പുതുസാമ്പത്തിക വർഷ പ്രതീക്ഷകൾ നാമ്പിട്ട് ആഗോള , ഇന്ത്യൻ വിപണികൾ
Mail This Article
പുതിയ ബാങ്കിങ് പ്രതിസന്ധികൾ ഉയർന്ന് വരാതിരുന്നത് രാജ്യാന്തര വിപണിക്ക് നൽകിയ തിരിച്ചു വരവ് ഇന്ത്യൻ വിപണിക്കും കഴിഞ്ഞ ആഴ്ച അനുകൂലമായി. ഐടി, ബാങ്കിങ്, എനർജി, ഇൻഫ്രാ, മെറ്റൽ, റിയാലിറ്റി സെക്ടറുകൾ കഴിഞ്ഞ ആഴ്ച മികച്ച തിരിച്ചു വരവ് നടത്തി. റിലയൻസ്, ഇൻഫോസിസ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ഇരട്ടകൾ എന്നീ ഓഹരികളുടെ വെള്ളിയാഴ്ചത്തെ മികച്ച കുതിപ്പാണ് ഇന്ത്യൻ സൂചികകളുടെ അവസാനപാദ നഷ്ടത്തിന്റെ ആഴം കുറച്ചത്.
ആഴ്ചയുടെ ആദ്യ രണ്ട് ദിനങ്ങളിൽ ചാഞ്ചാട്ടങ്ങൾക്ക് ശേഷം നേരിയ നഷ്ടം കുറിച്ച ഇന്ത്യൻ വിപണി അവസാന രണ്ട് ദിനങ്ങളിലും കുതിപ്പ് നടത്തി പുതിയ സാമ്പത്തിക വർഷത്തിലേക്ക് പ്രതീക്ഷയോടെയാണ് പ്രവേശിക്കുന്നത്. സെപ്റ്റംബറിലാവസാനിച്ച രണ്ടാം പാദത്തിലും, ഡിസംബറിലാവസാനിച്ച മൂന്നാം പാദത്തിലും നേട്ടം കുറിച്ച ഇന്ത്യൻ വിപണി അവസാന പാദം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആരംഭിച്ച ഇടിവ് അവസാനിച്ചേക്കുമെന്നത് തന്നെയാണ് ലോക വിപണിക്കൊപ്പം ഇന്ത്യൻ വിപണിയുടെയും പുതുസാമ്പത്തിക വർഷ പ്രതീക്ഷ. വരുന്ന ആഴ്ചയിലെ വിപണിയുടെ പ്രതീക്ഷകളും സാധ്യതകളും വിലയിരുത്തുകയാണ് കൊച്ചിയിലെ ബഡ്സിങ് പോർട്‍ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.
ആർബി ഐ നിരക്ക് വർദ്ധന
അടുത്ത വ്യാഴാഴ്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും പുതിയ നയപ്രഖ്യാപനവും റിപ്പോ നിരക്കുകളൂം പ്രഖ്യാപിക്കുന്നതും ഇന്ത്യൻ വിപണിക്ക്, പ്രത്യേകിച്ച് ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ, റിയൽറ്റി സെക്ടറുകൾ പ്രധാനമാണ്.
പണപ്പെരുപ്പം കുറയുന്നു
വെള്ളിയാഴ്ചത്തെ മുന്നേറ്റത്തോടെ അമേരിക്കയുടെ എസ്&പി500 സൂചിക തുടർച്ചയായ രണ്ടാമത്തെ പാദത്തിലും നേട്ടം കുറിച്ചപ്പോൾ തുടർച്ചയായ അഞ്ച് പാദങ്ങളിൽ നഷ്ടം കുറിച്ച ശേഷം നാസ്ഡാക് ഈ വർഷത്തിലെ ആദ്യ പാദത്തിൽ മികച്ച മുന്നേറ്റം നടത്തി. ബാങ്കിങ് ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ഡൗ ജോൺസ് കഴിഞ്ഞ പാദത്തിൽ ഫ്ലാറ്റ് ക്ലോസിങ് നടത്തി.
വെള്ളിയാഴ്ച പുറത്ത് വന്ന പിസിഇ വില സൂചികയും വളർച്ച ശോഷണം സൂചിപ്പിച്ചതിന് പിന്നാലെ തൊഴിൽ വിപണിക്ക് വലിയ കോട്ടം വരുത്താതെ തന്നെ പണപ്പെരുപ്പം നിയന്ത്രിതമാക്കാൻ സാധിക്കുമെന്ന ഫെഡ് ഗവർണർ ക്രിസ്റ്റഫർ വാലരുടെ പ്രസ്താവനയും ഫെഡ് വലിയ നിരക്ക് വർധനകൾ മുതിർന്നേക്കില്ല എന്ന സൂചന നൽകുന്നത് വെള്ളിയാഴ്ച അമേരിക്കൻ വിപണിക്ക് കുതിപ്പ് നൽകി. നാസ്ഡാക് വെള്ളിയാഴ്ച1.74% മുന്നേറി. .
ഫെഡ് നിരക്ക് വർദ്ധന ഇനി മെയ് മാസത്തിൽ
ഫെഡ് റിസേർവിന്റെ അടുത്ത മീറ്റിങ് മെയ് മാസത്തിലെ ഉള്ളൂ എന്നതും വിപണിക്ക് തത്കാലം ആശ്വാസമാണ്. കുറയുന്ന പണപ്പെരുപ്പവും, ജിഡിപി അടക്കമുള്ള സാമ്പത്തിക വിവരക്കണക്കുകൾ വളർച്ച ശോഷണം കാണിക്കുന്നതും ഫെഡിനെ തുടർനിരക്ക് വർദ്ധനയിൽ നിന്നും വിലക്കിയേക്കാം. അമേരിക്കൻ-യൂറോപ്യൻ ബാങ്കുകൾ പ്രതിസന്ധി ഘട്ടം തരണം ചെയ്തു എന്ന വിപണി ധാരണയും, വളരെ ഉയർന്ന പലിശ നിരക്കുകൾ ബാങ്കുകളുടെയും, ധനകാര്യ സ്ഥാപനങ്ങളുടെയും ആരോഗ്യം നശിപ്പിച്ചു കഴിഞ്ഞു എന്ന സൂചനയും അമേരിക്കൻ ഫെഡിനെ നിരക്ക് വർധനയിൽ നിന്നും തടയുമെന്ന പ്രതീക്ഷയിലാണ് വിപണി മുന്നേറുന്നത്.
ഇസിബി കഴിഞ്ഞ യോഗത്തിലും മുൻധാരണ പ്രകാരം നിരക്ക് വർദ്ധന നടത്തിയെങ്കിലും തുടർ നിരക്ക് വർദ്ധന സൂചനകൾ ഒഴിവാക്കിയത് വിപണിക്ക് പ്രതീക്ഷയാണ്.
ഏണിങ് സീസൺ
ബാങ്ക് വീഴ്ചയുടെ ഭയത്തിൽ നിന്നും കരകയറിയ ലോക വിപണി പുതിയ ഏണിങ് സീസണിലേക്ക് പ്രതീക്ഷയോടെ പ്രവേശിക്കുകയാണ്. ബാങ്കിങ്, ഫിനാൻഷ്യൽ, കൺസ്യൂമർ സെക്ടറുകളിൽ മികച്ച റിസൾട്ടുകൾ വിപണി പ്രതീക്ഷിക്കുന്നില്ല എന്നതും അനുകൂലമാണ്.
ഇന്ത്യൻ വിപണിയിലും നാലാം പാദ റിസൾട്ടുകൾക്ക് ഈ ആഴ്ച തുടക്കമാകും. ഐടി റിസൾട്ടുകൾ ഇന്ത്യൻ വിപണിക്ക് വീണ്ടും മുന്നേറ്റം നൽകിയേക്കാം. ടിസിഎസ് ഏപ്രിൽ പന്ത്രണ്ടിനും ഇൻഫോസിസ് ഏപ്രിൽ പതിമൂന്നിനും നാലാം പാദ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്ക് ഏപ്രിൽ 15 നും ഐസിഐസിഐ ബാങ്ക് ഏപ്രിൽ 22നും റിസൾട്ട് പ്രഖ്യാപിക്കുന്നു.
അടുത്ത ആഴ്ചയിലെ അവധികൾ
നാളെ മുതൽ മൂന്ന് ദിവസത്തേക്ക് ചൈനീസ് വിപണിക്ക് അവധിയാണെന്നതും ഇന്ത്യൻ വിപണിക്ക് അനുകൂലമായേക്കാം. ഇന്ത്യൻ വിപണി ചൊവ്വാഴ്ച മഹാവീർ ജയന്തിയും, വെള്ളിയാഴ്ച ദുഃഖവെള്ളിയും പ്രമാണിച്ച് രണ്ട് ദിനങ്ങളിൽ അവധിയായിരിക്കും. ദുഃഖ വെള്ളി പ്രമാണിച്ച് പ്രമുഖ വിപണികൾക്കെല്ലാം അവധിയാണ്.
ഓഹരികളും സെക്ടറുകളും
റിലയൻസ് ഡയറക്ടർ ബോർഡ് ജിയോ ഫിനാൻഷ്യൽ സെർവീസസിനെ ‘’ഡീമെർജ്’’ ചെയ്യാൻ അനുമതി നൽകിയത് റിലയൻസിന് 4% മുന്നേറ്റം നൽകി. മെയ് രണ്ടിന് തീരുമാനത്തിന് അനുമതി ലഭിക്കുന്ന മുറക്ക് റിലയൻസ് ഓഹരി ഉടമകൾക്ക് ഓരോ ജിയോ ഫിനാൻഷ്യൽ ഓഹരികളും ലഭ്യമാകും. റിലയൻസ് ഈ വർഷം കൂടുതൽ ഡീമെർജെറുകൾ പ്രതീക്ഷിക്കുന്നു.
∙സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ആഴ്ചയിലെ 36400ൽ പരം കോടിയുടെ ഡിഫൻസ് കോൺട്രാക്ടുകൾ ഇന്ത്യൻ പൊതുമേഖല പ്രതിരോധ ഓഹരികൾക്ക് മുന്നേറ്റം നൽകി.
∙17000 കോടിയിൽ പരം രൂപയുടെ വിവിധ ഓർഡറുകൾ സ്വന്തമാക്കിക്കഴിഞ്ഞ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് വെള്ളിയാഴ്ച മികച്ച മുന്നേറ്റം നേടി.
∙പുതു തലമുറ മിസൈൽവേദ യുദ്ധക്കപ്പലുകൾക്കായി 9805 കോടി രൂപയുടെ ഓർഡർ ലഭിച്ചത് കൊച്ചിൻ ഷിപ്യാർഡിനും മുന്നേറ്റം നൽകി.
∙ദീർഘകാല നിക്ഷേപകർക്ക് എച്ച്എഎല്ലിനൊപ്പം ബിഇഎലും, ബിഡിഎലും, കപ്പൽ നിർമാണ ഓഹരികളും അതിദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കാം.
∙അഭ്യന്തര പവർ ട്രാൻസ്മിഷൻ, വിതരണ മേഖലയിൽ വിവിധ കോൺട്രാക്ടുകൾ ലഭ്യമായതിനെ കുറിച്ച് വെള്ളിയാഴ്ച പ്രഖ്യാപനം നടത്തിയത് എൽ&ടിക്ക് അനുകൂലമാണ്. എൽ&ടി കഴിഞ്ഞ ആഴ്ചയിൽ 7000 കോടി രൂപ മൂല്യമുള്ള രാജ്യാന്തര ഹൈഡ്രോ കാർബൺ കോൺട്രാക്ട് സ്വന്തമാക്കിയിരുന്നു.
∙ഇന്നലെ മുതൽ 2000 രൂപയിൽ കൂടുതലുള്ള യൂപിഐ പണമിടപാടുകൾക്ക് പണമീടാക്കിത്തുടങ്ങിയത് പേടിഎമ്മിന് അനുകൂലമാണ്. പേടിഎം ഉപഭോക്താക്കൾ മറ്റ് വാലറ്റുകളുടെയോ ബാങ്കുകളുടെയോ ക്യുആർ കോഡുകൾ ഉപയോഗിച്ച് പണമടക്കുമ്പോൾ പേടിഎമ്മിന് 1.1% ഇന്റർചേഞ്ച് റവന്യു ആയി ലഭിക്കും.
∙കടൽ ജലം ശുദ്ധീകരിച്ച് ചെന്നൈ സിറ്റിയിൽ വിതരണം നടത്താനുള്ള 4400 കോടി രൂപയുടെ കോൺട്രാക്ട് ലഭിച്ചത് വാടെക്ക് വബാഗിന് അനുകൂലമാണ്.
ക്രൂഡ് ഓയിൽ
ബാങ്കിങ് പ്രതിസന്ധികളിൽ തട്ടിവീണ ക്രൂഡ് ഓയിൽ പ്രതിസന്ധികൾ ഒഴിവായിത്തുടങ്ങിയതിനെ തുടർന്ന് വീണ്ടും തിരിച്ചു കയറി. കുർദിഷ് ഓയിൽ വിപണിയിൽ നിന്നും ഒഴിവായതും ക്രൂഡ് ഓയിലിന് കഴിഞ്ഞ ആഴ്ചയിൽ അനുകൂലമായി. സെനറ്റിന്റെ പരിഗണയിലുള്ള അമേരിക്കൻ എനർജി ബിൽ ക്രൂഡ് ഓയിലിന് നിർണായകമാണ്. വെള്ളിയാഴ്ചത്തെ മുന്നേറ്റത്തോടെ ബ്രെന്റ് ക്രൂഡ് ഓയിൽ 80 ഡോളറിന് തൊട്ടടുത്താണ് വ്യാപാരം അവസാനിപ്പിച്ചത്.
സ്വർണം
പിസിഇ ഡേറ്റയിലെ തിരുത്തൽ വെള്ളിയാഴ്ച ബോണ്ട് യീൽഡിലും വീഴ്ചക്ക് കാരണമായത് സ്വർണത്തിന് 2005 ഡോളർ വരെ മുന്നേറ്റം നൽകിയെങ്കിലും പിന്നീട് ലാഭമെടുക്കലിൽ വീണ് 1986 ഡോളറിൽ വ്യാപാരമവസാനിപ്പിച്ചു. അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 3.47%ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വാട്സാപ് : 8606666722
English Summary : Global Stock Market Next Week
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക