ADVERTISEMENT

ദിവസവും 50 രൂപ വീതം മാറ്റിവച്ചാൽ 35 ലക്ഷം രൂപ വരെ പരിരക്ഷ നേടാന്‍ അവസരം. തപാല്‍ ഓഫീസുകളിലൂടെ ആരംഭിച്ചിരിക്കുന്ന ഗ്രാമീണ സുരക്ഷാ യോജനയാണ് (ഗ്രാം സുരക്ഷാ യോജന) ഇതിനുള്ള അവസരം ഒരുക്കുന്നത്.  കുറഞ്ഞ പ്രീമിയം അടച്ച് സ്വന്തമാക്കാവുന്ന സമ്പൂര്‍ണ ലൈഫ് അഷ്വറന്‍സ് പോളിസിയാണിത്.19 വയസാണ് പദ്ധതിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായം. 55 വയസ്സു വരെ ഈ പദ്ധതിയിലേക്ക് തുടര്‍ച്ചയായി പണമടയ്ക്കാം. ദിവസം 50 രൂപ എന്ന കണക്കില്‍ മാസം തോറും 1500 രൂപയാണ് അടയ്ക്കേണ്ടി വരിക. ഗ്രാമീണരുടെ സാമ്പത്തിക സുരക്ഷയ്ക്കു വേണ്ടിയാണ് ആകര്‍ഷകമായ ഇത്തരമൊരു പോളിസി ഒരുക്കിയിട്ടുള്ളത്. കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഒറ്റത്തവണയായി വലിയൊരു തുക തന്നെ നേടാനാവുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ശരിയായ സാമ്പത്തിക ആസൂത്രണത്തിന് സഹായിക്കുന്ന ഈ പോളിസി ആകര്‍ഷകമാണെങ്കിലും ഇനിയും വേണ്ടത്ര ശ്രദ്ധ നേടിയിട്ടില്ല. നിക്ഷേപകന് നേട്ടമുണ്ടാക്കുന്ന പദ്ധതികളെ കുറിച്ച് ബോധവൽക്കരിക്കാനും ചേര്‍ക്കാനും ആരും താല്‍പ്പര്യമെടുക്കണമെന്നില്ലല്ലോ.

ഉയര്‍ന്ന വരുമാനം ഉറപ്പാക്കാം

ഒരാള്‍ 19 വയസ്സില്‍ ഈ പോളിസിയില്‍ നിക്ഷേപം ആരംഭിക്കുകയാണെന്ന് കരുതുക. ഇതോടൊപ്പം 10 ലക്ഷം രൂപയുടെ പോളിസി വാങ്ങുകയും ചെയ്യുന്നു. അങ്ങനെയായാല്‍, അയാള്‍  പ്രതിമാസം അടയ്ക്കേണ്ട പ്രീമിയം 55 വര്‍ഷത്തേക്കാണെങ്കില്‍ 1515 രൂപയും 58 വര്‍ഷത്തേക്കാണെങ്കില്‍ 1463 രൂപയുമായിരിക്കും. പ്രീമിയം 60 വര്‍ഷത്തേക്കാണെങ്കില്‍ മാസം തോറും 1411 രൂപ അടച്ചാല്‍ മതിയാവും.  പോളിസി വാങ്ങുന്നയാള്‍ക്ക് 55 വര്‍ഷത്തേക്ക് 31.60 ലക്ഷം രൂപയും 58 വര്‍ഷത്തേക്ക് 33.40 ലക്ഷം രൂപയും 60 വര്‍ഷത്തെ പോളിസിക്ക് 34.60 ലക്ഷം രൂപയുമാണ് മെച്യുരിറ്റി ആനുകൂല്യം ലഭിക്കുക. നോമിനേഷന്‍ സൗകര്യവും ലഭ്യമാണ്. 1961 ലെ ആദായനികുതി നിയമം അനുസരിച്ച് സെക്ഷന്‍ 80 സി, സെക്ഷന്‍ 88 എന്നിവയ്ക്ക് കീഴിലുള്ള നികുതി ആനുകൂല്യവും ലഭിക്കും.

റിസ്‌ക് എടുക്കേണ്ടി വരുമോ

വരുമാനം കൂടുതല്‍ ലഭിക്കുമെന്ന് പറയുന്ന ഏത് പദ്ധതിയെ കുറിച്ച് പറയുമ്പോഴും റിസ്‌ക് എടുക്കേണ്ടി വരില്ലേയെന്ന ആശങ്കയാണ് എല്ലാവര്‍ക്കും. അതുകൊണ്ടു തന്നെ പണമുള്ളവരും വിവിധ പദ്ധതികളെ കുറിച്ച് വിശദമായി അന്വേഷിച്ചും പഠിച്ചുമാണ് പലരും നിക്ഷേപം നടത്തുന്നത്. പക്ഷേ ഈ സൗകര്യമൊന്നും ഗ്രാമീണര്‍ക്ക് വേണ്ടത്ര ലഭിക്കണമെന്നുമില്ല. ഏതു നിക്ഷേപവുമായി ബന്ധപ്പെട്ടും സാധാരണയായി റിസ്‌ക് ഫാക്ടര്‍ ഉണ്ടാകും. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും ഒരു പോലെ റിസ്‌ക് എടുത്ത് നിക്ഷേപം നടത്താനുമാവില്ല. ഈ പ്രതിസന്ധിക്ക് പരിഹാരമായാണ് പോസ്റ്റ് ഓഫീസിന്റെ ഗ്രാമീണ സുരക്ഷാ യോജന അവതരിപ്പിച്ചിരിക്കുന്നത്. അതായത് നിക്ഷേപകര്‍ക്ക് കുറഞ്ഞ റിസ്‌കില്‍ നല്ല വരുമാനം ലഭിക്കുന്ന മനോഹരമായ ഒരു പദ്ധതി.

ആര്‍ക്കൊക്കെ നിക്ഷേപിക്കാം

പത്തൊമ്പത് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഗ്രാമീണ സുരക്ഷാ യോജനയില്‍ ചേരാം. 55 വയസ്സ് വരെ മാസം തോറും 1500 രൂപ അടച്ച് പോളിസി ആരംഭിക്കാം. മാസത്തിലോ ത്രൈമാസത്തിലോ അര്‍ദ്ധ വാര്‍ഷികത്തിലോ വാര്‍ഷികത്തിലോ പ്രീമിയം അടയ്ക്കാനും സൗകര്യമുണ്ട്. ഇതോടൊപ്പം പതിനായിരം മുതല്‍ പത്തു ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. മാത്രമല്ല ഈ പോളിസിയിന്മേല്‍ ആവശ്യമെങ്കില്‍ നിക്ഷേപകര്‍ക്ക് നാലു വര്‍ഷത്തിന് ശേഷം വായ്പ എടുക്കാനുമാവും. വായ്പയുടെ പലിശ നിരക്ക് 10% ആയിരിക്കും. മാത്രമല്ല, പോളിസി എടുത്ത് 3 വര്‍ഷത്തിന് ശേഷം സറണ്ടര്‍ ചെയ്യാനും കഴിയും. 5 വര്‍ഷത്തിനുള്ളിലാണ് സറണ്ടര്‍ ചെയ്യുന്നതെങ്കില്‍ ബോണസ് ലഭിക്കില്ലെന്ന കാര്യം ഓര്‍മ്മ വേണം. പോളിസി എടുക്കുന്നതിന് മുമ്പ് വൈദ്യ പരിശോധന നടത്താന്‍ താല്‍പ്പര്യമില്ലെങ്കില്‍, പരമാവധി ഇന്‍ഷൂറന്‍സ് തുക 25,000 രൂപയായും പദ്ധതിയില്‍ ചേരാനുള്ള പരമാവധി പ്രായം മുപ്പത്തിയഞ്ചായും നിജപ്പെടുത്തിയിരിക്കുന്നു.

English Summary : Know more about Gram Suraksha Yojana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com