ഫ്രീഡം എസ്ഐപി; സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള എളുപ്പവഴി
Mail This Article
സാമ്പത്തിക സ്വാതന്ത്ര്യം നേടുകയാണ് ഓരോ നിക്ഷേപകന്‍റെയും ലക്ഷ്യം. ആ ലക്ഷ്യം കൈവരിക്കാനായാൽ പിന്നെ വരുമാനത്തിനായി ജോലി ചെയ്യുകയോ പണത്തെക്കുറിച്ചോ ഓർത്ത് ആശങ്കപ്പെടുകയോ വേണ്ട. മാത്രമല്ല, ഏതു സ്വപ്നത്തെയും പിന്തുടരാൻ ഈ സ്വാതന്ത്ര്യം നമ്മെ പ്രാപ്തരാക്കുകയും ചെയ്യും. പക്ഷേ, ഭൂരിഭാഗം സാധാരണക്കാരും വിശ്വസിക്കുന്നത് ഇത്തരം സാമ്പത്തിക സ്വാതന്ത്ര്യം തങ്ങൾക്ക് അപ്രാപ്യമാണെന്നാണ്. എന്നാൽ, അച്ചടക്കത്തോടെയുള്ള നിക്ഷേപം സാധ്യമായാൽ സമ്പാദ്യം കെട്ടിപ്പടുക്കാനും വളരെ നേരത്തേ തന്നെ വിശ്രമജീവിതത്തിലേക്കു കടക്കാനും നിങ്ങൾക്കാവും. അതിനുതകുന്ന ഏറ്റവും ലളിതമായ വഴിയാണ് ഐസിഐസിഐ ഫ്രീഡം എസ്ഐപി.
എന്താണ് ഐസിഐസിഐ ഫ്രീഡം SIP?
ഫ്രീഡം എസ്‌ഐപി, പേര് സൂചിപ്പിക്കുന്നതുപോലെ ഇതും ഒരു എസ്‌ഐപി തന്നെയാണ്. അതായത്, മ്യൂച്വൽ ഫണ്ടിൽ മാസംതോറും നിക്ഷേപിക്കുന്ന രീതി. പക്ഷേ, കൂട്ടത്തിൽ രണ്ടു കാര്യങ്ങൾ ഉണ്ടെന്നു മാത്രം. കാലാവധിയും സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാനും (എസ്‌ഡബ്ല്യുപി). 8 മുതൽ 30 വർഷം വരെയാണ് ഫ്രീഡം എസ്ഐപിയുടെ കാലാവധി. ഓരോരുത്തർക്കും എസ്ഐപി ചെയ്യാൻ ആഗ്രഹിക്കുന്ന കാലാവധി തിരഞ്ഞെടുക്കാം. ഈ കാലാവധി കഴിഞ്ഞാൽ, നിശ്ചിത തുക എസ്‍ഡബ്ല്യുപിയായി ഓരോ മാസവും പിൻവലിക്കാം.
നിക്ഷേപ കാലയളവ് കൂടുന്തോറും എസ്‌ഡബ്ല്യുപിയിലൂടെ ലഭിക്കുന്ന തുകയും ഉയരും. ചുരുക്കിപ്പറഞ്ഞാൽ എസ്‌ഐപി കാലാവധിക്കു ശേഷം സ്ഥിരവരുമാനം നേടാനുള്ള അവസരമാണ് ഈ പ്ലാൻ നൽകുന്നത്. ഫ്രീഡം എസ്‌ഐപിക്ക് മൂന്നു ഘട്ടങ്ങളുണ്ട്, അതിൽ ആദ്യ ഘട്ടം എസ്ഐപി നിക്ഷേപത്തിന്‍റേതാണ്. നിക്ഷേപ കാലാവധി കഴിഞ്ഞാൽ തുക താരതമ്യേന റിസ്ക് കുറഞ്ഞ ഒരു സ്കീമിലേക്കു മാറ്റപ്പെടും. മൂന്നാം ഘട്ടമായി, പ്രതിമാസം എസ്‌ഡബ്ല്യു ആയി പിൻവലിക്കാം. ഓരോ നിക്ഷേപകനും അവനവനു താങ്ങാനാവുന്ന റിസ്ക്, നിക്ഷേപ കാലയളവ്, സാമ്പത്തിക ലക്ഷ്യങ്ങൾ അനുസരിച്ച് എസ്ഐപി ആരംഭിക്കേണ്ട ഫണ്ടുകൾ തിരഞ്ഞെടുക്കണം. നിക്ഷേപ കാലവധിക്കുശേഷം തുക ഏതു ഫണ്ടിലേക്കാണു മാറ്റേണ്ടതെന്നും തീരുമാനിക്കാം.
ഫ്രീഡം എസ്ഐപിയുടെ നേട്ടങ്ങൾ
നിക്ഷേപത്തിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാമെങ്കിലും, വിജയകരമായി ചെയ്യുന്നവർ വളരെ ചുരുക്കമാണ്. ഇവിടെയാണ് ഫ്രീഡം എസ്‌ഐപിയുടെ പ്രാധാന്യം.
1. അച്ചടക്കത്തോടെ ദീർഘകാല നിക്ഷേപം സാധ്യമാകുന്നു.
2. വിപണി ഇടിയുമ്പോൾ ഭയപ്പെട്ടു നിക്ഷേപം പിൻവലിക്കുന്നവരാണ് കൂടുതൽ പേരും. എന്നാൽ, ഇവിടെ കൃത്യം കാലയളവുള്ളതിനാൽ അത്തരം പിൻവലിക്കലിൽനിന്നു നിക്ഷേപകരെ ഒരു പരിധിവരെ തടയുന്നു.
3.കാലാവധി എത്തുമ്പോൾ നിക്ഷേപം പൂർണമായും പിൻവലിക്കുന്നത് എപ്പോഴും നല്ലതാകണമെന്നില്ല. ഇവിടെ എസ്‌ഡബ്ല്യുപി വഴി ആവശ്യമുള്ള പണം മാത്രം പിൻവലിക്കാം. ബാക്കി നിക്ഷേപമെന്ന നിലയിൽ വളരാൻ അനുവദിക്കുകയും ചെയ്യാം.
മനോരമ സമ്പാദ്യം സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറാണ് ലേഖകൻ
English Summary: ICICI Freedom SIP Mutual Fund Scheme