ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്
Mail This Article
അമേരിക്കൻ വിപണി വീഴ്ച ഇന്നും ഏഷ്യൻ വിപണികൾക്ക് നഷ്ട തുടക്കം നൽകി. അമേരിക്കൻ 10വർഷ ബോണ്ട് യീൽഡ് 3.8 %ൽ നിൽക്കുന്നത് അമേരിക്കൻ യൂറോപ്യൻ ഫ്യൂച്ചറുകൾക്ക് മേൽ സമ്മർദ്ധം വർദ്ധിപ്പിച്ചേക്കാം എസ്ജിഎക്സ് നിഫ്റ്റി 17770 പോയിന്റിൽ വ്യാപാരം തുടരുന്നു.
ആപ്പിളും ബോണ്ട് യീൽഡും
അൺ എംപ്ലോയ്‌മെന്റ് ക്ലെയിമിനായി അപേക്ഷിക്കുന്ന അമേരിക്കക്കാരുടെ എണ്ണം 5 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കെത്തിയതും, ആപ്പിളിനെ ബാങ്ക് ഓഫ് അമേരിക്ക ‘’ന്യൂട്രൽ’’ ഓഹരിയായി തരം താഴ്ത്തിയതും ഇന്നലെ വീണ്ടും ടെക് വില്പനക്ക് കളമൊരുക്കി. മികച്ച ജോബ് ഡേറ്റ ഫെഡ് റിസേർവിന്റെ നിരക്കുയർത്തലുകൾക്ക് പിന്തുണയാകുമെന്ന പ്രതീക്ഷയിൽ ബോണ്ട് വീണ്ടും മുന്നേറ്റം കാണിച്ചതും, പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സാമ്പത്തിക നയങ്ങൾ സാമ്പത്തിക തകർച്ചക്ക് കളമൊരുക്കുമെന്ന ഭയവും ഇന്നലെയും നിക്ഷേപകരെ വിപണിയിൽ നിന്നും അകറ്റി. ടെക്, ചിപ്പ്, കൺസ്യൂമർ, ഇൻഡസ്ട്രിയൽ ഓഹരികൾ വലിയ തകർച്ച നേരിട്ടപ്പോൾ നാസ്ഡാക് 2.84% വീണു. എനർജി, ഹെൽത്ത് ഓഹരികൾ വീഴാതെ നിന്നത് ഡൗ ജോൺസിന്റെ നഷ്ടം 1.54%ൽ ഒതുക്കി. ജർമൻ പണപ്പെരുപ്പം 10% കടന്നത് ഇന്നലെ യൂറോപ്യൻ വിപണിയുടെയും ആത്മ വിശ്വാസം കെടുത്തി.
ഇന്ന് പുറത്ത് വരാനിരിക്കുന്ന അമേരിക്കൻ പിസിഇ പണപ്പെരുപ്പ കണക്കുകളും, ഫെഡ് വൈസ് ചെയർ ബ്രെയ്നാർഡ് അടക്കമുള്ള ഫെഡ് അംഗങ്ങളുടെ പ്രസംഗങ്ങളും ഇന്ന് വിപണിക്ക് പ്രധാനമാണ്. ബ്രിട്ടീഷ് ജിഡിപി കണക്കുകളും, യൂറോ സോൺ, ഫ്രഞ്ച് പണപ്പെരുപ്പ കണക്കുകളും ഇന്ന് യൂറോപ്യൻ വിപണിക്ക് പ്രധാനമാണ്.
ജാപ്പനീസ് വളർച്ച
ഇന്ന് രാവിലെ പുറത്ത് വന്ന കണക്കുകൾ പ്രകാരം ജപ്പാന്റെ റീറ്റെയ്ൽ വില്പനയും, വ്യവസായ ഉല്പാദനവും മെച്ചപ്പെട്ടത് ഏഷ്യൻ വിപണികൾക്ക് തന്നെ അനുകൂലമാണെങ്കിലും ജാപ്പനീസ് വിപണി അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റത്തിന് പിന്നാലെ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. ഓഗസ്റ്റിൽ ജാപ്പനീസ് ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ 2.7% വളർച്ചയാണ് നേടിയത്. ചൈനീസ് പിഎംഐ ഡേറ്റയും ഇന്ന് പുറത്ത് വരുന്നു.
