ADVERTISEMENT

ഇക്വിറ്റി ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്‌ഷൻസ് (എഫ് ആൻഡ് ഒ) വിഭാഗത്തിലെ 10 ട്രേഡർമാരിൽ ഒമ്പത് പേർക്കും 2022 സാമ്പത്തിക വർഷത്തിൽ നഷ്ടമുണ്ടായതായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നടത്തിയ പഠനം വ്യക്തമാക്കുന്നു. 90 ശതമാനം ട്രേഡർമാര്‍ക്കും ഒരേ ഇടവേളയിലുടനീളം 1.25 ലക്ഷം രൂപയുടെ പൊതുവായ നഷ്ടം സംഭവിച്ചു എന്നാണ് ഈ പഠനം കാണിക്കുന്നത്.

ദീർഘകാല ഇടപാടിനേക്കാൾ ഹ്രസ്വകാല ട്രേഡർമാർക്കാണ് കൂടുതൽ നഷ്ടമുണ്ടാകുന്നതെന്ന് പല പഠനങ്ങളും മുൻപും സൂചിപ്പിച്ചിട്ടുണ്ട്. അതുപോലെ ഇൻട്രാ ഡേ ട്രേഡിങ്ങ് നടത്തുന്ന പലർക്കും നഷ്ടമാണ് ഉണ്ടാകുന്നത് എന്ന് പല വിശകലനങ്ങളും സൂചിപ്പിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇൻട്രാ ഡേ ട്രേഡിങ്ങ് ലാഭകരമല്ലാതാകുന്നത്? സോഷ്യൽ മീഡിയ നുറുങ്ങുകൾ ആശ്രയിച്ചുള്ള വ്യാപാരം പണം നഷ്ടപ്പെടുത്തുന്നുണ്ടോ? വിശദമായി പരിശോധിക്കാം.

ഇൻട്രാ ഡേ ട്രേഡിങ്ങ് നഷ്ടക്കച്ചവടമാണോ?

ഏറ്റവും കൂടുതൽ ചെറുപ്പക്കാർ പണമുണ്ടാക്കാൻ സ്വീകരിക്കുന്ന മാർഗമാണ് ഇൻട്രാ ഡേ ട്രേഡിങ്ങ്. ഇന്ത്യയിലെ പുതിയ കണക്കുകൾ പ്രകാരം 30നും 40നും ഇടയിലുള്ളവരാണ് ഏറ്റവും കൂടുതൽ ഓഹരി വ്യാപാരം ചെയ്യുന്നത്. എന്നാൽ ഒരു വർഷമാകുമ്പോഴേക്കും ഭൂരിഭാഗം ഇൻട്രാ ഡേക്കാരും അത് നിർത്തുന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. 70 ശതമാനം പേർ ആദ്യ വർഷവും, 95 ശതമാനം പേർ മൂന്നാം  വർഷവും ഇൻട്രാ ഡേ ട്രേഡിങ്ങ് അവസാനിപ്പിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  95 ശതമാനം പേരും നഷ്ടം സഹിക്കേണ്ടി വരുന്നതുകൊണ്ടാണ് വ്യാപാരം നിർത്തുന്നത്. ലാഭത്തിൽ വ്യാപാരം ചെയ്യാൻ എന്തുകൊണ്ടാണ് ഇൻട്രാ ട്രേഡിങിൽ  ചെറുകിടക്കാർക്ക് സാധിക്കാത്തത് ? 

കാരണങ്ങൾ 

കൃത്യമായ ആസൂത്രണം ഇല്ലായ്മ 

പഠിച്ചു കാര്യങ്ങൾ മനസ്സിലാക്കാതെയാണ് പലരും ഇൻട്രാ ഡേ ട്രേഡിങിന് ഇറങ്ങുന്നത്. സോഷ്യൽ മീഡിയയിലെ സെല്ലിങ് വിലകളിൽ എത്തിയശേഷം മാത്രം വിൽക്കാമെന്ന് കരുതുന്ന പല ഓഹരികളുടെയും വില പൊടുന്നനെ കുറയുന്നത് കണ്ടിട്ടില്ലേ. മാനസിക അച്ചടക്കമില്ലാതെ ഇൻട്രാ ഡേ ട്രേഡിങ്ങ് തുടങ്ങിയാൽ ലാഭം കുറയാനും, നഷ്ടത്തിനും ഇടയാകും. 

