ADVERTISEMENT

ജീവിതത്തിൽ സാമ്പത്തികമായി മെച്ചപ്പെടണമെന്ന് ആഗ്രഹമില്ലാത്തവര്‍ ആരുമുണ്ടാകില്ല. എന്നാൽ സമ്പത്തിനോടു നിയതമായ ആഭിമുഖ്യവും മനോഭാവവും വച്ചുപുലർത്തുന്നവർ വിരളമാണ്. പണത്തോടുള്ള മനുഷ്യന്റെ സമീപനത്തിൽ കൗതുകകരമായ ചില മനോഭാവങ്ങൾ ദർശിക്കാനാവും. 

പണം തിന്മയായി കരുതുന്നവർ

പണമാണ് എല്ലാ പ്രശ്നത്തിനും കാരണമെന്നും അതു തിന്മയെ വളർത്തുമെന്നും ഇവർ വാദിക്കുന്നു. ചെറിയ വരുമാനക്കാരും ചെറിയ സാമ്പത്തികസ്ഥിതിയിൽനിന്നു വന്നവരും സ്വാർഥരുമാണ് ഇക്കൂട്ടർ. അധ്വാനിക്കുവാനോ സമ്പാദിക്കുവാനോ മടിയുള്ളവരും യാതൊരു ദാനധർമത്തിനും മുതിരാത്തവരുമാണിവർ. പണമുണ്ടാക്കാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ടവരും ഇവരിലുണ്ട്. തങ്ങൾ മാത്രം സന്മാർഗരീതിയിൽ ജീവിക്കുന്നു എന്നും ബാക്കിയെല്ലാവരും പണമുണ്ടാക്കുന്ന രീതി ശരിയല്ല എന്നും ഇവർ കരുതുകയും പ്രചരിപ്പിക്കുകയും ചെയ്യും. 

പണത്തെ ആരാധിക്കുന്നവർ

പണമുണ്ടെങ്കിൽ എന്തും വിലയ്ക്കു വാങ്ങാമെന്നു ചിന്തിക്കുന്ന ഇവരിൽ ചിലർ പെട്ടെന്നു ധനികരായി മാറിയവരാകാം. പണം പെട്ടെന്നു നഷ്ടമായവരും ഇക്കൂട്ടത്തിലുണ്ട്. തങ്ങളുടെ എല്ലാ നഷ്ടങ്ങൾക്കും ഇവർ മറ്റുള്ളവരെ പഴിചാരുന്നു. പണമെറിഞ്ഞു പണം വാരുന്നവരും കമിഴ്ന്നു വീണാലും കാൽപ്പണം വാരുന്നവരും ആണിവർ. ഇടയ്ക്കിടയ്ക്ക് തങ്ങളുടെ സമ്പാദ്യവും പണവും എണ്ണി കണക്കു നോക്കിയും താക്കോൽ വച്ചിടത്തുതന്നെയുണ്ടോ എന്നും പരതുന്ന ഇവർ പണത്തിൽ സായൂജ്യമടയുന്നു. 

family

പണം പ്രദർശിപ്പിക്കുന്നവർ

പണത്തെ പൊങ്ങച്ചത്തിനുപയോഗിക്കുന്നവരുമുണ്ട്. പൊതുവെ ആത്മവിശ്വാസം നഷ്ടപ്പെട്ട ഇക്കൂട്ടർ പൊങ്ങച്ചം സംസാരിക്കുന്നവരും പണക്കാരുമായി മാത്രം കൂട്ടുകൂടുന്നവരുമാണ്. പണക്കാരോടു മാത്രമേ കൂട്ടുകൂടുകയുള്ളു. വിലയുള്ള വസ്തുക്കളെ ചേർത്തുപിടിച്ച് സെൽഫി എടുക്കുന്നവർ. പൊതുവേ, പ്രദർശനമനോഭാവം പ്രകടമാക്കുന്ന ഇക്കൂട്ടർക്കു പണമില്ലാത്തവരോടു പുച്ഛവുമാണ്. 

പണത്തെപറ്റി ജാഗരണപ്പെടുന്നവർ

 ഇക്കൂട്ടർ പണത്തെക്കുറിച്ച് എപ്പോഴും അസ്വസ്ഥതയുള്ളവരായിരിക്കും. മറ്റുള്ളവരുടെയൊക്കെ കൈവശം ധാരാളം പണമുണ്ടെന്നും തനിക്കുമാത്രം ഒന്നുമില്ലെന്നും ചിന്തിച്ച് അവശരാവുന്നവർ. പണമിടപാടുകൾ സ്വന്തം ജീവിതപങ്കാളിയിൽനിന്നുപോലും മറച്ചുവയ്ക്കുന്നവർ. കുട്ടിക്കാലത്ത് വലിയ സാമ്പത്തികബുദ്ധിമുട്ടു നേരിട്ടവരാണിവർ. എന്നാൽ മറ്റുള്ളവരോടു സംസാരിക്കുമ്പോൾ പണം തനിക്ക് ഒരു പ്രശ്നമേയല്ല എന്നാണു ഭാവം. പണസംബന്ധമായി പിരിമുറുക്കം അനുഭവിക്കുന്ന ഇവർ ബന്ധങ്ങളിൽപോലും പണത്തിന്റെ കണക്ക് നിരത്തി മാത്രമായിരിക്കും സംസാരിക്കുന്നത്. 

