ADVERTISEMENT

ജീവിതം കൂടുതൽ സുരക്ഷിതമാക്കാനാണ് ഇൻഷുറൻസ് പോളിസികൾ. അതു നിക്ഷേപമല്ല. കുടുംബകാര്യങ്ങളിൽ ഉത്തരവാദിത്ത്വമുള്ളവർ ഇൻഷുറൻസ് എടുക്കാൻ വിമുഖത കാണിക്കരുത്. കുടുംബനാഥൻ അല്ലെങ്കിൽ നാഥയ്ക്കു അപകടം, മരണം തുടങ്ങിയ എന്തെങ്കിലും അത്യാഹിതം ഉണ്ടായാൽ സാമ്പത്തികമായി താങ്ങിനിർത്താൻ ഈ പോളിസികൾ ഉപകരിക്കും. 30-35 വയസിനുള്ളിൽ ഈ പോളിസികൾ ഉറപ്പായും എടുത്തിരിക്കണം. ചെറുപ്രായത്തിൽ എടുക്കുന്നതാണ് എപ്പോഴും നല്ലത്. പ്രായം കൂടുന്തോറും റിസ്ക് വർധിക്കും. ജീവിതത്തിൽ ഏറ്റവും അത്യാവശ്യം വേണ്ട 5 പോളിസികൾ ഏതൊക്കെയാണെന്നറിയാം. 

ടേം ഇൻഷുറൻസ്

കുടുംബത്തിലെ എല്ലാവരും നിങ്ങളെ ആശ്രയിച്ചു കഴിയുന്നവരാണെങ്കിൽ ഉറപ്പായും ടേം ഇൻഷുറൻസ് എടുത്തിരിക്കണം. നിങ്ങളുടെ ആകസ്മിക വിയോഗം മൂലം കുടുംബത്തിനുണ്ടാകുന്ന ആഘാതം ലഘൂകരിക്കാൻ പോളിസികൾ പ്രയോജനം ചെയ്യും. കൊച്ചു കുട്ടികൾ ഉള്ളവർ, മാതാപിതാക്കൾ, ജീവിതപങ്കാളി എന്നിവർക്ക് നിങ്ങളുടെ പെട്ടെന്നുള്ള വിയോഗം മൂലം ഉണ്ടാകുന്ന സാമ്പത്തിക ആഘാതം മറികടക്കാൻ ടേം ഇൻഷുറൻസ് സഹായിക്കും. വായ്പ പോലുള്ള ബാധ്യതയുള്ള വ്യക്തിയാണെങ്കിൽ ഉറപ്പായും ടേം ഇൻഷുറൻസ് എടുത്തിരിക്കണം. നിങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ വായ്പാ ബാധ്യത കുടുംബാംഗങ്ങളുടെ ചുമലിലാകാതിരിക്കാൻ ഇതു ഉപകരിക്കും.   

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙നിങ്ങളുടെ റിട്ടയർമെന്റ് പ്രായം കണക്കാക്കിവേണം ടേം പോളിസികൾ തിരഞ്ഞെടുക്കാൻ.

∙ കുടുംബത്തിന്റെ ബാധ്യത അനുസരിച്ചും നിങ്ങളുടെ വരുമാനം അനുസരിച്ചും ഇൻഷുറൻസ് തുക നിശ്ചയിക്കുക.

∙പ്രധാന ടേം ഇൻഷുറൻസ് പോളിസികൾ താരതമ്യം ചെയ്തുമാത്രം വാങ്ങുക. 

∙ഓൺലൈൻ വഴിയാണെങ്കിൽ താരതമ്യേന കുറഞ്ഞ പ്രീമിയം ഉറപ്പാക്കാം.

∙നോമിനിയെ വെയ്ക്കാൻ മറക്കരുത്. മിക്ക പോളിസികളിലും ഒന്നിൽക്കൂടുതൽ നോമിനിയെ നിർദ്ദേശിക്കാൻ ഓപ്ഷൻ ഉണ്ട്.

∙മരിച്ചാൽ മാത്രമേ ടേം പോളിസി ലഭ്യമാകുകയുള്ളൂ. നിശ്ചിത കാലയളവ് കഴിഞ്ഞാൽ അടച്ച തുകയുടെ ഒരു ഭാഗം തിരിച്ചു കിട്ടുന്നതും അല്ലാത്തതുമായ പോളിസികൾ ഉണ്ട്.