എത്ര പണം വ്യാപാരത്തിനായി എടുക്കണമെന്ന തീരുമാനം 

ഇൻട്രാ ഡേ ട്രേഡിങിൽ നഷ്ടം വന്നാലും കൂടുതൽ പണം ഇതിലേക്കിറക്കുവാൻ പലരും തയ്യാറാകും. ഓരോ വ്യാപാരത്തിലും എവിടെ വച്ച് നിർത്തണമെന്ന തീരുമാനമില്ലായ്മ മൂലം ഓഹരി വ്യാപാരം പെട്ടെന്ന് നിർത്താനും ഇടയാക്കും. 

പെട്ടെന്ന് പ്രത്യേക കമ്പനികളെക്കുറിച്ചുള്ള വാർത്തകൾ വരുന്നത്  

ലാഭത്തിലായിരിക്കുന്ന വ്യാപാരത്തെ പോലും പെട്ടെന്നുണ്ടാകുന്ന വാർത്തകൾ മോശമായി ബാധിക്കും. കൃത്യമായി വിപണിയെ നിരീക്ഷിക്കുന്നവർക്ക് മാത്രമേ വാർത്തകൾ വരുന്നത് മനസ്സിലാക്കാനാകൂ. അതുപോലെ ടെക്നിക്കൽ ചാർട്ടുകൾ മനസ്സിലാക്കുന്നതിൽ പലപ്പോഴും പുതിയതായി ഈ രംഗത്തേക്ക് വന്ന  ഡേ ട്രേഡേഴ്സ് പരാജയപ്പെടും. ഇതും നഷ്ടത്തിന്റെ ആഴം കൂട്ടും. 

മറ്റുള്ളവരുടെ ടിപ്പുകളെ ആശ്രയിക്കുന്നത് 

പലപ്പോഴും ഓഹരി വിപണിയിലെ കള്ളത്തരം ചെയ്യുന്നവർ സോഷ്യൽ മീഡിയയെ ഉപയോഗിച്ചാണ് ഇരകളെ കണ്ടെത്തുന്നത്. ഇത് മനസ്സിലാക്കാതെ ടെലിഗ്രാം, വാട്സാപ് കൂട്ടായ്മകളിൽ ചേർന്ന് അവരുടെ ഉപദേശം സ്വീകരിച്ചു വ്യാപാരം ചെയ്യുന്നവർ സ്വന്തം കുഴി തന്നെയാണ് തോണ്ടുന്നത്.

ഇൻട്രാ ഡേ ട്രേഡിങ്ങ് നല്ല അനുഭവജ്ഞാനം വേണ്ട മേഖലയാണ്. സ്വയം പഠിച്ചു  മനസ്സിലാക്കാതെ വാട്സാപ്പിലെയും , ടെലിഗ്രാമിലെയും ഗ്രൂപ്പുകളുടെ നിർദേശ പ്രകാരം വ്യാപാരം നടത്തുന്നവർക്കാണ് കൂടുതലായി പണം പോകുന്നത്. ദേശീയ ചാനലുകളിലെ വിദഗ്ധരുടെ കള്ളത്തരങ്ങൾ പോലും പുറത്തു വന്നിരിക്കുന്ന ഈ സമയത്തെങ്കിലും ആരുടേയും ഉപദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കില്ല എന്ന തീരുമാനം എടുത്താൽ തന്നെ ഓഹരി വിൽപ്പനയിൽ നിന്നും ആദായം ഉണ്ടാക്കാൻ സാധിക്കും. 

English Summary : Things to Keep in Mind While Doing Intra Day Trading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com