മാസത്തിലെ അവസാന ദിവസം രാജ്യാന്തര വിപണി സമ്മർദ്ദത്തിൽ ഇന്ത്യൻ വിപണി നഷ്ടം കുറിച്ചെങ്കിലും മെയ് മാസത്തിൽ ഇന്ത്യൻ വിപണി രണ്ട് ശതമാനത്തിൽ കൂടുതൽ നേട്ടമുണ്ടാക്കി. അമേരിക്കൻ വിപണിയിലെ ‘’ഡെറ്റ് ഡീൽ’’ ഭയവും, ചൈനീസ് മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ വല്ലാതെ മോശമായതും ഇന്ന് ഏഷ്യൻ-യൂറോപ്യൻ വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിക്കും തിരുത്തൽ നൽകി.
ബാങ്കിങ്, ഫിനാൻസ് മെറ്റൽ, എനർജി സെക്ടറുകൾക്കൊപ്പം റിലയൻസിന്റെ 2% വീഴ്ചയും ഇന്ത്യൻ വിപണിയുടെ ഗതി നിർണയിച്ചു. അവസാനം വരെ പിടിച്ചു നിന്ന ഐടി സെക്ടറും ടിസിഎസിന്റെയും, ഇൻഫിയുടെയും വീഴ്ചയോടെ നേട്ടം കൈവിട്ടെങ്കിലും ഫാർമ, റിയൽറ്റി, ഓട്ടോ സെക്ടറുകൾ ഇന്ന് നേട്ടം കുറിച്ചു.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
ഇന്ന് 18600 പോയിന്റിൽ താഴെ വ്യാപാരം ആരംഭിച്ച നിഫ്റ്റി 18480 പോയിന്റിൽ പിന്തുണ നേടി 18534 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. 18480 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 18400 പോയിന്റിലും 18330 പോയിന്റയിലുമാണ് നിഫ്റ്റിയുടെ അടുത്ത പിന്തുണകൾ. 18600 പോയിന്റിലും, 18660 പോയിന്റിലുമായി നിഫ്റ്റി വില്പന സമ്മർദ്ദം നേരിട്ടേക്കാം.
എച്ച്ഡിഎഫ്സി ബാങ്കും, എസ്ബിഐയും, ആക്സിസ് ബാങ്കും വില്പനസമ്മർദ്ദത്തിൽ വീണപ്പോൾ ബാങ്ക് നിഫ്റ്റി 43800 പോയിന്റിലേക്ക് ഇറങ്ങി. 308 പോയിന്റുകൾ നഷ്ടമായി 44128 പോയിന്റിലേക്ക് വീണ ബാങ്ക് നിഫ്റ്റിക്ക് 43800 പോയിന്റിലെ പിന്തുണ നാളെയും നിർണായകമാണ്. 43500 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത പ്രധാന പിന്തുണ.
27,000 കടന്ന് മിഡ് കാപ് സൂചിക, നേട്ടമുണ്ടാക്കിയ ഓഹരികള്‍ ഇവയാണ്...Read more at:
ഇന്ത്യൻ ജിഡിപി
ഇന്ന് വരാനിരിക്കുന്ന നാലാം പാദ ജിഡിപി കണക്കുകളും നാളെ ഇന്ത്യൻ വിപണിയെ സ്വാധീനിക്കും. മുൻ പാദത്തിൽ 4.4%വും, സെപ്റ്റംബറിലവസാനിച്ച പാദത്തിൽ 6.3%വും വളർച്ച നേടിയ ഇന്ത്യൻ ആഭ്യന്തര ഉത്പാദനം കഴിഞ്ഞ പാദത്തിൽ 4.6% വളർന്നിട്ടുണ്ടുകാമെന്നാണ് പ്രതീക്ഷ.
ഓട്ടോ ഡേറ്റ നാളെ
മെയ് മാസത്തിലെ വാഹന വില്പന കണക്കുകൾ വരാനിരിക്കുന്നത് നാളെ ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് പ്രധാനമാണ്.
അമേരിക്കൻ ഡെറ്റ് ഡീൽ വോട്ടിങ്
അമേരിക്കൻ ഡെറ്റ് ഡീലിന്മേൽ ഇന്ന് അമേരിക്കൻ കോൺഗ്രസിൽ നടക്കാനിരിക്കുന്ന വോട്ടിങ്ങിലാണ് ഇന്ന് ലോക വിപണിയുടെ ശ്രദ്ധ. റിപ്പബ്ലിക്കൻ പക്ഷവും ഉപാധികളോടെ അമേരിക്കയുടെ കടമെടുപ്പ് പരിധി ഒഴിവാക്കാനായി ഭരണ പക്ഷത്തോട് സഹകരിക്കാൻ ധാരണയായെങ്കിലും ഇരുപക്ഷത്തേയും കടുപ്പക്കാർ അമേരിക്കയെ ‘ഡീഫോൾട്ടിലേക്ക്’ തള്ളിയിടുമോ എന്നാണ് ലോക വിപണിയുടെ ആശങ്ക. അമേരിക്കൻ ഫ്യൂച്ചറുകളും, ബോണ്ട് യീൽഡും നഷ്ടത്തിലാണ് തുടരുന്നത്.
ചൈനീസ് പിഎംഐ
ചൈനയുടെ മെയ് മാസത്തിലെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ 48.8 പോയിന്റിലേക്ക് വീണത് ലോക വിപണിക്ക് അപ്രതീക്ഷിത തിരിച്ചടിയായി. കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ വർഷം തിരിച്ചടി നേരിട്ട ചൈനീസ് വ്യവസായികോല്പാദന മേഖല ഒട്ടും മുന്നേറിയില്ലെന്ന സൂചന ലോക വിപണിക്ക് പുതിയ ആശങ്കയാണ്.
ക്രൂഡ് ഓയിൽ
മോശം ചൈനീസ് പിഎംഐ ഡേറ്റയുടെ സ്വാധീനത്തിൽ ക്രൂഡ് ഓയിൽ തിരുത്തൽ നേരിട്ടു. ബ്രെന്റ് ക്രൂഡ് ഓയിൽ വില 2% നഷ്ടത്തിൽ 72 ഡോളറിനും താഴെയെത്തി. നാച്ചുറൽ ഗ്യാസും, കോപ്പറും, സിങ്കും, നിക്കലും നഷ്ടത്തിലാണ്.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക