ADVERTISEMENT

ചികിൽസാ ചിലവ് റോക്കറ്റ് പോലെ കുതിക്കുന്നതിനാൽ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്ന പ്രവണത ഇപ്പോൾ കൂടുന്നുണ്ട്. എന്നാലോ എന്തെങ്കിലും അസുഖം അല്ലെങ്കിൽ അപകടം സംഭവിച്ച് കിടപ്പിലായാൽ പലപ്പോഴും ക്ലെയിമുകള്‍ കിട്ടാറുമില്ല. ഇങ്ങനെ ക്ലെയിം നിരസിക്കപ്പെടാറുള്ള ഒമ്പത് കാരണങ്ങളും അവയെ മറികടക്കാനുള്ള മാര്‍ഗങ്ങളും അറിയാം.

1. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് 

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആപ്ലിക്കേഷന്‍ ഫോറം പൂരിപ്പിച്ചു നല്‍കുമ്പോള്‍ നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കുക. വിവരങ്ങള്‍ നല്‍കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ തെറ്റുകള്‍ വരുത്തരുത്. ഇത് ക്ലെയിം തള്ളിക്കളയാന്‍ കാരണമാകും. പോളിസി ഉടമയുടെ പ്രായം, വരുമാനം, നിലവിലുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍, ഉദ്യോഗം (പ്രത്യേകിച്ച്  അപകടകരമായ ജോലിയിലാണ് ഉള്ളതെങ്കില്‍), വിനോദങ്ങള്‍ (പ്രത്യേകിച്ച് നിങ്ങള്‍ ഹൈക്കിങ്, സ്കൂബ ഡൈവിങ് പോലെയുള്ള സാഹസിക വിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍) തുടങ്ങിയ വിവരങ്ങള്‍ തുറന്നു പറയണം. 

എളുപ്പത്തിന് ഏജന്‍റുമാരുടേയോ മറ്റാരുടെയെങ്കിലുമോ സഹായം തേടാതെ നിങ്ങള്‍ തന്നെ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കുന്നതാണ് ഉചിതം. 

health-insu-6-

2. നിലവിലുള്ള അസുഖം, മോശം ശീലങ്ങൾ

നിലവില്‍ നിങ്ങള്‍ക്കുള്ള അസുഖങ്ങള്‍, കുടുംബപാരമ്പര്യമനുസരിച്ച് വരാന്‍ സാധ്യതയുള്ള രോഗങ്ങള്‍, ഉദാസീനമായ ജീവിതശൈലി, പുകവലി, മദ്യപാനം  തുടങ്ങിയ ശീലങ്ങള്‍ എന്നിവയെക്കുറിച്ച് വെളിപ്പെടുത്താത്തതും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിരസിക്കാന്‍ കാരണമാകും. ഉയര്‍ന്ന പ്രീമിയം അടയ്ക്കുന്നതും പോളിസി നിരസിക്കുന്നതും ഒഴിവാക്കുന്നതിന് ചിലര്‍ ഈ വിവരങ്ങള്‍ മറച്ചുവെച്ചേക്കാം.

നിങ്ങള്‍ പുകവലിക്കുന്നയാളാണെങ്കില്‍ ഒരു ദിവസം എത്ര സിഗരറ്റ് വലിക്കും എന്ന് കമ്പനി ചേദിച്ചേക്കാം. മദ്യപിക്കുന്നുണ്ടെങ്കില്‍ മദ്യപാനത്തിന്‍റെ അളവും എത്രമാത്രം കൂടെക്കൂടെ എന്നും വെളിപ്പെടുത്തേണ്ടതാണ്. മേല്‍പ്പറഞ്ഞ എല്ലാ വിവരങ്ങളും അപകട സാധ്യത ഉചിതമായി കണക്കാക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയെ സഹായിക്കുന്നു. 

3. കാത്തിരിപ്പ് കാലയളവില്‍ ക്ലെയിം ചെയ്യുന്നത്

എല്ലാ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനിനും നിശ്ചിത കാത്തിരിപ്പ് കാലയളവുണ്ട്. ഈ കാലയളവില്‍ ക്ലെയിം ചെയ്യുകയാണെങ്കില്‍ ഇത് നിരസിച്ചേക്കാം. ചില കാത്തിരിപ്പു കാലയളവ് ഇനി പറയുന്നു.

