ADVERTISEMENT

ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥ വ്യതിയാനമാണെന്ന കാര്യത്തില്‍ ഇന്ന് തര്‍ക്കമുണ്ടാകാനിടയില്ല. മനുഷ്യന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഒന്നാണല്ലോ അത്. ലോകമൊട്ടുക്കുള്ള വ്യവസായങ്ങളെയും കാലവസ്ഥ വ്യതിയാനം ബാധിക്കാന്‍ തുടങ്ങി. അതിനാല്‍ തന്നെ ഇന്ന് ഹരിത സമ്പദ് വ്യവസ്ഥയും ഹരിത ബിസിനസുകളുമെല്ലാം കൂടുതല്‍ പ്രചാരം നേടിവരുന്നു.

കാലാവസ്ഥയെ ദോഷകരമായ രീതിയില്‍ ബാധിക്കുന്ന ബിസിനസുകള്‍ക്ക് ഫണ്ടിങ് പോലും ലഭിക്കാത്ത സ്ഥിതി പലയിടങ്ങളിലുമുണ്ട്. കാലാവസ്ഥ വ്യതിയാനവും ഓഹരി വിപണിയും തമ്മില്‍ ബന്ധമുണ്ടോ? അങ്ങനെ പ്രത്യക്ഷമായി വലിയ ബന്ധമൊന്നുമില്ല. എന്നാല്‍ ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചുകുലുക്കിയ ഒരു സ്റ്റാര്‍ട്ടപ്പും കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടവുമായി വലിയ ബന്ധമുണ്ട്. പറഞ്ഞുവരുന്നത് സിറോധയെക്കുറിച്ചാണ്. ഡിസ്‌ക്കൗണ്ട് ബ്രോക്കിങ്ങിലൂടെ ഇന്ത്യന്‍ ഓഹരിവിപണിയെ വിപ്ലവാത്മകരീതിയില്‍ മാറ്റിമറിച്ച ഓണ്‍ലൈന്‍ സ്‌റ്റോക്ക് ബ്രോക്കിങ് സ്റ്റാര്‍ട്ടപ്പാണ് സിറോധ.

റെയ്ന്‍മാറ്റര്‍

സിറോധയുടെ സഹസ്ഥാപകനും സിഇഒയുമായ നിതിന്‍ കാമത്തും ചീഫ് ടെക്‌നോളജി ഓഫീസര്‍ കൈലാഷ് നാഥും ചേര്‍ന്ന് തുടങ്ങിയ റെയ്ന്‍മാറ്റര്‍ ഫൗണ്ടേഷന്‍ കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തില്‍ ശ്രദ്ധ നേടിത്തുടങ്ങുകയാണ്. 1600 കോടി രൂപ ഇതിനോടകം തന്നെ കാലാവസ്ഥയുമായി ബന്ധപ്പെട്ട സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സംരംഭം നീക്കിവെച്ചുകഴിഞ്ഞു. നിരവധി പേരെ ഓഹരി വിപണിയിലേക്കെത്തിച്ച് സമ്പത്തുണ്ടാക്കാന്‍ സഹായിച്ച സിറോധ ഓഹരിവിപണിയെ ഒന്ന് പിടിച്ചുകുലുക്കുകയാണ് ചെയ്തത്. സമാനമായി കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തെയും ജനകീയവല്‍ക്കരിക്കുന്നതിനും സാമ്പത്തിക പിന്തുണ നല്‍കുന്നതിനും റെയ്ന്‍മാറ്ററിനു സാധിക്കുമെന്ന പ്രതീക്ഷയാണ് നിതിന്‍ കാമത്തിന്. ശതകോടീശ്വര സംരംഭകനാണ് നിതിന്‍ കാമത്ത്. 36കാരനായ അദ്ദേഹം തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ച് വാറന്‍ ബഫറ്റും ബില്‍ ഗേറ്റ്‌സുമെല്ലാം തുടക്കമിട്ട ഗിവിങ് പ്ലെഡ്ജ് മുന്നേറ്റത്തിന്റെയും ഭാഗമായി കഴിഞ്ഞു.

വ്യത്യസ്ത തുടക്കം

ഒരിക്കലും പരസ്യം ചെയ്യാത്ത, പെട്ടെന്ന് വളര്‍ച്ച വേണമെന്നാഗ്രഹിക്കാത്ത, ലാഭക്ഷമത വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന വ്യത്യസ്ത സ്റ്റാര്‍ട്ടപ്പാണ് സിറോധ. നിതിനും സഹോദരന്‍ നിഖിലും ചേര്‍ന്ന് 2010ല്‍ തുടക്കമിട്ട സ്റ്റാര്‍ട്ടപ്പില്‍ കൈലാഷ് നാഥിന്റെ കാലാവസ്ഥ പ്രേമം കൂടി ചേര്‍ന്നതോടെയാണ് റെയ്ന്‍ മാറ്റര്‍ ഫൗണ്ടേഷന് തുടക്കമായത്. വേസ്റ്റ് മാനേജ്‌മെന്റിന്റെ കാര്യത്തിലടക്കം വളരെ കണിശതയാര്‍ന്ന സമീപനം കൈലാഷ് നാഥ് ഓഫീസില്‍ പുലര്‍ത്തിയിരുന്നതായി നിതിന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മില്‍ അവസാനിക്കാത്ത ചര്‍ച്ചകള്‍ കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട് പതിവായിരുന്നു. ഇതാണ് റെയ്ന്‍മാറ്റര്‍ ഫൗണ്ടേഷനിലേക്ക് എത്തിയത്.

2015ല്‍ ഒരു ഫിന്‍ടെക് ഫണ്ട് എന്ന രീതിയില്‍ റെയ്ന്‍മാറ്റര്‍ കാപ്പിറ്റല്‍ എന്ന പേരിലാണ് സംരംഭത്തിന് തുടക്കം കുറിക്കുന്നത്. സുസ്ഥിര കൃഷിയിലും വനസംരക്ഷണത്തിലുമെല്ലാം സജീവമായ സമീര്‍ സിസോധിയെ കണ്ടുമുട്ടുന്നതോടെയാണ് 2020ല്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായത്. 100 മില്യണ്‍ ഡോളറാണ് തുടക്കത്തില്‍ തന്നെ സിറോധ കാലാവസ്ഥ അനുബന്ധ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി നീക്കിവെച്ചത്. സമീറാണ് റെയ്ന്‍മാറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍.

English Summary : Ecofriendly Initiatives of Rainmatter Foundation

 

81 പദ്ധതികള്‍ക്കായി ഇതിനോടകം തന്നെ 200 കോടി രൂപ റെയ്ന്‍മാറ്റര്‍ ഫൗണ്ടേഷന്‍ ചെലവഴിച്ചുകഴിഞ്ഞു. 250 കോടി രൂപയുടെ പദ്ധതികള്‍ ഈ വര്‍ഷം നടപ്പാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com