ADVERTISEMENT

ഇപ്പോഴത്തെ ചെറുപ്പക്കാർ പലരും സമ്പാദ്യവും, നിക്ഷേപവും നേരത്തെ തന്നെ തുടങ്ങി 40 കളിൽ  റിട്ടയർ ചെയ്യണമെന്ന ഉദ്ദേശത്തോടെ ജീവിക്കുന്നവരാണ്. എന്നാൽ ഒരു ജനറേഷൻ മുമ്പുള്ളവർ നിക്ഷേപത്തിനോ, സമ്പാദ്യത്തിനോ അത്ര പ്രാധാന്യം കൊടുത്തവരായിരുന്നില്ല. 45 വയസ്സായിട്ടും സമ്പാദ്യം ഒന്നുമില്ലാത്തവർക്ക് ഇനിയെങ്ങനെ സമ്പാദ്യം തുടങ്ങണമെന്നും അറിയില്ല. സമ്പാദ്യം തുടങ്ങാൻ പ്രായം ഒരു വിലങ്ങുതടിയല്ല. ഒരു ദിവസം മുൻപ് തുടങ്ങാനായാൽ നല്ലതു തന്നെ, എന്നാൽ വൈകിയാലും സമ്പാദ്യം തുടങ്ങിയില്ലല്ലോ എന്ന് ആലോചിക്കുന്ന ദിവസം തന്നെ നിക്ഷേപം  തുടങ്ങാം. 

വില കുത്തനെ ഇടിയുന്നു, സ്വര്‍ണത്തില്‍ നിന്ന് എങ്ങനെ കൂടുതൽ Read more ...

ബാങ്കിലെ സേവിങ്സ് നിക്ഷേപമല്ല 

സമ്പാദ്യം തുടങ്ങുബോൾ പലരും തെറ്റിദ്ധരിക്കുന്ന കാര്യമാണ് ബാങ്ക് എഫ് ഡി യിൽ പണമുണ്ടല്ലോ എന്നുള്ളത്. എന്നാൽ ബാങ്ക് എഫ് ഡിയിലെ പണം നിക്ഷേപമല്ല എന്ന് മനസ്സിലാക്കണം. പണപ്പെരുപ്പത്തെ മറികടന്നുള്ള ആദായം നൽകാൻ ബാങ്ക് എഫ് ഡി ക്കോ, റിക്കറിങ് ഡെപ്പോസിറ്റുകൾക്കോ ആകില്ല. ഇത് കൃത്യമായി മനസ്സിലാക്കാൻ ഓൺലൈൻ കാല്‍ക്കുലേറ്റർ ഉപയോഗിച്ചാൽ മതി. ബാങ്ക് എഫ് ഡിയിൽ നിന്നുള്ള പലിശ ലഭിക്കുന്നതിന് വർഷാവർഷം നികുതി കൂടി കൊടുക്കുമ്പോൾ പലരുടെ കാര്യത്തിലും അത് നെഗറ്റീവ് ഇൻകം ആയിരിക്കും നൽകുക. ഈ തിരിച്ചറിവ് 45 വയസ്സിൽ ഉണ്ടായാൽ പോലും മറ്റ് നിക്ഷേപ മാർഗങ്ങളിലൂടെ സമ്പത്ത് വളർത്താം. 

റിയൽ എസ്റ്റേറ്റോ ഓഹരി വിപണിയോ നല്ലത്

45 വയസ്സാകുമ്പോൾ സമ്പാദ്യത്തെക്കുറിച്ചും, നിക്ഷേപത്തെ കുറിച്ചും ഓർക്കുമ്പോൾ ഇപ്പോഴും സംശയമുണ്ടാകുന്ന കാര്യമാണ് റിയൽ സ്റ്റേറ്റിലോ ഓഹരി വിപണിയിലോ നിക്ഷേപിക്കണമെന്ന കാര്യം. റിയൽ എസ്റ്റേറ്റ് നിക്ഷേപം ഇന്ത്യയിലെ മഹാനഗരങ്ങളിലും, പട്ടണങ്ങളിലും സാധാരണക്കാരെ കൈപൊള്ളിക്കുന്ന അവസ്ഥയിലാണ്. ഇതുവരെയുള്ള സേവിങ്‌സും, പുതിയ വായ്‌പയെടുത്തതും, ബന്ധുക്കളുടെ കയ്യിൽ നിന്നും കടം വാങ്ങിയതുമെല്ലാമായി റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചാൽ പിന്നീട് ജീവിത ചെലവിന് വരെ പലർക്കും ഞെരുങ്ങേണ്ടതായി വരും. ഫ്ളാറ്റുകളാണെങ്കിൽ അതിന്റെ കൂടെ മെയിന്റനൻസ് ചെലവിന് 5000 രൂപ മുതൽ 10000 രൂപ വരെ വേറെയും. വിരമിക്കൽ സമയത്ത് വിറ്റൊഴിഞ്ഞു ബാധ്യത തീർത്ത് ഗ്രാമത്തിലേക്ക് കുടിയേറാം എന്ന് വിചാരിച്ചാലും വില്പനകൾ വേഗത്തിൽ ഉദ്ദേശിച്ച വിലയിൽ നടക്കില്ല. 45 വയസ്സിൽ നിക്ഷേപം വളർത്താൻ തുടങ്ങുമ്പോൾ അതിനാൽ ഓഹരി വിപണിയെ കൂട്ടുപിടിക്കുന്നതായിരിക്കും നല്ലത്. നേരിട്ട് ഓഹരിയിൽ നിക്ഷേപിക്കാനറിയില്ലെങ്കിൽ ചിട്ടയായ മ്യൂച്ചൽ ഫണ്ട് നിക്ഷേപം വഴി സമ്പത്ത് വളർത്താം. 

എത്ര വയസ്സിൽ നിക്ഷേപം പിൻവലിക്കാം?  

വൈകി തുടങ്ങുന്നതിനാൽ 20 വർഷമെങ്കിലും ചിട്ടയായി നിക്ഷേപിച്ചെങ്കിലേ ഉദ്ദേശിച്ച രീതിയിൽ സമ്പത്ത് വളർത്താനാകൂ. അതിനിടക്ക് മക്കളുടെ വിദ്യാഭ്യാസവും മറ്റ് ചെലവുകളും വരുന്നുണ്ടെങ്കിൽ അതിനായി സ്ഥിരമായി നിക്ഷേപിക്കുന്ന മ്യൂച്ചൽ ഫണ്ട് ആശ്രയിക്കാതെ വേറെ മാർഗങ്ങൾ  കണ്ടെത്തണം. എല്ലാവരും വിദേശത്ത് പോയി പഠിക്കുന്നതിനാൽ തങ്ങൾക്കും പോകണമെന്ന് മക്കൾ വാശി പിടിച്ചാൽ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അവരെ പറഞ്ഞു മനസ്സിലാക്കുന്നത് നല്ലതാണ്. അതല്ലെങ്കിൽ സ്വന്തമായി സ്കോളര്‍ഷിപ്പുകളോ, വിദ്യാഭ്യാസ വായ്പകളോ എടുത്ത് സ്വന്തം പഠനകാര്യം നടത്തി കൊണ്ടുപോകാൻ മക്കളെ പ്രാപ്തരാക്കണം.

Photo:Shutterstock/Mehaniq
Photo:Shutterstock/Mehaniq

22,000 രൂപ വരുമാനം, വീട് അടക്കമുള്ള ലക്ഷ്യങ്ങൾക്ക് എങ്ങനെ പണം സമാഹരിക്കാം? Read more ...

എത്ര കുറഞ്ഞ തുകയായാലും എന്തെങ്കിലും ജോലികൾ ചെയ്തു പൈസ സമ്പാദിക്കാനും മക്കളെ ഒരുക്കാൻ മടിക്കരുത്. പല വിദേശ രാജ്യങ്ങളിലും മുമ്പത്തേക്കാൾ കാര്യങ്ങൾ ചെലവേറിയതായതിനാൽ വീടോ, പറമ്പ് വിറ്റോ , നിലവിലുള്ള മ്യൂച്ചൽ ഫണ്ടുകൾ എല്ലാം വിറ്റോ, മുഴുവൻ സമ്പാദ്യം പിൻവലിച്ചോ മക്കളെ വിദേശത്ത് പഠിക്കാൻ വിടുന്ന പ്രവണത സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കിയേക്കാം. 45 വയസ്സിലെ നിക്ഷേപം 65 ൽ മാത്രമേ പിൻവലിക്കുകയുള്ളൂ എന്ന ദൃഢനിശ്ചയം എടുത്താലേ വിചാരിച്ച  രീതിയിൽ വാർധക്യകാലം ആരെയും ആശ്രയിക്കാതെ കഴിയാനാകൂ. 

നിക്ഷേപം ഓരോ വർഷവും കൂട്ടണം

വൈകി നിക്ഷേപം ആരംഭിക്കുന്നതിനാൽ ആരോഗ്യ ഇൻഷുറൻസ്, ടേം ഇൻഷുറൻസ് എന്നിവ എടുക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യരുത്. സമ്പാദ്യം തുടങ്ങിയതിനു ശേഷം ശമ്പളം വർധിക്കുമ്പോൾ അതിനനുസരിച്ച് നിക്ഷേപം ഓരോ വർഷവും കൂട്ടാനും മറക്കരുത്. മാസാമാസം  20000 രൂപ 20 വർഷത്തേക്ക് അടച്ചുപോയാൽ 15 ശതമാനം വാർഷിക ആദായം ലഭിക്കുകയാണെങ്കിൽ പോലും 3 കോടി രൂപ സമ്പാദിക്കാനാകും. സാധാരണ രീതിയിൽ മറ്റ് നിക്ഷേപക മാർഗങ്ങളെ അപേക്ഷിച്ച് ഇത്രയും തുക നൽകാൻ സഹായിക്കുന്ന ഡയറക്റ്റ്, ഗ്രോത്ത് മ്യൂച്ചൽ ഫണ്ടുകൾ തിരഞ്ഞെടുക്കുക. നിക്ഷേപം തുടങ്ങിയാൽ മാത്രം പോരാ, പിൻവലിക്കാതെ 20 വർഷവും അടച്ചു കൊണ്ടിരിക്കാനും ശ്രദ്ധിക്കണം.

English Summary: How To Plan Your Investments in Middle Age

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com