ADVERTISEMENT

കഴിഞ്ഞ ഒരു വർഷത്തിൽ നിക്ഷേപകർക്കു നൽകിയത് 14 ശതമാനത്തോളം നേട്ടം. മൂന്നു വർഷത്തിൽ 20 ഉം അഞ്ചു വർഷത്തിൽ 14 ശതമാനവും ആണ് ഉയർച്ച. ഇത് ഇന്ത്യൻ വിപണിയിലെ നിഫ്റ്റി 50 ഇടിഎഫുകളുടെ പ്രകടനമാണ്. ഈ വിഭാഗത്തിൽപ്പെട്ട 17 ഇടിഎഫുകളും സമാന നേട്ടം നൽകിയിട്ടുണ്ട്.

അതായത് മികച്ചതു കണ്ടെത്തി നിക്ഷേപിക്കാൻ ഏറെ പണിപ്പെടേണ്ടതില്ല എന്നർഥം. ഇത്രയും അറിയുമ്പോൾ സ്വാഭാവികമായും നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം ഉയരും. എന്താണ് നിഫ്റ്റി 50 ഇടിഎഫ്. അതു മനസ്സിലാക്കണമെങ്കിൽ ആദ്യം ഇടിഎഫ് എന്താണെന്ന് അറിയണം.

എന്താണ് ഇടിഎഫ്?

മ്യൂച്വൽ ഫണ്ടുകൾക്കു സമാനമായി നിക്ഷേപകരിൽ നിന്നു പണം സ്വീകരിച്ച് ഓഹരികൾ അടക്കമുള്ള വിവിധ ആസ്തികളിൽ നിക്ഷേപിക്കുന്നവയാണ് ഇടിഎഫുകൾ. നിക്ഷേപിക്കുന്ന തുകയ്ക്കു തുല്യമായ ഇടിഎഫ് യൂണിറ്റുകൾ അനുവദിക്കും. യൂണിറ്റുകളുടെ വിലയിലെ കയറ്റിറക്കങ്ങൾക്ക് അനുസരിച്ച് മ്യൂച്വൽ ഫണ്ടിലെന്നപോലെ നിക്ഷേപകനു നേട്ടവും നഷ്ടവും സംഭവിക്കാം.

എന്നാൽ ഇടിഎഫുകളെ മ്യൂച്വൽ ഫണ്ടുകളിൽ നിന്നു വ്യത്യസ്തമാക്കുന്ന ഘടകം എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് എന്ന ആ പേരിൽതന്നെയുണ്ട്, എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യാവുന്ന ഫണ്ട്, അതായത് ഓഹരികളെപ്പോലെ ഇവ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും, അവിടെനിന്ന് ഇടിഎഫുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യാം. 

നിക്ഷേപം എങ്ങനെ?

ഏത് ആസ്തിയിലാണ് നിക്ഷേപിക്കുന്നത് എന്നതനുസരിച്ച് വിവിധതരം ഇടിഎഫുകളുണ്ട്. അതായത് ഇക്വിറ്റി ഇടിഎഫ് ഓഹരിയിലാകും നിക്ഷേപിക്കുക. അതുപോലെ ബോണ്ട് ഇടിഎഫ്, ഗോൾഡ് ഇടിഎഫ്, സിൽവർ ഇടിഎഫ് തുടങ്ങി പലതരം ഇടിഎഫുകളുണ്ട്. ഓരോ ഇടിഎഫും അടിസ്ഥാനമാക്കുന്ന ആസ്തിയുമായി ബന്ധപ്പെട്ട സൂചിക ഉണ്ടാകും. ആ ബെഞ്ച് മാർക് സൂചികയുടെ ഇടിവും മുന്നേറ്റവുമാണ് ആ വിഭാഗത്തിലെ ഇടിഎഫുകൾ പ്രതിഫലിപ്പിക്കുക. 

നിഫ്റ്റി 50 ഇടിഎഫ്  

രാജ്യത്തെ ആദ്യ ഇടിഎഫ് ആയ നിപ്പോൺ ഇന്ത്യ ഇടിഎഫ് നിഫ്റ്റി 50 ബീസിനു സമാനമായി നിഫ്റ്റി 50 സൂചികയിൽ നിക്ഷേപിക്കുന്നവയാണ് നിഫ്റ്റി 50 ഇടിഎഫുകൾ. നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് (എൻഎസ്ഇ) സൂചികയായ നിഫ്റ്റി 50യിലെ 50 കമ്പനികളിലാണ് ഇവ നിക്ഷേപം നടത്തുന്നത്. അതായത് രാജ്യത്തെ കാതൽ മേഖലയിലെ ഏറ്റവും കരുത്തുറ്റ 50 ഓഹരികളിൽ. 

nifty50-etf-manorama-sampadyam

നിഫ്റ്റി 50 ഓഹരികളിൽ, സൂചികാ അനുപാതത്തിൽ നിക്ഷേപിക്കുന്നതിനാൽ സൂചികയ്ക്കു സമാനമായ വളർച്ചയാകും ഇവയിൽ എപ്പോഴും ദൃശ്യമാകുക. ഫലത്തിൽ നിഫ്റ്റി 50 സൂചികയ്ക്കു സമാനമായ നേട്ടം ആഗ്രഹിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ അതു നേടാനുള്ള അവസരമാണ് ഈ ഇടിഎഫുകൾ. 

കഴിഞ്ഞ ഒരു വർഷത്തിൽ നിഫ്റ്റി ബീസ് നൽകിയ നേട്ടം 14.53% ആണ്. ഇക്കാലയളവിൽ നിഫ്റ്റി 50 സൂചിക 14.56% ഉയർന്നു. നിപ്പോൺ നിഫ്റ്റി ബീസ് മാറ്റിനിർത്തി മറ്റ് അസറ്റ് മാനേജ്മെന്റ് കമ്പനികളുടെ, നിഫ്റ്റി 50  ഇടിഎഫുകൾ എടുത്താലും നേട്ടം സമാനമാണ്.  

സെൻസെക്സ് ഇടിഎഫുകളും മികച്ചത്   

sensex-etf-manorama-sampadyam

(ലേഖനം തയാറാക്കിയിരിക്കുന്നത് 2023 ഒക്ടോബർ 6 ലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്. മലയാള മനോരമ സമ്പാദ്യം നവംബർ ലക്കം കവർ സ്റ്റോറിയുടെ ഭാഗമായി പ്രസിദ്ധീകരിച്ചത്.  വിവരങ്ങൾ നൽകിയിരിക്കുന്നത് വാങ്ങൽ നിർദേശമായിട്ടല്ല. വിശദമായ പഠനത്തിനു ശേഷം മാത്രം നിക്ഷേപിക്കുക.)

English Summary:

Performance Of Nifty50,Sensex ETFs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com