ഹെൽത്ത് ഇൻഷുറൻസ്

ആശുപത്രി ചെലവുകൾ വളരെയധികം വർധിച്ചിരിക്കുന്ന ഘട്ടമാണിത്. ഒരസുഖം വന്നാൽ മതി അതു കുടുംബ ബജറ്റിനെ താളം തെറ്റിക്കും. അതിനാൽ ആരോഗ്യ സുരക്ഷയ്ക്കു ഫാമിലി ഫ്ലോട്ടർ വളരെ അത്യാവശ്യമാണ്. ഫാമിലി ഫ്ലോട്ടർ ആണെങ്കിൽ ഭർത്താവ്, ഭാര്യ, കുട്ടികൾ (25 വയസ്സുവരെ) ഉൾപ്പെടുത്താം. എത്രയും വേഗം പോളിസി എടുക്കാമോ അത്രയും നല്ലത്. പ്രായം കൂടുന്തോറും പ്രീമിയവും വർധിക്കും. മാത്രമല്ല മെഡിക്കൽ ചെക്കപ്പും വേണ്ടിവരും. സ്ഥാപനങ്ങളുടെ ഗ്രൂപ്പ് പോളിസികളാണെങ്കിൽ പ്രായമായ മാതാപിതാക്കൾക്കും കവറേജ് ലഭിക്കും.   

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙മൂന്നിൽ കൂടുതൽ പോളിസികൾ താരതമ്യം ചെയ്ത ശേഷം മാത്രം തിരഞ്ഞെടുക്കുക. 

∙കവറേജിൽ എന്തൊക്കെ ഉൾപ്പെട്ടിട്ടുണ്ട്, ഇല്ല എന്നതു കൃത്യമായി മനസ്സിലാക്കിയിരിക്കണം. 

∙നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യസംബന്ധമായ എല്ലാവിവരങ്ങളും പോളിസിദാതാവിനെ അറിയിച്ചിരിക്കണം. 

∙അർബുദം പോലുള്ള രോഗങ്ങൾക്ക് അധിക പ്രീമിയം നൽകി കവറേജിൽ ഉൾപ്പെടുത്താവുന്നതാണ്. 

∙ഏതൊക്കെ ആശുപത്രികളിലാണ് ക്യാഷ് ലെസ് ട്രീറ്റ്മെന്റ് ലഭ്യമാകുന്നത് എന്ന് അറിഞ്ഞുവയ്ക്കുക.

പഴ്സനൽ ആക്സിഡന്റ് ഇൻഷുറൻസ്

അപകടം മൂലം ഒരു വ്യക്തിയ്ക്കോ കുടുംബത്തിനോ ഉണ്ടാകുന്ന നഷ്ടം ലഘൂകരിക്കാനാണ് പഴ്സനൽ ആക്സിഡന്റ് ഇൻഷുറൻസ്. അത് മരണമാകാം, സ്ഥിരമായ അംഗവൈകല്യം, ഭാഗികമായ അംഗവൈകല്യം, താൽക്കാലിക അംഗവൈകല്യം എന്നിങ്ങനെ പലതായി തിരിച്ചിട്ടുണ്ട്. അപകടത്തിന്റെ തോതനുസരിച്ചാണ് ഇൻഷുറൻസ് തുക അനുവദിക്കുക. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

∙പോളിസി താരതമ്യം ചെയ്തു തിരഞ്ഞെടുക്കുക.

∙നിങ്ങളുടെ ജോലി, വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ പ്രീമിയം തുക നിശ്ചയിക്കുക.

∙മരണം, അംഗവൈകല്യം എന്നിവയെല്ലാം ഉൾപ്പെടുന്ന കോംപ്രഹെൻസീവ് പോളിസി തിരഞ്ഞെടുക്കുന്നതാണ് ഉചിതം. 

∙ഡ്രൈവർ, സ്ഥിരമായി യാത്ര ചെയ്യുന്നവർ, അപകട സാധ്യത കൂടുതലുളള തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവർ നിശ്ചയമായും പഴ്സനൽ ആക്സിഡന്റ് കവറേജ് എടുത്തിരിക്കണം.   

മോട്ടർ ഇൻഷുറൻസ്

ഇക്കാലത്ത് ഏതെങ്കിലുമൊരു വാഹനം ഉപയോഗിക്കാത്തവർ കുറവായിരിക്കും. മോട്ടർ ഇൻഷുറൻസ് എടുക്കുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രീമിയം തുക കുറയ്ക്കാം. പാക്കേജ് പോളിസി ഇപ്പോഴില്ല. വാഹനം വാങ്ങുമ്പോൾ തേർഡ് പാർട്ടി കവറേജ് മൂന്നു വർഷത്തേക്ക് ഒരുമിച്ച് എടുക്കാമെങ്കിലും ഓൺ-ഡാമേജ് കവറേജ് ഒരു വർഷത്തേക്കു മാത്രമേ പറ്റൂ. പഴയ കാറിന്റെ നോ-ക്ലെയിം ബോണസ് ഉണ്ടെങ്കിൽ പുതിയ വാഹനം വാങ്ങുമ്പോൾ അതു ട്രാൻസ്ഫർ ചെയ്യാൻ മറക്കരുത്. ഇതിലൂടെ 20-50 ശതമാനം വരെ ആദ്യ പ്രീമിയത്തിൽ ഇളവ് ലഭ്യമാക്കാം. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙മൂന്നോ നാലോ കമ്പനികളുമായി പ്രീമിയം തുക താരതമ്യം ചെയ്യുക. 

∙ഓൺലൈനായി വാങ്ങിയാൽ കൂടുതൽ ഇളവ് ലഭിക്കും

∙ലഭ്യമാകുന്ന ഡിസ്കൗണ്ടുകളെക്കുറിച്ച് ഇൻഷുറൻസ് കമ്പനിയുമായി സംസാരിച്ച് ഉറപ്പിക്കുക.

∙വാഹനത്തിന്റെ ഐഡിവി (Insured Declared Value) ഒരു പരിധിയിൽ കൂടുതൽ ഉയർത്തുന്നത് പ്രീമിയം വർധിക്കാൻ ഇടയാക്കും. 

∙ആവശ്യമായവ മാത്രം കവറേജിൽ മാത്രം ഉൾപ്പെടുത്തുക. 

ഹോം ഇൻഷുറൻസ്

നമ്മൾക്കെന്നപോലെ വീടിനും വേണം സുരക്ഷ. വെള്ളപ്പൊക്കം, ഭൂമികുലുക്കം, ഉരുൾപൊട്ടൽ, ഇടിമിന്നൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ, തീപ്പിടുത്തം, ഭീകരാക്രമണം പോലുള്ള അപകടങ്ങൾ എന്നിവ സംഭവിച്ചാൽ ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിനാണ് ഹോം ഇൻഷുറൻസ്. ഭവന വായ്പ എടുക്കുന്നവരോടു ബാങ്കുകൾ നിർബന്ധമായും ഹോം ഇൻഷുറൻസ് എടുക്കാൻ ആവശ്യപ്പെടാറുണ്ട്. വീടിനു മാത്രമായോ, വീടിനകത്തെ വസ്തുവകകൾ ഉൾക്കൊള്ളിച്ചോ ഇൻഷുറൻസ് എടുക്കാവുന്നതാണ്. 

ഭവന വായ്പയോടൊപ്പം എടുക്കുകയാണെങ്കിൽ ഒറ്റത്തവണ പ്രീമിയം തിരഞ്ഞെടുക്കുക. പകരം എല്ലാമാസവും ഭവന വായ്പ ഇഎംഐയുടെ കൂടെ ഉൾപ്പെടുത്തുകയാണെങ്കിൽ പ്രീമിയത്തോടൊപ്പം പലിശയും ഈടാക്കപ്പെടും. 

ഹോം ഇൻഷുറൻസിനൊപ്പം പഴ്സനൽ ആക്സിഡന്റ് കവർ കൂടി ആഡ് ഓൺ ചെയ്യാൻ അവസരമുണ്ട്.

വസ്തു വകകൾ ഉൾപ്പടെയുള്ള കവറേജ് എടുക്കുമ്പോൾ വീട്ടിലെ ഉപകരണങ്ങളുടെ ബിൽ കോപ്പി കൂടി സൂക്ഷിക്കുക.

പോളിസികൾ തിരഞ്ഞെടുക്കും മുൻപ്

∙നിങ്ങൾക്കു താൽപര്യമുള്ള ഇൻഷുറൻസ് ദാതാവിനെ തിരഞ്ഞെടുക്കുന്നതിനു മുൻപ് കമ്പനിയുടെ ക്ലെയിം തീർപ്പാക്കൽ ചരിത്രം പരിശോധിക്കുക.

∙പ്രീമിയത്തിന്റെ പേരിൽ അധിക തുക ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.

∙കൃത്യസമയത്ത് പുതുക്കിയില്ലെങ്കിൽ പോളിസി നഷ്ടമാകും. 

∙പോളിസി ദാതാവിന്റെ കസ്റ്റമർ സർവീസ് മികവ് വിലയിരുത്തണം. 

∙എത്രത്തോളം കവറേജ് ലഭ്യമാകും എന്നു മനസിലാക്കി മാത്രം പോളിസി തിരഞ്ഞെടുക്കുക. 

English Summary : Know These 5 Essential Insurnce Policies in Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com