ഇത്തവണ വോട്ട് ഓൺ അക്കൗണ്ടോ അതോ ഇടക്കാല ബജറ്റോ?
Mail This Article
ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവരുടെ ആറാമത്തെ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുകയാണ്. പതിനെട്ടാം ലോക് സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് ഏപ്രിൽ–മേയ് മാസങ്ങളിലായി നടക്കുന്നതിനാൽ വോട്ട് ഓൺ അക്കൗണ്ടോ ഇടക്കാല ബജറ്റോ അവതരിപ്പിക്കുന്നതിനാണ് സാധ്യത. കാര്യമായ പ്രഖ്യാപനങ്ങളൊന്നുമില്ലാത്ത വോട്ട് ഓൺ അക്കൗണ്ടാണ് അവതരിപ്പിക്കുകയെന്നു ധനമന്ത്രി പറയുന്നുണ്ടെങ്കിലും പൊതുതിരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഇടക്കാല ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നു മാധ്യമവാർത്തകളിൽനിന്നു വ്യക്തമാകുന്നു.
സാമ്പത്തികവർഷത്തിന്റെ ആരംഭത്തിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുമ്പോൾ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നതു നിയമപരമായി യാതൊരു പ്രതിബന്ധവും ഇല്ലെങ്കിലും ഭരണം വിട്ടുപോകുന്ന ഒരു സർക്കാർ തന്റെ പിൻഗാമിക്കുവേണ്ടി ബജറ്റവതരിപ്പിക്കുന്നത് ധാർമികതയുടെയും ജനാധിപത്യമൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ അനുചിതമാണ്. പ്രവൃത്തിഭാരം കൂടുമെങ്കിലും ഉദ്യോഗസ്ഥ സമൂഹവും തിരഞ്ഞെടുപ്പുവർഷത്തിൽ വോട്ട് ഓൺ അക്കൗണ്ടിനെയാണ് അനുകൂലിക്കുന്നത്. തിരഞ്ഞെടുപ്പിനു മുൻപ് ഒരു സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നത് മുഴുവൻ ഉദ്യമങ്ങളെയും പരിഹാസ്യമാക്കുകയാണു ചെയ്യുന്നതെന്ന് അനുഭവത്തിൽനിന്ന് അവർ മനസ്സിലാക്കിയിട്ടുണ്ട്. സാമ്പത്തികനയവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ അവഗണിക്കപ്പെടുകയും ജനപ്രീണന രാഷ്ട്രീയം ഇത്തരം ബജറ്റിന്റെ ഗതി നിർണയിക്കുകയും ചെയ്യുന്നു. സമ്പദ്ഘടനയ്ക്ക് അതുണ്ടാക്കുന്ന നഷ്ടം വലുതായിരിക്കും. തിരഞ്ഞെടുപ്പിനുശേഷം പുതിയതായി അധികാരത്തിൽ വരുന്ന സർക്കാർ അവരുടെ നയങ്ങൾക്കും പ്രഖ്യാപനങ്ങൾക്കും അനുസൃതമായി മറ്റൊരു സമ്പൂർണ ബജറ്റ് തയാറാക്കി അവതരിപ്പിച്ച് പാസാക്കി നടപ്പിലാക്കുന്നു. അതോടെ ആദ്യബജറ്റ് മൺമറഞ്ഞുപോകുന്നു. ഇതുകൊണ്ടാണ് സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തിരഞ്ഞെടുപ്പു വരുമ്പോൾ സമ്പൂർണ ബജറ്റിനു പകരം വോട്ട് ഓൺ അക്കൗണ്ടോ ഇടക്കാല ബജറ്റോ അവതരിപ്പിക്കുന്നതാണ് നല്ലതെന്നു പറയുന്നത്.
