിക്കു നിക്ഷേപിക്കുമ്പോള്‍ ലക്ഷങ്ങള്‍ നിക്ഷേപിക്കണം എന്ന ചിന്താഗതിയാണ് ഇവിടെ പലര്‍ക്കും പ്രശ്‌നമാകുന്നത്. ഐപിഒയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ തുക മുടക്കിയാൽ മതിയാകും. എല്‍ഐസി ഐപിഒയ്ക്ക് പോളിസി ഉടമകളുടെ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ വേണ്ടിയിരുന്നത് 12,735 രൂപയോളമായിരുന്നു. ഈ തുകയാവും ഓഹരി അനുവദിക്കപ്പെടാത്ത സാഹചര്യത്തില്‍ എസ്ബി അക്കൗണ്ടില്‍ തിരികെ എത്തുക. ഈ തുക എന്തായാലും നിങ്ങള്‍ ഓഹരി നിക്ഷേപത്തിനായി മാറ്റി വെച്ചതായിരുന്നു. ഐപിഒ വഴി ഓഹരി ലഭിച്ചില്ലെങ്കിലും ഇത് ഓഹരിയില്‍ തന്നെ നിക്ഷേപിക്കുക എന്ന തീരുമാനമാണ് ഇവിടെ ഏറ്റവും മികച്ചത്. ലക്ഷക്കണക്കിനു രൂപയില്ലല്ലോ പതിനായിരത്തിനടുത്തു രൂപയല്ലേ ഉള്ളു എന്നതിനാല്‍ അതു തുടര്‍ന്നു നിക്ഷേപിക്കാതെ ചെലവാക്കാന്‍ തുനിയരുത്.
അതേ ഓഹരി വാങ്ങണോ?
നിങ്ങള്‍ അപേക്ഷിച്ച ഓഹരി ഐപിഒ വഴി ലഭിച്ചില്ല എന്നതിനര്‍ത്ഥം ആ ഓഹരി എന്നെന്നേക്കുമായി നിങ്ങള്‍ക്കു നഷ്ടമായി എന്നല്ല. ഐപിഒ കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകം സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റു ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ വാങ്ങാവുന്നതാണ്. ഐപിഒ അപേക്ഷ നല്‍കിയപ്പോള്‍ തന്നെ നിങ്ങള്‍ക്കു ഡീമാറ്റ് അക്കൗണ്ട് ഉണ്ടായിരുന്നതിനാല്‍ സ്‌റ്റോക് ബ്രോക്കര്‍ വഴി ദ്വീതീയ വിപണിയില്‍ നിന്ന് അതേ ഓഹരി വാങ്ങുന്നതിന് വളരെ എളുപ്പവുമാണ്. എന്നാല്‍ അതേ ഓഹരി തന്നെ വാങ്ങണോ എന്നതാണ് ഇവിടെ നിങ്ങള്‍ വിലയിരുത്തേണ്ട പ്രധാന ഘടകം.
ഐപിഒ വഴി അനുവദിച്ചു കിട്ടുന്ന ഓഹരികള്‍ ലിസ്റ്റു ചെയ്യുമ്പോഴുണ്ടാകുന്ന ലാഭമാണ് പലരും ആഗ്രഹിക്കുന്നത്. ലാഭം ലഭിക്കുന്നില്ലെങ്കില്‍ പിന്നെ അതേ ഓഹരി വാങ്ങുന്നതില്‍ കാര്യമുണ്ടോ? ഏറെ പ്രതീക്ഷ നല്‍കിയിരുന്ന പല ഐപിഒകള്‍ക്കും ശേഷം ആ കമ്പനികളുടെ ഓഹരി വില ലിസ്റ്റിങ് സമയത്ത് താഴെ പോകുന്നതു നാം കാണുന്നുണ്ട്. ഇങ്ങനെ വില ഐപിഒ കാലത്തേക്കാളും താഴെ പോയ ഓഹരികള്‍ വാങ്ങേണ്ടതുണ്ടോ? കമ്പനിയുടെ അടിസ്ഥാനങ്ങള്‍ എത്രത്തോളം ശക്തമാണ് എന്നതാണ് ഇവിടെ പരിഗണിക്കേണ്ടത്. ഐപിഒയില്‍ നിങ്ങള്‍ക്കു കിട്ടാതെ പോയ ഓഹരി തന്നെ വാങ്ങാതെ മറ്റ് കമ്പനികളുടെ മികച്ച ഓഹരികള്‍ വാങ്ങുന്നതും ഇവിടെ പരിഗണിക്കാം. എന്നാല്‍ ഇതെല്ലാം എങ്ങനെ വിശകലനം ചെയ്യും?
സാമ്പത്തിക ഉപദേശകര്‍ക്ക് നിങ്ങളെ സഹായിക്കാനാവും
ഐപിഒ അപേക്ഷ എന്നത് അത്രയേറെ ബുദ്ധിമുട്ടില്ലാത്ത ഒരു പ്രക്രിയയായിരുന്നു. എന്നാല്‍ അതു ലഭിക്കാതെ വന്നപ്പോള്‍ ആ തുക ഉപയോഗിച്ച് ഓഹരി വാങ്ങുന്നത് അല്‍പം കൂടി ഗവേഷണം ആവശ്യമുള്ള കാര്യമാണ്. ഇക്കാര്യത്തില്‍ ഒരു ഫിനാന്‍ഷ്യല്‍ പ്ലാനറേയോ സാമ്പത്തിക ഉപദേശകനെയോ ആശ്രയിക്കുന്നതില്‍ തെറ്റില്ല. അവര്‍ക്ക് നിങ്ങളെ കൂടുതല്‍ മികച്ച രീതിയില്‍ നയിക്കാനാവും. അതിനായി ചെറിയൊരു ഫീസോ കമ്മീഷനോ നല്‍കിയാല്‍ പോലും ഗുണകരമായിരിക്കും. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അവര്‍ ഉപദേശങ്ങള്‍ നല്‍കുമെങ്കിലും അവസാന തീരുമാനം നിങ്ങളുടേതായിരിക്കണം.
മ്യൂചല്‍ ഫണ്ടുകള്‍ പ്രയോജനപ്പെടുത്താം
ഐപിഒ വഴി ഓഹരി ലഭിക്കാതെ വന്ന് തിരികെ ലഭിച്ച തുക നേരിട്ട് ഓഹരികളില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ ലളിതമാണ് മ്യൂചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത്. ഓഹരി അധിഷ്ഠിത മ്യൂചല്‍ ഫണ്ടുകള്‍ ഉള്ളവര്‍ക്ക് ഈ തുക ഉപയോഗിച്ച് അതില്‍ ഒറ്റത്തവണ ടോപ് അപ് ചെയ്യാം. അതല്ലെങ്കില്‍ പുതുതായി ഏതെങ്കിലും മ്യൂചല്‍ ഫണ്ട് പദ്ധതിയില്‍ നിക്ഷേപിക്കുകയും ആവാം. ഇക്കാര്യത്തിലും ഉപദേശകന്റേയോ സാമ്പത്തിക ആസൂത്രകന്റേയോ സേവനം ആവശ്യമാണെങ്കില്‍ തേടാവുന്നതാണ്. പലര്‍ക്കും മ്യൂചല്‍ ഫണ്ട് നിക്ഷേപങ്ങളുടെ കാര്യത്തില്‍ സ്വയം വിശകലനങ്ങള്‍ നടത്താനും സാധിക്കും.
കാലാവധിക്കും പ്രസക്തിയേറെ
ഐപിഒ അപേക്ഷിച്ചപ്പോള്‍ ആ ഓഹരി അനുവദിച്ചു കിട്ടിയിരുന്നെങ്കില്‍ എത്ര കാലത്തേക്ക് കൈവശം വെക്കുമായിരുന്നു എന്നോ ലാഭമെടുക്കുകയാണെങ്കില്‍ അത് എത്ര കാലത്തേക്ക് തുടര്‍ നിക്ഷേപം നടത്തുമായിരുന്നു എന്നോ ഒരു കണക്കു കൂട്ടല്‍ നടത്തിയിട്ടുണ്ടാകുമല്ലോ. ഇതോടൊപ്പം എത്രത്തോളം നഷ്ട സാധ്യതകള്‍ നേരിടാമെന്നതിനെ കുറിച്ചും ബോധ്യമുണ്ടാക്കിയ ശേഷമായിരിക്കുമല്ലോ ഐപിഒ അപേക്ഷ നല്‍കിയത്. ഇവയെല്ലാം ഈ തുക തുടര്‍ന്നു നിക്ഷേപിക്കുമ്പോഴും മനസിലുണ്ടായിരിക്കണം.
English Summary : What should be Your Strategy If You Didn't Get IPO Allotment