പണം സൃഷ്ടിപരമാക്കുന്നവർ

money-tree3

 ഈ വിവേകപൂർണമായ സമീപനമുള്ളവർ പണത്തെ സൃഷ്ടിപരമായികണ്ട് ക്രിയാത്മകമായി പരിപാലിക്കുകയും വളർത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. തങ്ങളിൽ അന്തർലീനമായിരിക്കുന്ന മനുഷ്യവിഭവശേഷി ഉപയോഗിച്ച് ന്യായമായ രീതിയിൽ സമ്പത്ത് നേടിയെടുക്കുന്നതിന് ഇവർ ഉത്സുകരായിരിക്കും. 

ഇതിൽ ഓരോ വിഭാഗത്തിലും പെടുന്ന മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കാതെ സ്വയം ഞാൻ ഏതിൽപെടുന്നു എന്നു ചിന്തിക്കുന്നതാണ് അഭികാമ്യമായിട്ടുള്ളത്. 

ധനസമാഹരണവും വിനിയോഗവും

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ജോൺ മെയ്നാർഡ് കെയിൻസിന്റെ പണത്തെക്കുറിച്ചുള്ള പൊതുസിദ്ധാന്തത്തിൽ  പണത്തിന്റെ ആവശ്യകതയെ മൂന്നുതരത്തിലായാണു തരംതിരിച്ചിരിക്കുന്നത്. 

money-tree2

  1. പണം ഒരു  വിനിമയ മാർഗമാണ്. ജീവിതത്തിന്റെ ദൈനംദിനാവശ്യങ്ങൾക്ക് പണം ആവശ്യമാണ്. അതിനാൽ അത്യാവശ്യകാര്യങ്ങൾക്ക് കൈവശം കുറച്ചു പണമുണ്ടാവുക അത്യന്താപേഷിതമാണ്. അടുക്കളച്ചെലവ്, യാത്രച്ചെലവ്, മരുന്ന്, വിനോദം തുടങ്ങിയവ ഇവയിൽപെടുന്നു. 

  2. പണത്തിന്റെ ആവശ്യകത ഒരു കരുതൽ ശേഖരം എന്ന നിലയിലാണ്. അവിചാരിതമായി സംഭവിച്ചേക്കാവുന്ന ചെലവുകൾ, ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ചെലവുകൾ മുൻകൂട്ടി കണ്ടെത്താനാവും. 

  3. ഭാവിയിൽ ലഭ്യമാവാൻ പോവുന്ന പണത്തിനായി ഇന്നേ നിക്ഷേപിക്കുന്നതാണ്. ബിസിനസ് സംരംഭങ്ങളും നിക്ഷേപങ്ങളും ഇവയിൽപെടുന്നു. പണം ഉപയോഗിച്ചു പണമുണ്ടാക്കുക എന്ന അവസ്ഥയിൽ പണം ഒരു വ്യവഹാരവസ്തുവായി മാറുന്നു. 

finance

വിവേകപരമായ ആസൂത്രണം

ധനവകുപ്പ് കൈകാര്യം ചെയ്യേണ്ട മന്ത്രി മുതൽ അടുക്കള മാനേജ്ചെയ്യുന്ന വീട്ടമ്മവരെ ശരിയായ ധനവിനിയോഗം അറിയേണ്ടത് അനിവാര്യമാണ്. പണം സുരക്ഷിതത്വം തരുമെങ്കിലും പണം മാത്രമുള്ളവൻ ഏറ്റവും വലിയ നിർധനനാണ്. സമ്പത്തിന്റെ പരോത്മുഖതയും സാമൂഹികമാനവും മനസ്സിലാക്കി സമ്പത്തു സൃഷ്ടിക്കുക, പരിപാലിക്കുക, വളർത്തുക, കൈമാറ്റം ചെയ്യുക എന്നതാണു സൃഷ്ടിപരമായിട്ടുള്ളത്. അതിന് ഇപ്പോഴുള്ള പ്രവർത്തനമേഖലയോട് ആത്മാർഥമായ അഭിനിവേശവും പ്രതിബദ്ധതയും ഉണ്ടാകണം. അതോടൊപ്പം കൂടുതൽ മെച്ചപ്പെട്ട അവസ്ഥയ്ക്കായുള്ള പരിശ്രമവും തുടരണം. കൃത്യമായ പടവുകൾ അറിയുന്നതു സഹായകരമായിരിക്കും

money-tree

∙സാമ്പത്തികലക്ഷ്യങ്ങൾ നിജപ്പെടുത്തുക, 

∙നൂതനസാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തുക, 

∙വരവു ചെലവു മനസ്സിലാക്കുക, 

∙ആവശ്യങ്ങളും ആഗ്രഹങ്ങളും വേർതിരിക്കുക, 

∙ബജറ്റ് ക്ലിപ്തപ്പെടുത്തുക, 

∙പദ്ധതികൾ പ്രവർത്തിപഥത്തിലേക്കു കൊണ്ടുവരിക, 

∙താൽക്കാലിക ചെലവുകൾ പരിമിതപ്പെടുത്തുക, 

∙ഭാവിയിലേക്കു കരുതുക.

ഇവയൊക്കെ കൃത്യമായി പാലിക്കാൻ സാധിക്കുമോ എന്നു ചോദിച്ചാൽ ഉത്തരം കാർന്നോന്മാർ പറഞ്ഞുവച്ചിട്ടുണ്ട്. വിവരമുള്ളവർ മറ്റുള്ളവരുടെ അനുഭവം കണ്ടുപഠിക്കും, അല്ലാത്തവർ കൊണ്ടു പഠിക്കും.

English Summary:

Know the Money Related Problems and Solve Them

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com