വോട്ട് ഓൺ അക്കൗണ്ടും ഇടക്കാല ബജറ്റും
പലരും കരുതുന്നതുപോലെ ഇടക്കാല ബജറ്റും വോട്ട് ഓൺ അക്കൗണ്ടും ഒന്നല്ല, രണ്ടാണ്. വോട്ട് ഓൺ അക്കൗണ്ട് ചെലവുവശം മാത്രമാണ് കൈകാര്യം ചെയ്യുന്നതെങ്കിൽ ഇടക്കാല ബജറ്റ് ചെലവും വരുമാനവും ഉൾക്കൊള്ളുന്ന കണക്കുകളുടെ സംയുക്തമാണ്.
സർക്കാരിന്റെ ചെലവുകൾക്കുവേണ്ട പണം നിശ്ചിതകാലത്തേക്കു സഞ്ചിതനിധിയിൽനിന്നു പിൻവലിച്ചു ചെലവഴിക്കുന്നതിന് പാർലമെന്റിന്റെ അനുമതി തേടി അവതരിപ്പിക്കുന്നതാണ് വോട്ട് ഓൺ അക്കൗണ്ട്. സാധാരണയായി ഇതു രണ്ടു മാസംമുതൽ നാലു മാസംവരെയുള്ള കാലത്തേക്കാണ് അവതരിപ്പിച്ചു പാസാക്കുന്നത്. ആറു മാസത്തിലൊരിക്കൽ പാർലമെന്റ് കൂടേണ്ടതിനാൽ ഒരുകാരണവശാലും ആറുമാസത്തിൽ കൂടുതൽ കാലത്തേക്ക് വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിക്കാൻ പാടുള്ളതല്ല. അതിൽ ക്ഷേമപരിപാടികളോ, നികുതി പ്രഖ്യാപനങ്ങളോ, നികുതിയിളവുകളോ ഉണ്ടായിരിക്കുന്നതല്ല.
ഇടക്കാല ബജറ്റ്
പരിവർത്തന ഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു ഭരണകൂടത്തിന്റെ ഭാഗികമായ ബജറ്റാണ് ഇടക്കാലബജറ്റ്. ഒരു സമ്പൂർണ ബജറ്റിനോടു സാമ്യമുള്ള ധനകാര്യ പ്രസ്താവനകളാണ് ഇടക്കാല ബജറ്റിലുണ്ടായിരിക്കുക. ഇടക്കാല ബജറ്റിൽ ചെറിയതോതിലുള്ള ക്ഷേമപരിപാടികളും നികുതിയിളവുകളും മറ്റും ഉണ്ടാവാം. ഭരണഘടനാപരമായി നിലവിലെ സർക്കാരിന് നികുതിഘടനയിൽ മാറ്റം വരുത്തുന്നതിനും ക്ഷേമപരിപാടികൾ പ്രഖ്യാപിക്കുന്നതിനും വിലക്കുകളൊന്നുമില്ലെങ്കിലും സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട പതിന്നാലു വോട്ട് ഓൺ അക്കൗണ്ട് / ഇടക്കാല ബജറ്റുകളിൽ മിക്കതിലും വലിയതോതിലുള്ള നികുതിമാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതിനു കാരണം തങ്ങൾ ഏതാനും മാസത്തേക്കു മാത്രമുള്ള ഖജനാവിന്റെ സൂക്ഷിപ്പുകാർ മാത്രമാണെന്ന ഭരിച്ചിരുന്നവരുടെ ജനാധിപത്യബോധമാവാം.
ഇതുകൊണ്ടെല്ലാം ഇടക്കാല ബജറ്റിൽ സർക്കാരിന്റെ ഒഴിവാക്കാൻ പറ്റാത്ത പ്രവർത്തനങ്ങൾക്കും അടിയന്തിരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിപാടികൾക്കുമാണ് കാര്യമായി പണം അനുവദിച്ചു ചെലവഴിക്കുന്നത്. കാര്യമായി സാമ്പത്തിക ബാധ്യതകൾ വരുത്തുന്ന പുതിയ നയങ്ങളോ പരിപാടികളോ ഇടക്കാല ബജറ്റിൽ പ്രഖ്യാപിക്കാറില്ല. തിരഞ്ഞെടുപ്പിനുശേഷം പുതിയ സർക്കാർ അധികാരമേറ്റ് പുതിയ ബജറ്റ് അവതരിപ്പിച്ചു പാസാക്കുന്നതു വരെയുള്ള ഹ്രസ്വകാല ചെലവുകൾ മുന്നോട്ടു കൊണ്ടുപോകുന്നതിനാണിത് അവതരിപ്പിക്കുന്നത്.
സാധാരണ ബജറ്റിനു രണ്ടു ഭാഗങ്ങളുണ്ടായിരിക്കും. മുൻവർഷത്തെ വരുമാനവും ചെലവും കാണിക്കുന്ന ഒന്നാം ഭാഗവും വരും വർഷത്തേക്കുള്ള ചെലവും വരുമാനവും കാണിക്കുന്ന രണ്ടാം ഭാഗവും. എന്നാൽ ഇടക്കാല ബജറ്റിൽ ആദ്യഭാഗം അതേപടി ഉണ്ടായിരിക്കുമെങ്കിലും രണ്ടാം ഭാഗത്തിൽ തിരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെയുള്ള അടിസ്ഥാന ചെലവുകളുടെ രേഖ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. സാധാരണ ബജറ്റിനു മുൻപ് അവതരിപ്പിക്കുന്ന സാമ്പത്തിക സർവേയും ബജറ്റ് പ്രസംഗത്തോടൊപ്പം വയ്ക്കുന്ന ബജറ്റ് രേഖകളും ഇടക്കാല ബജറ്റിനൊപ്പം ഉണ്ടായിരിക്കില്ല.
ധനമന്ത്രി നിർമല സീതാരാമൻ ഈ വരുന്ന ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻപോകുന്നത് സ്വതന്ത്ര ഇന്ത്യയിലെ പതിനഞ്ചാം ഇടക്കാല ബജറ്റായിരിക്കും.
ധനമന്ത്രിയുടെ പ്രസംഗം
വോട്ട് ഓൺ അക്കൗണ്ട് / ഇടക്കാല ബജറ്റ് പാർലമെന്റിന്റെ അംഗീകാരത്തിനായി വയ്ക്കുന്നതോടൊപ്പം ധനമന്ത്രി നടത്തുന്ന പ്രസംഗം വളരെ പ്രധാനപ്പെട്ടതാണ്. ഗവൺമെന്റിന്റെ അതുവരെയുള്ള നേട്ടങ്ങൾ അക്കമിട്ട് അവതരിപ്പിക്കാൻ ധനമന്ത്രി ശ്രമിക്കും. സമ്പദ്ഘടന സംബന്ധിച്ച ധനമന്ത്രിയുടെ വിലയിരുത്തലുകളും പ്രതീക്ഷകളും ആശങ്കകളുമെല്ലാം ഇതിൽ പ്രതിഫലിപ്പിക്കും. തങ്ങൾ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ ഈ പ്രസംഗത്തിൽ സൂചിപ്പിക്കുന്നതിൽ തെറ്റില്ല. 1991ൽ ചന്ദ്രശേഖർ ഗവൺമെന്റിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചുകൊണ്ട് അന്നത്തെ ധനമന്ത്രി യശ്വന്ത് സിൻഹ പറഞ്ഞത് തങ്ങൾ തിരഞ്ഞെടുപ്പിനുശേഷം അധികാരത്തിൽ തിരിച്ചെത്തുകയാണെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുമെന്നാണ്. അവർ തിരിച്ചുവന്നില്ലെങ്കിലും പുതുതായി അധികാരത്തിൽവന്ന നരസിംഹറാവു സർക്കാർ ധനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ കാർമികത്വത്തിൽ സിൻഹയുടെ സ്വപ്നം യാഥാർഥ്യമാക്കി. 2014ൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ച അന്നത്തെ ധനമന്ത്രി പി.ചിദംബരം ‘ഒരു റാങ്ക് ഒരു പെൻഷൻ’ പദ്ധതി പ്രഖ്യാപിച്ചു. എന്നാൽ അതു നടപ്പിലാക്കിയത് തിരഞ്ഞെടുപ്പിനുശേഷം അധികാരത്തിൽവന്ന നരേന്ദ്രമോദി സർക്കാരാണ്.
ഇടക്കാല ബജറ്റിലെ ചില മുൻകാല അനുഭവങ്ങൾ
ഇടക്കാല ബജറ്റിൽ നമ്മുടെ ചില മുൻമന്ത്രിമാർ ചെയ്തത് എന്തെന്നു ഹ്രസ്വമായി പരിശോധിക്കാം.
ഒന്നാം എൻഡിഎ സർക്കാരിന്റെ കാലത്ത് 2004ലെ ഇടക്കാല ബജറ്റിൽ അന്നത്തെ ധനമന്ത്രി ജസ്വന്ത്‌സിങ് ‘അന്ത്യോദയ അന്നയോജന’ പദ്ധതിയിലെ ഗുണഭോക്താക്കളുടെ എണ്ണം ഒന്നരക്കോടിയിൽനിന്നു രണ്ടുകോടിയായി ഉയർത്തുകയും കർഷകർക്കുള്ള ഇൻഷുറൻസ് പദ്ധതി ഇരുപതു ജില്ലകളിൽനിന്നു നൂറു ജില്ലകളിലേക്കു വ്യാപിപ്പിക്കുകയും ചെയ്തു. ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനു മുൻപു ചില പരോക്ഷനികുതികളിൽ കുറവു വരുത്തുകയും ചെയ്തിരിക്കുന്നു.
2009ൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചുകൊണ്ട് അന്നത്തെ ധനമന്ത്രി പ്രണബ് കുമാർ മുഖർജി എക്ലൈസ് തീരുവകളിൽ ഇളവു വരുത്തുകയും സേവനനികുതിനിരക്കുകളിൽ രണ്ടു ശതമാനം കുറവു വരുത്തുകയും ചെയ്തു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം കണക്കിലെടുത്ത് ഭരണ–പ്രതിപക്ഷ എംപിമാരുടെ ആവശ്യപ്രകാരം ബജറ്റ് ചർച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ടാണ് ഈ കുറവുകൾ വരുത്തിയത്. കൂടാതെ പലിശ ധനസഹായപദ്ധതികളുടെ കാലാവധി നീട്ടുകയും െചയ്തു. രാജ്യരക്ഷാ ചെലവിൽ വർധനവു വരുത്തുകയും ചെയ്തു.
2014ലെ ഇടക്കാല ബജറ്റിൽ അന്നത്തെ ധനമന്ത്രി പി.ചിദംബരം ‘ഒരു റാങ്ക് ഒരു പെൻഷൻ’ പദ്ധതി പ്രഖ്യാപിച്ചതിനു പുറമെ വാഹനമേഖലയ്ക്കുവേണ്ടി കേന്ദ്ര എക്സൈസ് തീരുവയിൽ ചില ഇളവുകൾ വരുത്തുകയും ചെയ്തു.
മുൻകാല ഇടക്കാല ബജറ്റുകളിൽനിന്നു കുറച്ചുകൂടി ഭിന്നമായി തിരഞ്ഞെടുപ്പിൽ കണ്ണുനട്ടുകൊണ്ട് 2019ലെ ഇടക്കാല ബജറ്റിൽ പീയുഷ് ഗോയൽ ചില ജനപ്രിയ പ്രഖ്യാപനങ്ങൾ വരുത്തുകയുണ്ടായി. അഞ്ചുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതിയിൽനിന്ന് ഒഴിവാക്കി. ശമ്പളവരുമാനക്കാർക്കുള്ള സ്റ്റാന്റേഡ് ഡിഡക്‌ഷൻ 40,000 രൂപയിൽനിന്ന് 50,000 രൂപയാക്കി ഉയർത്തി. കർഷകർക്ക് 6,000 രൂപ നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻപദ്ധതി, പശുസംരക്ഷണത്തിനുള്ള രാഷ്ട്രീയ കാമധേനു ആയോഗ് തുടങ്ങിയവയാണ് മറ്റു പ്രധാന പ്രഖ്യാപനങ്ങൾ. പ്രതിരോധ മേഖലയ്ക്കു മൂന്നു ലക്ഷം കോടിയും റെയിൽവേക്ക് 64,587 കോടി രൂപയും വകയിരുത്തി.
