ADVERTISEMENT

ജനങ്ങളിൽ നിന്ന് പിരിക്കുന്ന വിവിധ തരം നികുതികളാണ് രാജ്യത്തിന്റെ വികസനത്തിന്റെ നട്ടെല്ലെന്നു നിസംശയം പറയാം. ഇത്തരത്തിലുള്ള വിവിധ ഇനം നികുതികള്‍ പിരിക്കുന്നതിനുള്ള കാര്യക്ഷമത കഴിഞ്ഞ വര്‍ഷങ്ങളില്‍ വർധിച്ചിട്ടുണ്ട്. വ്യക്തിഗത ആദായ നികുതിയുടെയും ജിഎസ്‌ടിയുടെയും സമാഹരണത്തിലുണ്ടായ വളര്‍ച്ച ഇതിനുദാഹരണമാണ്. ഇന്ത്യയുടെ നികുതി വലയിലെ വിള്ളലുകള്‍ ടെക്നോളജിയുടെ പിന്തുണയോടെ സമീപവര്‍ഷങ്ങളില്‍ നികത്താനായിട്ടുണ്ട്. നികുതി വെട്ടിപ്പും, കുറഞ്ഞ നികുതി മാത്രം അടയ്ക്കുന്നതുമൊക്കെ പണ്ട് പതിവായിരുന്നല്ലോ? ഇന്നാലിന്നു സ്ഥിതി വളരെയധികം മാറിയിരിക്കുന്നു. ആദായ നികുതി റിട്ടേൺ അടയ്ക്കുന്നതിനായി ലോഗിൻ ചെയ്യുമ്പോൾ നമ്മുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സകല വിവരങ്ങളും ആ സൈറ്റിൽ 'പ്രീഫില്ലാ'യി വരുന്ന സ്ഥിതി വശേഷമാണിപ്പോഴുള്ളത്. ഇതിൽ നിന്നും കാര്യങ്ങൾ എത്ര മാറി എന്നു നമുക്ക് ഊഹിക്കാവുന്നതേയുള്ളു.

ആശങ്ക വേണ്ട! പാൻ പ്രവർത്തനരഹിതമാണെങ്കിലും ആദായ നികുതി അടയ്ക്കാം Read more...

വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ നികുതി വകുപ്പിന്‌ കൃത്യമായി ലഭ്യമാക്കുന്ന സാങ്കേതിക വിദ്യയിലധിഷ്‌ഠിതമായ ഈ പരിഷ്‌കാരങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യും. ഇത്‌ രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും കൂടുതല്‍ വേഗം കൈവരാന്‍ സഹായകമാണ്‌.

economy-market5

ആദായ നികുതി

2022-23ല്‍ വ്യക്തിഗത ആദായനികുതി സമാഹരണത്തില്‍ 24.23 ശതമാനം വളര്‍ച്ചയാണുണ്ടായത്‌. 9,60,764 കോടി രൂപയാണ്‌ ഇക്കാലയളവിൽ ആദായ നികുതി ഇനത്തില്‍ സമാഹരിച്ചത്‌. മുന്‍വര്‍ഷമിത് 7,73,389 കോടി രൂപയായിരുന്നു.

2021 നവംബര്‍ മുതല്‍ ഓരോ വ്യക്തിയുടെയും സാമ്പത്തിക ഇടപാടുകളുടെ സകല വിവരങ്ങളും ഉള്‍പ്പെട്ട ആനുവല്‍ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റ്‌ (എഐഎസ്‌) ആദായനികുതി വകുപ്പ്‌ നല്‍കാന്‍ തുടങ്ങിയത്‌ നികുതി പിരിവ്‌ കൂടുതല്‍ സുതാര്യമാക്കാന്‍ വഴിയൊരുക്കിയിട്ടുണ്ട്‌. വിവിധ സ്രോതസുകളില്‍ നിന്ന്‌ ശേഖരിച്ച നിക്ഷേപങ്ങളുടെ പലിശ, ഓഹരികളുടെയും മ്യൂച്വല്‍ ഫണ്ടുകളുടെയും ഇടപാടുകള്‍, ടിഡിഎസ്‌, വിദേശത്തേക്കുള്ള പണമയക്കൽ, വാടക വരുമാനം, ഭൂമിക്കച്ചവടം തുടങ്ങിയ വിവിധ വിവരങ്ങളാണ്‌ ആനുവല്‍ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റ്‌ വഴി ലഭ്യമാകുന്നത്‌. ഇത്‌ നികുതി ബാധ്യതയെ കുറിച്ച്‌ കൂടുതല്‍ വ്യക്തമായ ചിത്രം ഓരോ വ്യക്തിയ്ക്കും ലഭ്യമാകാന്‍ സഹായകമാണ്‌.

ജിഎസ്‌ടി വരുമാനം

മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജിഎസ്‌ടി വരുമാനത്തില്‍ ഗണ്യമായ വര്‍ധനയാണ്‌ ഉണ്ടായിട്ടുള്ളത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജിഎസ്‌ടി വരുമാനത്തില്‍ 12.73 ശതമാനവും അറ്റ പരോക്ഷ നികുതി വരുമാനത്തില്‍ 11.18 ശതമാനവും വര്‍ധനയാണുണ്ടായത്‌.

നടപ്പു സാമ്പത്തിക വര്‍ഷവും നികുതി പിരിവിലെ വര്‍ധന പ്രകടമാണ്‌. 2023 ഏപ്രിലില്‍ 1,87,035 കോടി രൂപയാണ്‌ ജിഎസ്‌ടി വരുമാനം. ഇത്‌ മുന്‍വര്‍ഷം സമാന കാലയളവില്‍ 1,67,540 കോടി രൂപയായിരുന്നു. മേയില്‍ 1,57,090 കോടി രൂപ (2022 മേയില്‍ 1,40,885 കോടി രൂപ) ജിഎസ്‌ടി ഇനത്തില്‍ പിരിക്കാന്‍ സാധിച്ചു.

economy10

ഉള്‍ക്കാഴ്‌ചയോടെയും ദീര്‍ഘവീക്ഷണത്തോടെയും നികുതി പിരിവ്‌ വര്‍ധിപ്പിക്കാനായി സ്വീകരിച്ച നടപടികള്‍ രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ സുപ്രധാന പദ്ധതികള്‍ക്ക്‌ പണം കണ്ടെത്താനുള്ള മാർഗം കൂടിയാണ്‌. ആധുനിക ഗതാഗത സൗകര്യങ്ങളും വിനിമയ ശൃംഖലകളും വികസിപ്പിക്കുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുമെന്ന്‌ മാത്രമല്ല, ആഗോള വിപണിയില്‍ ഇന്ത്യയുടെ മത്സരക്ഷമത മെച്ചപ്പെടുത്തുക കൂടി ചെയ്യും.

നികുതി പിരിവിലെ വര്‍ധന മൂലധന നിക്ഷേപം ഗണ്യമായി ഉയര്‍ത്താനുള്ള ആത്മവിശ്വാസമാണ്‌ സര്‍ക്കാരിന്‌ നല്‍കിയിരിക്കുന്നത്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷങ്ങള്‍ക്കിടെ സര്‍ക്കാരിന്റെ മൂലധന നിക്ഷേപത്തില്‍ 150 ശതമാനത്തിലേറെ വളര്‍ച്ചയാണുണ്ടായത്‌. 2020-21ല്‍ 5.4 ലക്ഷം കോടി രൂപയായിരുന്ന മൂലധന നിക്ഷേപം 2023-24ല്‍ 13.7 ലക്ഷം കോടി രൂപ (ബജറ്റിലെ വകയിരുത്തല്‍)യായി വര്‍ധിച്ചു. 2021-22ല്‍ 8.4 ലക്ഷം കോടി രൂപയും 2022-23ല്‍ 10.5 ലക്ഷം കോടി രൂപയുമായിരുന്നു സര്‍ക്കാരിന്റെ മൂലധന നിക്ഷേപം.

ദേശീയ സുരക്ഷയും വ്യാവസായിക വളർച്ചയും

നികുതി പിരിവ്‌ വര്‍ധിക്കുന്നതു വഴിയുള്ള വരുമാന വളര്‍ച്ച പ്രതിരോധം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ പൊതുമേഖലാ കമ്പനികള്‍ക്ക്‌ അധിക മൂലധനമായി വിനിയോഗിക്കാനും കഴിയുന്നു. ഈ മേഖലകളെ ശക്തിപ്പെടുത്തുന്നത്‌ ദേശീയ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും വ്യാവസായിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാണ്‌.

മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.15 ശതമാനം പ്രതിരോധ മേഖലയ്ക്ക്‌ വേണ്ടി ചെലവിടുന്ന ഇന്ത്യ ലോകത്ത്‌ സൈനിക ആവശ്യത്തിന്‌ ഏറ്റവും കൂടുതല്‍ പണം വിനിയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാണ്‌. എല്ലാ സൈനിക സേവന മേഖലകളുടെയും ആധുനികവല്‍ക്കരണത്തിനായി അടുത്ത അഞ്ച്‌-ആറ്‌ വര്‍ഷങ്ങളില്‍ 13,000 കോടി ഡോളറാണ്‌ കേന്ദ്രസര്‍ക്കാര്‍ ചെലവിടാനൊരുങ്ങുന്നത്‌. 2023-24 വര്‍ഷത്തെ ബജറ്റില്‍ പ്രതിരോധ മേഖലയ്‌ക്കായി 5.94 ലക്ഷം കോടി രൂപയാണ്‌ കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചത്‌. മുന്‍വര്‍ഷത്തേക്കാള്‍ 13 ശതമാനം കൂടുതലാണ്‌ ഇത്‌.

2025ഓടെ പ്രതിരോധ, എയ്‌റോസ്‌പേസ്‌ മേഖലകളിലെ ഉല്‍പ്പാദനം വഴി 1.75 ലക്ഷം കോടി രൂപ വിറ്റുവരവ്‌ കൈവരിക്കുകയാണ്‌ പ്രതിരോധ മന്ത്രാലയത്തിന്റെ ലക്ഷ്യം. 35,000 കോടി രൂപയുടെ കയറ്റുമതിയും ഇതില്‍ ഉള്‍പ്പെടും. പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനായി 2023 ഏപ്രില്‍ വരെ 369 കമ്പനികള്‍ക്കായി 606 വ്യാവസായിക ലൈസന്‍സുകളാണ്‌ അനുവദിച്ചത്‌.

ecoomy-market4

പ്രതിരോധ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന ഗണ്യമായ നിക്ഷേപവും ദ്രുതഗതിയിലുള്ള വികസനവുമാണ്‌ ഈ രംഗത്തെ കമ്പനികളുടെ ഓഹരികളില്‍ കുതിപ്പിന്‌ വഴിവെച്ചത്‌. ഭാരത്‌ ഡൈനാമിക്‌സ്‌, ഭാരത്‌ ഇലക്‌ട്രോണിക്‌സ്‌, കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡ്‌, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്‌, ഗാര്‍ഡന്‍ റീച്ച്‌ ഷിപ്‌ബില്‍ഡേഴ്‌സ്‌ & എന്‍ജിനീയറിങ്, മാസഗോണ്‍ ഡോക്‌ ഷിപ്പ്‌ ബില്‍ഡേഴ്‌സ്‌ തുടങ്ങിയ ഓഹരികളുടെ വില കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ 48 ശതമാനം മുതല്‍ 585 ശതമാനം വരെയാണ്‌ ഉയര്‍ന്നത്‌.

ഒരു രാജ്യത്തിന്റെ കരുത്ത്‌ അടിസ്ഥാനപരമായി അതിന്റെ ഖജനാവിനെയാണ്‌ ആശ്രയിച്ചിരിക്കുന്നത്‌. ഖജനാവില്‍ ചോര്‍ച്ച വീണ രാജ്യങ്ങള്‍ സാമ്പത്തികവും രാഷ്‌ട്രീയവുമായ അസ്ഥിരതക്കു വിധേയമാകുന്നത്‌ അസാധാരണമല്ല. ഖജനാവ്‌ ഭദ്രമാക്കുന്നതിന്‌ സുതാര്യവും സുസ്ഥിരവുമായ നികുതി പിരിവ്‌ ഒഴിച്ചുകൂടാനാകാത്തതാണ്‌.

നികുതി പിരിവ്‌ കാര്യക്ഷമാകുന്നതു വഴി ഖജനാവിന്‌ ലഭിക്കുന്ന കരുത്ത്‌ രാജ്യത്തിന്റെ സുരക്ഷയിലും ഗതാഗത സൗകര്യങ്ങളുടെ വികസനത്തിലും വ്യാവസായിക വളര്‍ച്ചയിലുമാണ്‌ പ്രതിഫലിക്കുന്നത്‌. സമീപ വര്‍ഷങ്ങളിലെ നികുതി പിരിവിന്റെയും സര്‍ക്കാരിന്റെ നിക്ഷേപങ്ങളുടെയും കണക്കുകള്‍ ഈ വസ്‌തുത സ്ഥിരീകരിക്കുന്നു.

ലേഖകൻ ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് 

English Summary : Different Tax Collection and Indian Economy's Growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com