∙ഒരു പുതിയ പോളിസി നല്‍കുമ്പോള്‍ 30 ദിവസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ടായേക്കാം. ഈ സമയത്ത് ക്ലെയിമുകളൊന്നും നല്‍കരുത്. എന്നാല്‍ ഒരു അപകടം മൂലം ഉണ്ടാകുന്ന ഏതൊരു ക്ലെയിമും ഇതിനൊരപവാദമാണ്.

∙പോളിസി പ്രസവ പരിരക്ഷ നല്‍കുന്നുണ്ടെങ്കില്‍, അത് സാധാരണയായി 24 മുതല്‍ 36 മാസം വരെയുള്ള കാത്തിരിപ്പിന് ശേഷമാണ് ബാധകമാകുന്നത്. മാത്രമല്ല, രണ്ടു പ്രസവത്തിനു മാത്രമായി പരിരക്ഷ പരിമിതപ്പെടുത്തിയേക്കാം.

∙ക്ലെയിം നിരസിക്കുന്നത് ഒഴിവാക്കുന്നതിനായി കാത്തിരിപ്പ് കാലയളവ് എങ്ങനെയാണെന്നും എപ്പോഴാണ് ക്ലെയിം നടത്താമെന്നും പോളിസിയില്‍ പറഞ്ഞിരിക്കുന്നവ വിശദമായി വായിച്ചു മനസിലാക്കുക. 

4. നോണ്‍-നെറ്റ് വര്‍ക്ക് ആശുപത്രിയിലെ കാഷ് ലെസ് ക്ലെയിം 

ഇന്‍ഷുറന്‍സ് കമ്പനിയുടെ നെറ്റ് വര്‍ക്കില്‍ ഉള്‍പ്പെടാത്ത ആശുപത്രിയില്‍ കാഷ് ലെസ് ക്ലെയിം നടത്തുകയാണെങ്കില്‍ ആ ക്ലെയിം തള്ളിക്കളഞ്ഞേക്കാം. ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിന് മുമ്പു തന്നെ ഇന്‍ഷുറന്‍സ് കമ്പനിയുടെ നെറ്റ് വര്‍ക്ക് ഹോസ്പിറ്റലില്‍ ഉള്‍പ്പെടുന്നതാണോയെന്ന് പരിശോധിക്കുക.അല്ലെങ്കില്‍ ഹോസ്പിറ്റല്‍ ബില്‍ സ്വയം അടച്ചതിനു ശേഷം പിന്നീട് ക്ലെയിമിന് അപേക്ഷിക്കുക. 

health

5.പരിരക്ഷ ഇല്ലാത്ത സേവനങ്ങള്‍ക്കുള്ള ക്ലെയിമുകള്‍

ചില സേവനങ്ങള്‍ക്ക് എല്ലാ ഹെല്‍ത്ത് പ്ലാനും പരിരക്ഷ നല്‍കുന്നില്ല. കമ്പനി അതു തള്ളിക്കളയും. ദന്തസംബന്ധമായ ചികിത്സ, ആയുഷ് ചികിത്സ, ഔട്ട് പേഷ്യന്‍റ് ഡിപ്പാര്‍ട്ട്മെന്‍റ് സേവനങ്ങള്‍, മറ്റേണിറ്റി ക്ലെയിം തുടങ്ങിയവ ഇത്തരം സേവനങ്ങളില്‍ ഉള്‍പ്പെടും. 

 6. ഒഴിവാക്കപ്പെട്ടവ

ചില ചികിത്സകള്‍/സര്‍ജറികള്‍ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും ഒഴിവാക്കപ്പെട്ടവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. കോസ്മെറ്റിക് അല്ലെങ്കില്‍ പ്ലാസ്റ്റിക് സര്‍ജറികള്‍, ലിംഗമാറ്റ ശസ്ത്രക്രിയകള്‍, റോക്ക് ക്ലൈംബിങ്, മോട്ടോര്‍ റേസിങ്, കുതിരയോട്ടം, സ്കൂബ ഡൈവിങ്, ഗ്ലൈഡിങ് തുടങ്ങി അപകടസാധ്യത കൂടുതലുള്ള ആയ സ്പോര്‍ട്സില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടാകുന്ന ചികിത്സകള്‍, ക്രിമിനല്‍ ഉദ്ദേശ്യത്തോടെ നിയമലംഘനം നടത്തുകയോ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നതു മൂലമുള്ള ചികിത്സ, മദ്യപാനം, മയക്കുമരുന്നിന്‍റെ ഉപയോഗം, മറ്റ് ദുശ്ശീലങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സ, വന്ധ്യതാ ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകള്‍ തുടങ്ങിയവയ്ക്ക് ഒട്ടുമിക്ക പ്ലാനുകളും പരിരക്ഷ നല്‍കുന്നില്ല. 

