ആദായ നികുതി പരിഷ്‌കാരം: ഇടത്തരക്കാരന്റെ സമ്പാദ്യ, നിക്ഷേപ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി
Mail This Article
ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുള്ള പണം സ്വരൂക്കൂട്ടാന്‍ സഹായിക്കുന്ന വിധത്തില്‍ ആദായ നികുതി ഇളവോടെ വിവിധ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കാനുള്ള ഇടത്തരം ശമ്പള വരുമാനക്കാരുടെ മോഹങ്ങള്‍്ക്ക് കനത്ത തിരിച്ചടിയാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിലെ ഇന്‍കംടാക്‌സ് പരിഷ്‌കാരങ്ങള്‍.
അമ്പേ പരാജയപ്പെട്ട ന്യൂ റെജിം ടാക്‌സ് രീതി എല്ലാവരിലേക്കും അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് ഈ ബജറ്റില്‍ കല്ലുപാകിക്കഴിഞ്ഞു. ഇളവുകളോ കിഴിവുകളോ ഇല്ലാതെ ലഭിക്കുന്ന വരുമാനത്തിന് മുഴുവന്‍ നികുതി ചുമത്തുന്ന പുതിയ റെജിം കഴിഞ്ഞ വര്‍ഷമാണ് അവതരിപ്പിച്ചത്. വിവിധ രീതിയിലുള്ള നിക്ഷേപങ്ങള്‍ക്കും ചിലവുകള്‍ക്കും വരുമാനത്തില്‍ നിന്ന് കിഴിവ് നല്‍കുന്ന പഴയ റെജിം ടാക്‌സ് രീതിയില്‍ നിന്ന് വ്യത്യസ്തമായി നികുതി നിരക്ക് കുറച്ചായിരുന്നു പുതിയ രീതി അവതരിപ്പിച്ചത്. ആറുകോടിയോളം വരുന്ന ആദായ നികുതി ദായകരില്‍ വെറും 10 ശതമാനം മാത്രമേ ഈ രീതി സ്വീകരിച്ചിരുന്നുള്ളൂ. ബാക്കി 90 ശതമാനം പേരും സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്ന പഴയ ടാക്‌സ് റെജിം രീതിയെ ഇത്തവണത്തെ ബജറ്റില്‍ പാടെ അവഗണിച്ചിരിക്കുകയാണ്. ഈ വിഭാഗക്കാര്‍ക്ക് ഒരിളവും പുതുതായി നല്‍കിയില്ല. അതിനര്‍ത്ഥം പഴയ ടാക്‌സ് റെജിം രീതി അധിക കാലം തുടരില്ല എന്നുതന്നെയാണ്. കഴിവുകളും ഇളവുകളും ഒന്നും ഇനിമുതല്‍ ഉണ്ടാകില്ല. ഒന്നും എടുത്തുകളഞ്ഞില്ല എന്ന് ആശ്വസിക്കാം.
മ്യൂച്ചൽഫണ്ടിനും ഇൻഷുറൻസിനും തിരിച്ചടി
പുതിയ ടാക്‌സ് റെജിം രീതി ഇടത്തരം ശമ്പള വരുമാനക്കാര്‍ക്ക് ആകര്‍ഷകമാണ് എന്ന് പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍ അതൊരിക്കലും സമ്പാദ്യ ശീലത്തെയോ, നിക്ഷേപങ്ങളെയോ ഒരു രീതിയിലും പ്രോല്‍സാഹിപ്പിക്കുന്നതല്ല. ഏഴ് ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് റിബേറ്റിലൂടെ പുതിയ റെജിമില്‍ നികുതി ഒഴിവാക്കിക്കാടുക്കും എന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
പഴയ റെജിമീലാണ് എങ്കില്‍ ആറ് ലക്ഷം രൂപയോളം വിവിധ നിക്ഷേപ, ചിലവ് ഇനങ്ങളിലായി കിഴിവ് ലഭിക്കുമായിരുന്നു. ഈ കിഴിവിന്റെ പ്രയോജനം ലഭിക്കാനായി ഇടത്തരക്കാര്‍ പ്രോവിഡന്റ് ഫണ്ടിലും, ഇന്‍ഷുറന്‍സ് പോളിസികളിലും മ്യൂച്വല്‍ ഫണ്ടിലും വലിയ തോതില്‍ നിക്ഷേപിക്കുമായിരുന്നു. പുതിയ റെജിമിലേക്ക് എല്ലാവരും മാറാന്‍ നിര്‍ബന്ധിതമാകുന്നതോടെ ഈ നിക്ഷേപങ്ങളില്‍ നല്ലൊരു പങ്കു കുറയുകയോ നിലയ്ക്കുകയോ ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് ഇന്‍ഡസ്ട്രികള്‍ക്കും അത് കനത്ത തിരിച്ചടിയാകും.
പഴയ രീതിയ്ക്ക് ആയുസില്ല
രണ്ട് റെജിം രീതിയും നിലനിര്‍ത്തും എന്ന് പറയുന്നുണ്ടെങ്കിലും പഴയ റെജിമിന് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആയുസ് കിട്ടാന്‍ സാധ്യതയില്ല. ഇതിന്റെ സൂചന ഇത്തവണത്തെ ബജറ്റിലെ അനുബന്ധത്തിൽ കാണാനും കഴിയും.
ശമ്പളവരുമാനത്തിനൊപ്പം ലഘു ബിസിനസോ മറ്റോ ചെയ്ത് വരുമാനമുണ്ടാക്കുന്നവര്‍ക്കും അദര്‍ ഇന്‍കം ഉള്ളവര്‍ക്കും ഒരു തവണകൂടി മാത്രമേ പഴയ റെജിം ഓപ്റ്റ് ചെയ്യാന്‍ കഴിയൂ എന്ന് ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഈ വിഭാഗത്തിലുള്ള നികുതി ദായകര്‍ അടുത്ത വര്‍ഷം മുതല്‍ പുതിയ റെജിം സ്വീകരിക്കാന്‍ ബാധ്യസ്ഥരാകും.
ഇനിയുള്ള ഏതു വര്‍ഷം വേണമെങ്കിലും പഴയ റെജിം അനായാസം നിര്‍ത്തലാക്കാന്‍ കഴിയും. അതിന്റെ ഭാഗമായാണ് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പുതിയ ടാക്‌സ് റെജിം രീതി നിര്‍ബന്ധമാക്കിയതും പഴയ ടാക്‌സ് റെജിം രീതി സ്വീകരിക്കാന്‍ ഓപ്ഷന്‍ മാത്രമായി അനുവദിച്ചിരിക്കുന്നതും.
പുതിയ ടാക്‌സ് റെജിം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ബജറ്റിലെ പുതിയ നിര്‍ദേശങ്ങള്‍ ഇവയാണ്.
∙മൂന്നുലക്ഷം രൂപവരെ നികുതിയില്ല.
∙മൂന്നുമുതല്‍ ആറ് ലക്ഷം വരെ വരുമാനത്തിന് 5% നികുതി
∙ആറ് മുതല്‍ 9 ലക്ഷം വരെ 10 % നികുതി.
∙9 ആറ് മുതല്‍ 12 ലക്ഷം വരെ 15 % നികുതി.
∙12 മുതല്‍ 15 ലക്ഷം വരെ 20 % നികുതി.
∙15 ലക്ഷം മുതല്‍ 30 % നികുതി.
ഈ ഇളവുകളുടെ ആകെത്തുക ഇതാണ്. സ്റ്റാന്റേര്‍ഡ് ഡിഡക്ഷനുശേഷം 9 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് അടുത്തവര്‍ഷം മുതല്‍ 45,000 രൂപയേ ആദായ നികുതി നല്‍കേണ്ടിവരികയുള്ളൂ. വരുമാനത്തിന്റെ അഞ്ച് ശതമാനം വരുമിത്. നേരത്തേ ഇത് 60,000 രൂപയായിരുന്നു. അതായത് വരുമാനത്തിന്റെ 15 ശതമാനം. പുതിയ ഇളവ് പ്രഖ്യാപിച്ചിട്ടും ലാഭം വെറും 15,000 രൂപ.
ഈ ചെറിയ ഇളവ് നല്‍കുന്നതിലൂടെ പ്രതിവര്‍ഷം 35,000 കോടി രൂപയോളമാണ് ഇടത്തരക്കാരുടെ പോക്കറ്റില്‍ തന്നെ ഇരിക്കുക എന്ന വസ്തുത മറക്കുന്നില്ല. പക്ഷേ പഴയ റെജിമിലായിരുന്നു ഈ ഇളവ് എങ്കില്‍ ഇത്രയും രൂപ വിവിധ നിക്ഷേപ സ്‌കീമുകളിലേക്ക് എത്തുമായിരുന്നു. പുതിയ റെജിം സ്വീകരിക്കുന്നവര്‍ക്ക് ഇത്രയും പണം ലാഭിക്കാന്‍ കഴിയുന്നതോടെ അത് വിപണിയില്‍ ചെലഴിക്കപ്പെടാനാണ് കൂടുതല്‍ സാധ്യതയും. ഗവണ്‍മെന്റ് ആഗ്രഹിക്കുന്നതും അതുതന്നെയാണോ എന്നാണ് സംശയം. വ്യക്തിഗത സമ്പാദ്യത്തെ പ്രോല്‍സാഹിപ്പിക്കാതെ അവരുടെ തുച്ഛ വരുമാനം പോലും വിപണിയിലേക്ക് നിര്‍ബന്ധിച്ച് ചിലവഴിപ്പിക്കാനുള്ള നീക്കം ഇടത്തരക്കാരന്റെ സാമ്പത്തിക മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും എന്നതില്‍ സംശയമില്ല.
English Summary : New Income Tax Announcements Hit the Saving Habits of Common Man
(പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റാണ് ലേഖകന്‍. ഇ മെയില്‍ jayakumarkk8@gmail.com)