ഒരു കോടി കുടുംബങ്ങള്‍ക്ക് മാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി
Mail This Article
സ്വന്തം വീടിന്റെ ആവശ്യത്തിനായി മാസം 300 യൂണിറ്റ് വൈദ്യുതി ഒരു കോടി കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്നതാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഈ ബജറ്റില്‍ നടത്തിയിരിക്കുന്ന ഏറ്റവും വലിയ പ്രഖ്യാപനങ്ങളില്‍ ഒന്ന്. പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ ആയിരിക്കും ഇതു യാഥാര്‍ത്ഥ്യമാക്കുക.
ഇതുവഴി ഒരു കോടി കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 15000-18000 രൂപയുടെ ലാഭം ഉണ്ടാകും എന്നാണ് ബജറ്റ് പറയുന്നത്. എന്നു മാത്രമല്ല അധിക വൈദ്യുതി ഉല്‍പ്പാദിപ്പിച്ചാല്‍ വിറ്റു പണം നേടാനും വൈദ്യുതി വാഹനം സൗജന്യമായി ചാര്‍ജ് ചെയ്യാനും സാധിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറയുന്നു. എന്നാല്‍ മൊത്തം എത്ര കോടി രൂപ ഇതിനായി നീക്കി വച്ചിട്ടുണ്ടെന്നോ എങ്ങനെയാണ് പദ്ധതി നടപ്പാക്കുകയെന്നോ വിശദീകരിച്ചിട്ടില്ല. ഇടക്കാല ബജറ്റായതിനാല്‍ അത്തരം വിശാദാംശങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്നതു തന്നെയാണ് കാരണം.
എന്നാല്‍ അടുത്ത തവണ ബിജെപി സർക്കാർ അധികാരത്തിലെത്തിയാല്‍ ഏറ്റവും വലിയ പദ്ധതിയായി നടപ്പാക്കുക പുരപ്പുറ സോളാാര്‍ പദ്ധതി തന്നെ ആകും. കാരണം രാമപ്രതിഷ്ഠാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഏക പദ്ധതി ആണ് ഇതെന്നതു തന്നെ.