മിക്ക ഹെല്‍ത്ത് പോളിസികളിലും മുകളില്‍ പറഞ്ഞിട്ടുള്ളവയില്‍ മിക്കതും ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കലുകള്‍ സംബന്ധിച്ച പോളിസി നയങ്ങള്‍ (ഒഴിവാക്കല്‍ വിഭാഗം) വ്യക്തമായി പരിശോധിക്കേണ്ടതാണ്.

health-ins4

7.കാലഹരണപ്പെട്ട പോളിസിക്കു കീഴിലുള്ള ക്ലെയിം

ഒരു വര്‍ഷത്തേക്ക് അല്ലെങ്കില്‍ പ്രീമിയം അടയ്ക്കുന്ന കാലയളവിലേക്ക് മാത്രമായിരിക്കും ഒരു ഹെല്‍ത്ത് പോളിസിക്ക് സാധുത ഉണ്ടായിരിക്കുക. അതിനുള്ളിൽ പുതുക്കിയില്ലെങ്കില്‍ പോളിസി അസാധുവാകും. ഇത്തരത്തില്‍ അസാധുവായ പോളിസിക്കു കീഴില്‍ ക്ലെയിം നടത്തുകയാണെങ്കില്‍ കമ്പനി അത് തള്ളും. അതുകൊണ്ട്  പോളിസിയുടെ കാലാവധി നോക്കി പ്രീമിയം പുതുക്കി പോളിസി സജീവമായി നിലനിര്‍ത്തണം. പ്രീമിയം പുതുക്കുന്നതിന് ബാങ്കില്‍ ഒരു ഓട്ടോ ഡെബിറ്റ് സംവിധാനം സജ്ജമാക്കുന്നത് നന്നായിരിക്കും.

8. ക്ലെയിം തുക ഇന്‍ഷുര്‍ തുകയേക്കാള്‍ കൂടുതലായാല്‍

health-insu-2-

ഓരോ ഹെല്‍ത്ത് ഇന്‍ഷുറന്‍സിനും ഒരു നിശ്ചിത തുക മൊത്തത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്‍ഷ്വഷുര്‍ ചെയ്ത തുകയേക്കാള്‍ കൂടുതലാണ് ക്ലെയിം ചെയ്ത തുകയെങ്കില്‍ എന്തു ചെയ്യും? (അതേ വര്‍ഷം നിങ്ങള്‍ വേറെ ക്ലെയിം നടത്തിയിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ചും). പോളിസിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി കമ്പനി ബാക്കി തുകയ്ക്കുള്ള ക്ലെയിം അംഗീകരിക്കും. ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നിങ്ങളുടെ ആരോഗ്യ പരിരക്ഷാ തുക അവലോകനം ചെയ്യണം. ചികിത്സാ ചെലവുകള്‍ക്ക് അനുസൃതമായി ഉയര്‍ന്ന പരിരക്ഷ ഉള്ള പോളിസി വാങ്ങുകയോ നിലവിലുള്ളവ നവീകരിക്കുകയോ ചെയ്യുക.

9.ചികിത്സ യഥാസമയം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കാതിരിക്കുക

ആശുപത്രിയില്‍ ചികിത്സ തേടുമ്പോള്‍ നിശ്ചിതസമയത്തിനുള്ളില്‍ കമ്പനിയെ ഇക്കാര്യം അറിയിച്ചില്ലെങ്കില്‍ നിങ്ങളുടെ കാഷ്ലെസ് ട്രീറ്റ്മെന്‍റ് ക്ലെയിം നിരസിച്ചേക്കാം. നേരത്തെ നിശ്ചയിച്ച പ്രകാരമാണ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നതെങ്കില്‍ ആശുപത്രി അഡ്മിഷനു മുമ്പു തന്നെ നിങ്ങള്‍ക്കാവശ്യമായ അനുമതി ലഭിച്ചിരിക്കും. ഇനി അപകടം മൂലമുള്ളതോ മറ്റേതെങ്കിലും കാരണത്താലോ അടിയന്തിരമായി ആശുപത്രി ചികിത്സ ഉണ്ടാകുകയാണെങ്കില്‍ പോളിസി നിബന്ധനകളനുസരിച്ച് 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ കമ്പനിയെ ഇക്കാര്യം അറിയിച്ചിരിക്കണം

ലേഖകൻ മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസറാണ്

English Summary:

Health Insurance and Reasons for Rejection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com