നിർമല സീതാരാമൻ എന്തു ചെയ്യും?
തന്റേതു വലിയ പ്രഖ്യാപനങ്ങളൊന്നുമില്ലാത്ത ഒരു വോട്ട് ഓൺ അക്കൗണ്ട് ആയിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും അവർ അവതരിപ്പിക്കുക തന്റെ മുൻഗാമിയെപ്പോലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു ഇടക്കാല ബജറ്റായിരിക്കും.
സ്ത്രീവോട്ടർമാരെ സ്വാധീനിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കാം. പ്രധാൻമന്ത്രി കിസാൻ സമ്മാൻ പദ്ധതിയിൽപെടുന്ന വനിതാ കർഷകർക്ക് ഇന്നു നൽകുന്ന 6,000 രൂപ 12,000 രൂപയായി ഉയർത്തുന്നതിനു സാധ്യതയുണ്ട്.
ആദായനികുതി നിയമത്തിലെ 80ഡി പ്രകാരമുള്ള മെഡിക്കൽ ഇൻഷുറൻസ് പ്രീമിയത്തിന്റെ പരിധി 25,000 രൂപയിൽനിന്ന് 50,000 രൂപയായും മുതിർന്ന പൗരന്മാരുടേത് 50,000 രൂപയിൽനിന്ന് 75,000 രൂപയായും ഉയർത്തുന്നത് ഇന്നത്തെ ചുറ്റുപാടിൽ പരിഗണിക്കപ്പെടേണ്ടതാണ്.
മൂലധനനേട്ട നികുതിയുടെ ഘടന വളരെ സങ്കീർണമാണ്. അത് പരിഹരിക്കുന്നതിനു ധനമന്ത്രി ശ്രമിച്ചേക്കും. പുതിയ നികുതി സ്ലാബ് സ്വീകരിക്കുന്നവർക്കു ഭവനവായ്പയിൽ ചില ഇളവുകൾ പ്രഖ്യാപിക്കേണ്ടതാണ്.
നാടപ്പു സാമ്പത്തികവർഷം ഇന്ത്യയുടെ ജിഡിപി 7.3 ശതമാനമെന്ന മെച്ചപ്പെട്ട വളർച്ച പ്രതീക്ഷിക്കുമ്പോൾത്തന്നെ കാർഷികമേഖലയുടെ വളർച്ച 1.8 ശതമാനവും സ്വകാര്യ അന്തിമ ഉപഭോഗച്ചെലവിൽ 4.4 ശതമാനം വളർച്ചയുമാണ് അനുമാനിക്കുന്നത്. ഗാർഹിക ഉപഭോഗത്തിൽ കഴിഞ്ഞ രണ്ടു ദശകത്തിലെ താഴ്ന്ന വളർച്ചയാണു കാണിക്കുന്നത്. ഗ്രാമീണ മേഖലയിലെ തൊഴിലിലും വരുമാനത്തിലുമുണ്ടായ നിശ്ചലാവസ്ഥയാണ് ഇതിനു കാരണം. അതിനാൽ ഗാർഹിക ഉപഭോഗം കൂടുന്നതിനും കാർഷിക മേഖലയ്ക്ക് ശക്തി പകരുന്നതിനുമുള്ള നടപടികൾ ഈ ബജറ്റിൽ പ്രതീക്ഷിക്കാം.
ലേഖകൻ സാമ്പത്തിക വിദഗ്ധനാണ് അഭിപ്രായങ്ങൾ വ്യക്തിപരം