ADVERTISEMENT

കഴിഞ്ഞ ആഴ്ചയുടെ അവസാനത്തെ രണ്ട് സെഷനുകളിലെ തകർച്ചയോടെ ഇന്ത്യൻ മുൻനിര സൂചികകൾ ജൂണിന് ശേഷമുള്ള ഏറ്റവും മോശം നിരക്കിലേക്ക് ഇറങ്ങി. ജൂലൈ 20ന് 20000 പോയിന്റിന് തൊട്ടടുത്തെത്തിയ ശേഷം തിരിച്ചിറങ്ങി തുടങ്ങിയ നിഫ്റ്റി 19229 വരെ ഇറങ്ങിയ ശേഷം 19265 പോയിന്റിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി 1000 പോയിന്റോളം നഷ്ടമായ സെൻസെക്സ് വെള്ളിയാഴ്ച 64886 പോയിന്റിൽ ക്ളോസ് ചെയ്തു. വ്യാഴാഴ്ച ആഭ്യന്തര നിക്ഷേപകർക്കൊപ്പം വാങ്ങലുകാരായ വിദേശഫണ്ടുകൾ വെള്ളിയാഴ്ച 4638 കോടി രൂപയുടെ അധിക വില്പന നടത്തിയതും ഇന്ത്യൻ വിപണിക്ക് ക്ഷീണമായി. 

ജാക്സൺ ഹോൾ സിമ്പോസിയത്തിന് മുന്നോടിയായി ഡോളറിന്റെ മുന്നേറ്റത്തിൽ വീണ അമേരിക്കൻ വിപണിക്ക് എൻവിഡിയയുടെ മികച്ച റിസൾട്ടും, പണപ്പെരുപ്പവളർച്ച നിയന്ത്രണത്തിനായി നിരക്ക് വർദ്ധന ശ്രദ്ധാപൂർവം പരിഗണിക്കുമെന്ന ഫെഡ് ചെയർമാന്റെ പ്രസ്താവനയും അനുകൂലമായി. ലോക വിപണിയും കഴിഞ്ഞ ആഴ്ചയിൽ ഫെഡ് ചെയർമാന്റെ ‘’മോശം’’ പ്രസ്താവന ‘’ഭയന്ന്’’ വില്പന സമ്മർദ്ദത്തിൽ ചാഞ്ചാട്ടം നേരിട്ടു. അമേരിക്കൻ യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച നേട്ടത്തിലാണ് ക്ളോസ് ചെയ്തത്. നാളെ ഏഷ്യൻ വിപണികളും വെള്ളിയാഴ്ചത്തെ അമേരിക്കൻ വിപണി മുന്നേറ്റത്തിന്റെ പിന്തുണ പ്രതീക്ഷിക്കുന്നു. 

down

നിയന്ത്രണങ്ങൾ തുടരാൻ ഫെഡും ഇസിബിയും 

2022ലെ ജാക്സൺ ഹോൾ സിമ്പോസിയത്തിൽ ‘’ക്രാഷ് ലാൻഡിങ്ങിനെ’’ കുറിച്ച് സൂചിപ്പിച്ച ഫെഡ് ചെയർമാൻ ഇത്തവണയും കടുത്ത പ്രയോഗങ്ങളിലൂടെ വീണ്ടും വിഷമിപ്പിച്ചേക്കുമെന്ന് ഭയന്നിരുന്ന വിപണിക്ക് ജെറോം പവലിന്റെ സമതുലിതമായ പ്രസ്താവനകൾ വെള്ളിയാഴ്ച ആശ്വാസമുന്നേറ്റം നൽകി. അമേരിക്കൻ പണപ്പെരുപ്പം നിയന്ത്രിതമാണെങ്കിലും 2% എന്ന ഫെഡ് റിസർവിന്റെ ലക്ഷ്യത്തിൽ നിന്നും ഏറെ അകലെയാണെന്നും, നിയന്ത്രിത നയം തന്നെ തത്കാലം പിന്തുടരാൻ ഉദ്ദേശിക്കുന്ന ഫെഡ് ‘ആവശ്യമെങ്കിൽ’ നിരക്ക് വർദ്ധനവിനും മടിക്കില്ല എന്നും ഫെഡ് ചെയർമാൻ സൂചിപ്പിച്ചത് വിപണിക്ക് ആശ്വാസമായി. അമേരിക്കയുടെ തുടർ പണപ്പെരുപ്പ കണക്കുകൾക്കൊപ്പം ജിഡിപിയും, ജോബ് ഡേറ്റയും, പിഎംഐ ഡേറ്റകളും ഫെഡിന്റെ ഭാവി തീരുമാനങ്ങളെ സ്വാധീനിക്കും. സെപ്റ്റംബറിലും നവംബറിലും, ഡീസംബറിലുമാണ് ഫെഡിന്റെ അടുത്ത നയാവലോകനയോഗങ്ങൾ. 

അതെ സമയം യൂറോപ്യൻ കേന്ദ്രബാങ്ക് പ്രസിഡന്റ് യൂറോപ്പിന്റെ വളരെ ഉയർന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ഉയർന്ന പലിശ നിരക്ക് കൂടുതൽ കാലത്തേക്ക് തുടരേണ്ടത് ആവശ്യമാണെന്ന് പ്രഖ്യാപിച്ചു. യൂറോ സോൺ സിപിഐ വളർച്ച ജൂലൈയിൽ 5.3%ലേക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ഇസിബിയുടെയും സിപിഐ വളർച്ച നിരക്ക് 2% എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്നും വളരെ അകലെയാണ്.  

അടുത്ത ആഴ്ച രാജ്യാന്തര വിപണിയിൽ 

കഴിഞ്ഞ രണ്ടാഴ്ചകളിലും തിരുത്തൽ നേരിട്ട അമേരിക്കൻ വിപണിയുടെ തുടർ ചലനങ്ങളുടെ അടിസ്ഥാനം ഫെഡ് ചെയർമാന്റെ വെള്ളിയാഴ്ചത്തെ പ്രസ്‌താവനകൾ തന്നെയായിരിക്കും. ബുധനാഴ്ച അമേരിക്കൻ ജിഡിപി കണക്കുകൾക്കൊപ്പം വരുന്ന എഡിപി തൊഴിൽലഭ്യത കണക്കുകളും, ഭവന വില്പനക്കണക്കുകളും, വ്യാഴാഴ്ച വരുന്ന ജോബ് ഡേറ്റയും, പിസിഇ ഡേറ്റയും, വെള്ളിയാഴ്ച വരാനിരിക്കുന്ന നോൺ ഫാം പേറോൾ കണക്കുകളും അടുത്ത ആഴ്ചയിൽ അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. 

വ്യാഴാഴ്ച്ച വരുന്ന യൂറോ സോൺ സിപിഐ ഡേറ്റ യൂറോപ്യൻ വിപണിക്ക് നിർണായകമാണ്.  ബുധനാഴ്ച വരുന്ന ജർമൻ, സ്പാനിഷ് സിപി ഐ കണക്കുകളും, യൂറോ സോൺ കൺസ്യൂമർ കോൺഫിഡൻസ്, ഇൻഡസ്ട്രിയൽ സെന്റിമെൻറ് ഡേറ്റകളും, വ്യാഴാഴ്ച്ച വരുന്ന ഫ്രഞ്ച് ജിഡിപി, ജർമൻ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ കണക്കുകളൂം യൂറോപ്യൻ വിപണിക്ക് പ്രധാനമാണ്. 

china-2-

വ്യാഴാഴ്ച വരുന്ന ചൈനയുടെ മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകളൂം, കൊറിയയുടെയും ജപ്പാന്റെയും ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ, റീറ്റെയ്ൽ വില്പന കണക്കുകളൂം പുറത്ത് വരുന്നു. വെള്ളിയാഴ്ചയാണ് ജപ്പാന്റെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, ചൈനയുടെ കോആക്സിൻ പിഎംഐ ഡേറ്റയും പുറത്ത് വരുന്നത്. 

ഇന്ത്യൻ ഡേറ്റകൾ 

ഇന്ത്യയുടെ ജിഡിപി കണക്കിനൊപ്പം ധനക്കമ്മിക്കണക്കുകളും, ഇൻഫ്രാ വളർച്ച കണക്കുകളും അടുത്ത വ്യാഴാഴ്ചയാണ് പുറത്ത് വരുന്നത്  വെള്ളിയാഴ്ച പുറത്ത് വരുന്ന ഇന്ത്യയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ വിപണിക്ക് കൂടുതൽ പ്രധാനമാണ്. 

ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം ആദ്യ പാദത്തിൽ 7.5%ൽ കൂടുതൽ വളർന്നിട്ടുണ്ടാകാമെന്ന പ്രതീക്ഷയിലാണ് വിപണി. ജൂലൈയിൽ 57.7 എന്ന മികച്ച നിരക്ക് കുറിച്ച ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഇന്ത്യയുടെ വ്യാവസായിക വളർച്ചയുടെ സൂചനയായ മാനുഫാക്ച്ചറിങ് പിഎംഐ ഇത്തവണയും മികച്ച നിരക്കാണ് പ്രതീക്ഷിക്കുന്നത്. 

ഓഹരികളും സെക്ടറുകളും 

market

∙നാളെ ആരംഭിക്കുന്ന റിലയൻസിന്റെ നാല്പത്തിയാറാമത് വാർഷിക പൊതുയോഗവും നാളെ ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. പുതിയ പ്രഖ്യാപനങ്ങളും, പുതിയ മേഖലകളിലേക്കുള്ള വ്യാപനവും വിപണി പ്രതീക്ഷിക്കുന്നു. റിലയൻസ് ഓഹരിയിലെ അടുത്ത തിരുത്തൽ അവസരമാണ്.

∙ലിസ്റ്റ് ചെയ്തതിന് ശേഷം എല്ലാ ദിവസവും തന്നെ വില്പന സമ്മർദ്ദത്തിൽ 5% ലോവർ സർക്യൂട്ട് ആയിരുന്ന ജിയോ ഫിനാൻഷ്യൽ സർവിസസിൽ  വെള്ളിയാഴ്ച വാങ്ങൽ പ്രകടമായി. അടുത്ത അഞ്ച് ദിവസവും ട്രേഡ് ടു ട്രേഡ് സെഗ്മെന്റിൽ തുടരുന്ന ഓഹരിക്ക് 5% നിയന്ത്രണവും തുടരും. 

∙ലോകത്തെ ഏറ്റവും വലിയ നിക്ഷേപകാരായ ബ്ലാക്ക് റോക്കുമായി ധാരണയിലായിക്കഴിഞ്ഞ ജിയോ ഫിനാൻസും നാളെ റിലയൻസ് വാർഷിക യോഗത്തിൽ അനുകൂല പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നു.

∙സുപ്രീം കോടതിക്ക് മുൻപാകെ സെബിയുടെ ഭാഗികറിപ്പോർട്ട് വന്നു കഴിഞ്ഞു എന്ന റിപ്പോർട്ട് അദാനി ഓഹരികൾക്ക് പ്രധാനമാണ്.  അദാനിയുടെ പ്രൊമോട്ടർമാർ അദാനി എന്റർപ്രൈസസിലെ ഓഹരി പങ്കാളിത്തം ഉയർത്തിയതും, ഫണ്ടുകൾ കൂടുതൽ അദാനി ഓഹരികൾ സ്വന്തമാക്കിയതും കഴിഞ്ഞ ആഴ്ചയിലും അദാനി ഓഹരികൾക്ക് മുന്നേറ്റം നൽകിയിരുന്നു. 

∙ടെസ്‌ലക്ക് പിന്തുണ നൽകാനായി ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവയിൽ ഇളവ് നൽകുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നു എന്ന വാർത്ത വെള്ളിയാഴ്ച ടാറ്റ മോട്ടോഴ്സിനും മഹീന്ദ്രക്കും മാരുതിക്കും തിരുത്തൽ നൽകി. 

∙ഡിഫൻസ് അക്വിസിഷൻ കൗൺസിൽ വളരെ അത്യാവശ്യ ശ്രേണിയിൽപ്പെടുത്തിയിരിക്കുന്ന ഇലക്ട്രോണിക് വാർഫെയർ ഘടകങ്ങൾക്കായുള്ള ഓർഡറുകൾ ഭാരത് ഇലെക്ട്രോണിക്സിനും, ആസ്ട്ര മൈക്രോവേവിനും അനുകൂലമാണ്.

∙ചന്ദ്രയാൻ-3 പദ്ധതിയിൽ പങ്കെടുത്ത കമ്പനികളുടെ ഓഹരികൾ അതി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. 

∙സർക്കാരിന് 33%ൽ കൂടുതൽ ഓഹരി പങ്കാളിത്തമുള്ള വൊഡാഫോൺ ഐഡിയയിൽ പുതിയ നിക്ഷേപം വരുന്നു എന്ന വാർത്ത ഓഹരിക്ക് വെള്ളിയാഴ്ച 10% വരെ മുന്നേറ്റം നൽകി. 

∙രണ്ടാം പാദത്തിലിത് വരെ ഇലക്ട്രിക് വാഹന വില്പനയിൽ ഇന്ത്യ 120%വും, ഹൈബ്രിഡ് വാഹന വില്പനയിൽ 400%വും വാർഷിക വളർച്ച നേടിയെന്ന സ്വകാര്യ റിസേർച് സ്ഥാപനത്തിന്റെ റിപ്പോർട്ട് ഇന്ത്യൻ ഇലക്ട്രിക് വാഹന നിർമാതാക്കൾക്ക് അനുകൂലമാണ്. ഇലക്ട്രിക് വാഹന നിർമാതാക്കൾക്കൊപ്പം, ഇലക്ട്രിക് വാഹന ഘടകനിർമാണ ഓഹരികളും നിക്ഷേപത്തിന് പരിഗണിക്കാം.

∙സുസ്‌ലോൺ വീണ്ടും പുതിയ വിൻഡ് മിൽ ഓർഡറുകൾ സ്വന്തമാക്കിയതിന് തുടർന്ന് വെള്ളിയാഴ്ച 5% മുന്നേറ്റം നേടി. അതി ദീർഘകാല നിക്ഷേപത്തിന് ഓരോ ഉയർച്ചയിലും ഓഹരി പരിഗണിക്കാം. 

∙ബജാജ് ഫിനാൻസിന് നോമുറ 8700 രൂപ ലക്ഷ്യ വില പ്രഖ്യാപിച്ചത് വെള്ളിയാഴ്ച ഓഹരിക്ക് മുന്നേറ്റം നൽകി. 

∙വേദാന്തയിൽ നിന്നും ചില ബിസിനസ് സെഗ്‌മെന്റുകളെ വേർപെടുത്തി പുതിയ കമ്പനികളായി ലിസ്റ്റ് ചെയ്യാനുള്ള പദ്ധതി ഓഹരിക്ക് അനുകൂലമായേക്കാം. 

∙റീറ്റെയ്ൽ, ഫാഷൻ, ഇലക്ട്രോണിക്സ്, എഫ്എംസിജി ഓഹരികൾ വിളവെടുപ്പ്-ഉത്സവ-വിവാഹ സീസൺ ആരംഭിക്കാനിരിക്കെ നേട്ടം പ്രതീക്ഷിക്കുന്നു.

ഒന്നാം തീയതി വാഹനവില്പനകൾ വരാനിരിക്കെ ഓട്ടോ ഓഹരികളിലും വാങ്ങൽ പ്രകടമായേക്കാം. ഉത്സവ സീസണിൽ വാഹന വില്പനയും മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

ക്രൂഡ് ഓയിൽ 

ഉയരുന്ന അമേരിക്കൻ ഗ്യാസോലൈൻ വിലയുടെ കൂടി പിന്തുണയിൽ ക്രൂഡ് ഓയിൽ വെള്ളിയാഴ്ച പോസിറ്റീവ് ക്ളോസിങ് നടത്തി. എങ്കിലും കഴിഞ്ഞ ആഴ്ച നഷ്ടം കുറിച്ച ബ്രെന്റ് ക്രൂഡ് ഓയിൽ വെള്ളിയാഴ്ച 85 ഡോളറിന് തൊട്ടടുത്ത് വരെ തിരികെയെത്തി. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് 4.23%ൽ ക്രമപ്പെട്ടപ്പോൾ സ്വർണവും വെള്ളിയാഴ്ച 1940 ഡോളറിന് മുകളിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. റെക്കോർഡ് ഉയരത്തിൽ നിന്നും ഇറങ്ങിയ ബോണ്ട് യീൽഡിന്റെ ചലനങ്ങൾ തന്നെയാകും സ്വർണത്തിന്റെയും ഗതി നിർണയിക്കുക.

ഐപിഓ 

ഇൻഫ്രാ കമ്പനിയായ വിഷ്ണു പ്രകാശ് ആർ പുങ്ഗ്ലിയയുടെ ഐപിഓ നാളെ അവസാനിക്കുന്നു. ഐപിഓയിലൂടെ 300 കൊടിയിൽപരം രൂപ സമാഹരിക്കുന്ന കമ്പനിയുടെ ഐപിഓ വില 94-99 രൂപയാണ്.  

നാസിക് ആസ്ഥാനമായ ഇലക്ട്രോണിക് ഓട്ടോമേഷൻ, മീറ്ററിങ്, പ്രെസിഷൻ ഉപകരണ നിർമാതാക്കളായ ഋഷഭ് ഇൻസ്ട്രമെന്റ്സിന്റെ ഐപിഓ ഓഗസ്റ്റ് 30 ന് ആരംഭിച്ച് സെപ്റ്റംബർ ഒന്നിന് അവസാനിക്കുന്നു. പത്ത് രൂപ മുഖ വിലയുള്ള ഓഹരിയുടെ ഐപിഓ വില 418 -441 രൂപയാണ്

വാട്സാപ് : 8606666722

English Summary : Global Stock Market Next Week

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com