നിഫ്റ്റി
രാജ്യാന്തര വിപണി പിന്തുണയിൽ വീണ്ടും നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി ഇന്നലെ ഫ്ലാറ്റ് ക്ലോസിങ് സ്വന്തമാക്കി. വിദേശ ഫണ്ടുകളുടെ വില്പനയും, അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റവും വിപണിക്ക് ക്ഷീണമായി. ഐടി, ബാങ്കിങ്, ഓട്ടോ സെക്ടറുകളും, റിലയൻസും ഇന്നലെ നേട്ടങ്ങൾ കൈവിട്ടതും വിപണിക്ക് ക്ഷീണമായി.
ഇന്നലെ 16818 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 16720 പോയിന്റിലും 16640 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 17000 പോയിന്റിലും, 17130 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ.
ബാങ്ക് നിഫ്റ്റി
112 പോയിന്റ് നഷ്ടത്തിൽ 37648 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 37370 പോയിന്റിലും 37070 പോയിന്റിലും ഇന്ന് പിന്തുണ പ്രതീക്ഷിക്കുന്നു. 38100 പോയിന്റിലും, 38600 പോയിന്റിലുമാണ് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റസ്‌നസുകൾ
ആർബിഐ നയപ്രഖ്യാപനം ഇന്ന്
ഇന്ന് രാവിലെ നടക്കുന്ന ആർബിഐയുടെ നയപ്രഖ്യാപനങ്ങൾ ഇന്ത്യൻ വിപണിയുടെയും ഗതി നിര്‍ണയിക്കും. റിപോ നിരക്കിൽ അര ശതമാനം വർദ്ധന വിപണി ഉൾകൊണ്ട് കഴിഞ്ഞതിനാൽ നിരക്ക് പ്രഖ്യാപനങ്ങൾക്ക് ശേഷം ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ, റയൽറ്റി സെക്ടറുകൾ മുന്നേറ്റം നേടിയേക്കാം. എന്നാൽ അര ശതമാനത്തിൽ കൂടുതൽ റിപ്പോ നിരക്ക് വർദ്ധിപ്പിക്കുന്നത് വിപണിക്ക് ക്ഷീണമായേക്കാം.
റഷ്യൻ മെറ്റൽ നിരോധനം
ലണ്ടൻ മെറ്റൽ എക്സ്ചേഞ്ച് റഷ്യൻ ലോഹങ്ങളുടെ വ്യാപാരം നിരോധിക്കാൻ ആലോചിക്കുന്നു എന്ന മാധ്യമ റിപ്പോർട്ട് ഇന്നലെ ബേസ് മെറ്റലുകളുടെ വിലവർദ്ധനവിന് കാരണമായി. അലുമിനിയം, കോപ്പർ, നിക്കൽ, സിങ്ക് മുതലായ ലോഹങ്ങൾ ഫെബ്രുവരി മാർച്ച് കാലഘട്ടത്തിലെ മുന്നേറ്റത്തിന് ശേഷം ഇന്നലെ വീണ്ടും മുന്നേറി.
ക്രൂഡ് ഓയിൽ
ക്രൂഡ് ഓയിൽ വില ഇന്നലെ വീണ്ടും 90 ഡോളറിന് താഴെ ക്രമപ്പെട്ടെങ്കിലും അടുത്ത ആഴ്ചയിലെ ഒപെക് യോഗവും, അമേരിക്ക ഇറാൻ എണ്ണക്ക് മേൽ വീണ്ടും ഉപരോധം കൊണ്ട് വന്നേക്കാമെന്ന വാർത്തയും ക്രൂഡ് ഓയിലിന് അനുകൂലമാണ്.
സ്വർണം
ബോണ്ട് യീൽഡ് മുന്നേറിയപ്പോളും ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ റഷ്യൻ ലോഹങ്ങൾ നിരോധിച്ചേക്കാമെന്ന വാർത്ത സ്വർണത്തിനും അനുകൂലമായി. 1650 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്ന സ്വർണത്തിന് ബോണ്ട് യീൽഡ് ചലനങ്ങൾ ഇന്ന് പ്രധാനമായേക്കാം.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക