കോളേജ് വിദ്യാർത്ഥിക്ക് 46 കോടി രൂപയുടെ ആദായനികുതി നോട്ടീസ്! തട്ടിപ്പിന്റെ പുതിയ മുഖം
Mail This Article
കോളേജ് വിദ്യാർത്ഥിക്ക് 46 കോടിയുടെ ഇടപാട് നടത്തിയതിന് ആദായ നികുതി നോട്ടീസ് ലഭിച്ചു. ഗ്വാളിയോറിലാണ് സംഭവം. ആദായനികുതി, ജിഎസ്ടി എന്നിവയിൽ നിന്നുള്ള അറിയിപ്പിന് ശേഷമാണ് മുംബൈയിലും ദെൽഹിയിലും തന്റെ പാൻ കാർഡ് വഴി ഒരു കമ്പനി റജിസ്റ്റർ ചെയ്തതായി അറിയുന്നത്. പാൻ കാർഡ് ദുരുപയോഗം ചെയ്ത് അതുപയോഗിച്ച് ഒരു കമ്പനി റജിസ്റ്റർ ചെയ്യുകയും വലിയ തുകയുടെ ഇടപാടുകൾ നടത്തുകയും ചെയ്തശേഷം മാത്രമേ വിദ്യാർത്ഥി ഈ തട്ടിപ്പിനെ കുറിച്ച് മനസിലാക്കിയുള്ളു എന്നത് തട്ടിപ്പിന്റെ വ്യാപ്തിയാണ് കാണിക്കുന്നത്. ബന്ധപ്പെടുത്തി കൊടുത്തിരുന്ന ഫോൺ നമ്പറിൽ പോലും സന്ദേശം വന്നില്ല. ആർക്കും സംഭവിക്കാവുന്ന ഒരു കാര്യമായതിനാൽ നമ്മുടെ പാൻ കാർഡ് സുരക്ഷിതമാണോ എന്ന് ഇടക്ക് പരിശോധിക്കണം.
പാൻ കാർഡ് തട്ടിപ്പുകൾ എങ്ങനെ ഒഴിവാക്കാം?
∙പാൻ കാർഡ് ഫോട്ടോകോപ്പികൾ സമർപ്പിക്കുമ്പോൾ, അവ സമർപ്പിക്കുന്നതിനുള്ള കാരണ സഹിതം സാക്ഷ്യപ്പെടുത്തുക
∙സംശയാസ്പദമായ വെബ്‌സൈറ്റുകളിൽ നിങ്ങളുടെ മുഴുവൻ പേരും ജനനത്തീയതിയും നൽകരുത്
∙പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള ഇടപാടുകൾക്കായി ഫോം 26AS പരിശോധിക്കുക
∙നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പതിവായി ട്രാക്ക് ചെയ്യുക. എങ്കിൽ പാനുപയോഗിച്ച് എന്തെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ മനസിലാക്കാനാകും.
ക്രെഡിറ്റ് സ്കോർ എങ്ങനെ അറിയാം?
∙ക്രെഡിറ്റ് സ്കോർ പരിശോധിക്കാൻ ഒരു ക്രെഡിറ്റ് ബ്യൂറോ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക
∙സാമ്പത്തിക വിവരങ്ങൾ ഉൾപ്പെടെ നിങ്ങളുടെ ഡാറ്റ നൽകുക
∙ഫോണിലേക്ക് വന്ന OTP പരിശോധിച്ചുറപ്പിക്കുക
∙ക്രെഡിറ്റ് സ്കോർ സ്ക്രീനിൽ കാണിക്കും.
∙സംശയാസ്പദമായ ഇടപാടുകൾ കണ്ടാൽ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക.