ADVERTISEMENT

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) ഓഹരി വിപണിയുടെ പ്രകടനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആകര്‍ഷകമായിരുന്നില്ല. പണപ്പെരുപ്പം, ആഗോളതലത്തില്‍ കേന്ദ്ര ബാങ്കുകള്‍ പിലിശ നിരക്ക് ഉയര്‍ത്തിയത്, റഷ്യ-യുക്രെയ്ന്‍ യുദ്ധം, അദാനി ഗ്രൂപ്പിലെ പ്രശ്നങ്ങള്‍, യുഎസ് ബാങ്കുകളിലെ പ്രതിസന്ധി തുടങ്ങിയവയൊക്കെ ഇന്ത്യന്‍ വിപണിയില്‍ ചലനങ്ങളുണ്ടാക്കി.  

അവസാന വ്യാപാര ദിനമായിരുന്ന മാര്‍ച്ച് 31ന് സെന്‍സെക്സ് 1031.43 പോയിന്റ് ഉയര്‍ന്ന് (1.78 %) 58,991.52ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 279.05 പോയിന്റ് കയറി (1.63%) 17,359.75 പോയിന്റിലുമെത്തി. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ സെന്‍സെക്സ് 0.7 ശതമാനത്തിന്റെ നേരിയ നേട്ടത്തിലും നിഫ്റ്റി50 0.6 ശതമാനം ഇടിവിലുമാണ് സാമ്പത്തിക വര്‍ഷം അവസാനിപ്പിച്ചത്. 2021-22 കാലയളവില്‍ സെന്‍സെക്സും നിഫ്റ്റിയും യഥാക്രമം 18.3%,18.9% നേട്ടം നല്‍കിയിരുന്നു.  

നിഫ്റ്റി സ്മോള്‍ ക്യാപ് ഇന്‍ഡക്സ് 14 ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്റ്റി ബാങ്ക് 11 ശതമാനവും മിഡ്കാപ് ഇന്‍ഡക്സ് 1.4 ശതമാനവും ഉയര്‍ന്നു.  2022-23 കാലളവില്‍ ഡിസംബര്‍ ഒന്നിന് നിഫ്റ്റി റെക്കോര്‍ഡ് നിരക്കായ 18,812 പോയിന്റിലെത്തിയിരുന്നു. 15,293 പോയിന്റായിരുന്നു(ജൂലൈ 17) നിഫ്റ്റിയുടെ താഴ്ന്ന നില.  63,583 പോയിന്റ് വരെ ഉയര്‍ന്ന സെന്‍സെക്സ് 50,921 എന്ന താഴ്ചയും കണ്ടു.

നേട്ടമുണ്ടാക്കിയവര്‍ (നിഫ്റ്റി50)

നിഫ്റ്റി50 സൂചികയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ കമ്പനി ഐടിസിയാണ്. 2022 മാര്‍ച്ച് 31 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ഓഹരി വില 53 ശതമാനമാണ് ഉയര്‍ന്നത്. അതായത് ഓഹരി വില 250.7ല്‍ നിന്ന് 383.20 രൂപയായി ഉയര്‍ന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (43.7%), ബ്രിട്ടാണിയ (34.8%) എന്‍ടിപിസി (29.7%), എച്ച് യുഎല്‍ (25 %) എന്നിവയാണ് നേട്ടമുണ്ടാക്കിയവരില്‍ മുന്‍പന്തിയിലുള്ള മറ്റ് കമ്പനികള്‍.

വിപ്രോ (-38.3%) ആണ് നിഫ്റ്റി50 യില്‍ ഏറ്റവും കൂടുതല്‍ ഇടിവ് നേരിട്ട ഓഹരി. ഡിവിസ് ലാബോറട്ടറീസ് (-35.9), ഹിന്‍ഡാല്‍കോ (-28.8), ടെക് മഹീന്ദ്ര (-26.5) ബജാജ് ഫിന്‍സെര്‍വ് (-25.8) എന്നിവയാണ് വിപ്രോയ്ക്ക് പിന്നാലെയുള്ളവ.  

നിക്ഷേപം ഇരട്ടിപ്പിച്ചവ

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓഹരി വിപണിയില്‍ നിക്ഷേപം ഇരട്ടിപ്പിച്ച ഓഹരികളില്‍ അപാര്‍ ഇന്‍ഡസ്ട്രീസാണ് മുന്നില്‍. അപാറിന്റെ ഓഹരി വിലയില്‍ 280 ശതമാനം വര്‍ധനവാണ് ഉണ്ടായത്. മസഗാവോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ഓഹരികള്‍ 162 ശതമാനത്തോളം ഉയര്‍ന്നു. ബിഎല്‍എസ് (171%), ഫിനോലെക്സ് കേബിള്‍സ് (118%) കരൂര്‍ (123%) ആര്‍വിഎന്‍എല്‍ (109%) എന്നിവയുടെ ഓഹരികളും ഇരട്ടിയിലധികം നേട്ടം നല്‍കി.

ഇക്കാലയളവില്‍ ആദ്യമായി  ഇന്ത്യ  ലോകത്തെ ടോപ് 5 ഓഹരി വിപണികളുടെ പട്ടികയില്‍ ഇടംപിടിച്ചു. 3 ട്രില്യണ്‍ ഡോളറിന് മുകളിലാണ് രാജ്യത്തെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം. യുഎസും ചൈനയുമാണ് വലുപ്പത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളവ. ആഗോളതലത്തില്‍ ഇന്ത്യന്‍ വിപണികള്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. 23 വികസിത രാജ്യങ്ങളിലെ ഓഹരി വിപണിയുടെ പ്രകടനം അളക്കുന്ന എംഎസ് സിഐ വേള്‍ഡ് ഇന്‍ഡക് 10.3 ശതമാനവും എംഎസ് സിഐ എമര്‍ജിങ് മാര്‍ക്കറ്റ് ഇന്‍ഡെക്സ് 14.2 ശതമാനവും ആണ് 2022-23 കാലയളവില്‍ ഇടിഞ്ഞത്.

വിദേശ സ്ഥാപന നിക്ഷേപകര്‍ 38,377 കോടി രൂപയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. അതേ സമയം രാജ്യത്തെ സ്ഥാപന നിക്ഷേപകര്‍ 1.7 ട്രില്യണ്‍ രൂപയുടെ ഓഹരികള്‍ വാങ്ങി. ചെറുകിട നിക്ഷേപകരുടെ സാന്നിധ്യവും വിപണിയിലെ പണലഭ്യത നിലനിര്‍ത്താന്‍ സഹായകരമായി. ഈ സാമ്പത്തിക വര്‍ഷവും കാര്യമായ കുതിപ്പ് വിപണിയില്‍ ഉണ്ടാകാനിടയില്ല എന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തല്‍.

English Summary : Share Market Performance Last Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com