ADVERTISEMENT

കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച മിന്നുന്നു നിഫ്റ്റി50 ഇടിഎഫുകൾ, ഈ ഇടിഎഫുകൾ നിക്ഷേപരെ കൊതിപ്പിക്കും എന്നീ ലേഖനങ്ങളുടെ തുടർച്ചയാണിത്. ഓഹരി വിപണിയിൽ പ്രധാനമായും രണ്ട് രീതിയിൽ ആണ് നിക്ഷേപങ്ങൾ നടത്തുന്നത്. 1. നേരിട്ട് ഓഹരികൾ വാങ്ങുക 2. ഫണ്ടുകളിൽ നിക്ഷേപിക്കുക (മ്യൂച്വൽ ഫണ്ട്, ഇൻഡക്സ് ഫണ്ട്, ഇടിഎഫ്). സ്വഭാവത്തിൽ  മ്യൂച്വൽ ഫണ്ടുകൾക്ക് സമാനമാണ് ഇടിഎഫുകൾ. മ്യൂച്വൽ ഫണ്ടും ഇടിഎഫും തമ്മിലുള്ള  വ്യത്യാസങ്ങൾ മനസ്സിലാക്കി നിങ്ങൾക്ക് അനുയോജ്യമായതു കണ്ടെത്തി വേണം നിക്ഷേപിക്കാൻ.  

1. വില– വിപണിയിൽനിന്ന് നേരിട്ടു വാങ്ങുന്നതുകൊണ്ട് അതാതു സമയത്തെ ട്രേഡിങ് വിലയിൽ വേണം ഇടിഎഫുകൾ വാങ്ങാനും വിൽക്കാനും. അതേ സമയം മ്യൂച്വൽ ഫണ്ടിൽ വിപണി ക്ലോസ് ചെയ്യുന്ന സമയത്തെ വിലയനുസരിച്ച് തീരുമാനിക്കപ്പെടുന്ന എൻഎവിയിലാണ് യൂണിറ്റുകൾ ലഭിക്കുക 

2. ഡീമാറ്റ് അക്കൗണ്ട്– ഓഹരികളിലെന്നപോലെ ആദ്യ പബ്ലിക് ഇഷ്യുവിനുശേഷം ഇടിഎഫിൽ നിക്ഷേപകൻ സ്വയം കൈമാറ്റങ്ങൾ നടത്തണം. ഡീമാറ്റ് അക്കൗണ്ടിലൂടെ വേണം അതു ചെയ്യാൻ.  മ്യൂച്വൽ ഫണ്ടിൽ അസറ്റ് മാനേജ്മെന്റ് കമ്പനി വഴിയാണ് ഇടപാടുകൾ നടത്തേണ്ടത്. 

3. സ്വയം പഠിക്കണം– നേട്ടത്തിനും നഷ്ടത്തിനുമുള്ള സാധ്യതകൾ മനസ്സിലാക്കാനും അനുകൂലമായ സാഹചര്യമാണോ എന്നു തിരിച്ചറിയാനും സ്വയം പഠനം ആവശ്യമാണ്. മ്യൂച്വൽ ഫണ്ടിൽ കാര്യങ്ങളെല്ലാം ഫണ്ട് മാനേജറുടെ നിയന്ത്രണത്തിലാണ്. അഡ്വൈസറുണ്ടെങ്കിൽ നിക്ഷേപകർക്ക് കൃത്യമായ മാർഗനിർദേശം തേടാം. 

4. ഫീസുകൾ– ഇടിഎഫുകളുടെ എക്സ്പെൻസ് റേഷ്യോ കുറവാണ്. ഒരു ശതമാനത്തിൽ താഴെ മാത്രം. എക്സിറ്റ് ലോഡും ഇല്ല. മ്യൂച്വൽ ഫണ്ടുകളുടെ എക്സ്പെൻസ് റേഷ്യോ പൊതുവേ 0.5 –2 ശതമാനമാണ്. ചിലപ്പോൾ അതിലും കൂടുതലുമാകാം. പലതിനും എക്സിറ്റ് ലോഡും ഉണ്ടാകാം. 

5. സമാനനേട്ടം– ഇടിഎഫുകൾ ബഞ്ച്മാർക്ക് സൂചികയ്ക്കു സമാനമായ നേട്ടമാണു നൽകുക. എന്നാൽ ബഞ്ച് മാർക്ക് സൂചികയെ മറികടക്കുന്ന നേട്ടം നൽകാനാവും ഓരോ മ്യൂച്വൽ ഫണ്ട് സ്കീമുകളും ശ്രമിക്കുക. 

എന്തുകൊണ്ട് മ്യൂച്വൽ ഫണ്ടിൽ കൂടുതൽ നേട്ടം?

ഇക്വിറ്റി ഇടിഎഫ് ഒരു സൂചികയെ പിന്തുടരുന്നവയായതിനാൽ ആ സൂചികയ്ക്ക് പുറമെയുള്ള നിക്ഷേപം സാധ്യമല്ല. അതേ സമയം ഒരു ലാർജ് ക്യാപ് മ്യൂച്വൽ ഫണ്ടാണെങ്കിൽ സെബിയുടെ നിയമം അനുസരിച്ച് 80 ശതമാനം മാത്രം ലാർജ് ക്യാപ് ഓഹരികളിൽ നിക്ഷേപിച്ചാൽ മതി. ബാക്കി 20 ശതമാനം തുക മികച്ച ചെറുകിട ഇടത്തരം ഓഹരികളിലിട്ട് നേട്ടം വർധിപ്പിക്കാനാകും. നിപ്പോൺ ഇന്ത്യ ലാർജ് ക്യാപ് ഫണ്ട് ഒരു വർഷത്തിനിടെ ബെഞ്ച്മാർക്ക് സൂചികയായ എസ്&പി ബിഎസ്ഇ 100നെക്കാൾ 9 ശതമാനത്തോളം അധിക നേട്ടം നൽകി. എന്നാൽ ഇടിഎഫിൽ ഇത്തരത്തിലുള്ള സാധ്യതയില്ല. എല്ലായ്പോഴും മ്യൂച്വൽ ഫണ്ടുകൾക്ക് ഈ ഉയർന്ന നേട്ടം നൽകാൻ സാധിക്കണമെന്നില്ല. കാരണം ചെറുകിട ഇടത്തരം ഓഹരികൾ നഷ്ടത്തിലായാൽ മൊത്തം നേട്ടം കുറയാം. നഷ്ടത്തിൽ കലാശിച്ചു എന്നും വരാം. എന്നാൽ ഇടിഎഫുകൾ എപ്പോഴും സൂചികയ്ക്കു സമാനമായ നേട്ടം നൽകാറുണ്ട്.

ഇടിഎഫ് : തിരഞ്ഞെടുപ്പ് എളുപ്പം 

മ്യൂച്വൽ ഫണ്ട് സ്കീമുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇടിഎഫുകൾ വളരെ എളുപ്പത്തിൽ തിരഞ്ഞെടുക്കാം. കാരണം ഏത് ഇടിഎഫ് ആണെങ്കിലും അതു നൽകുന്ന നേട്ടം ബഞ്ച്മാർക്ക് സൂചികയ്ക്കു സമാനമായിരിക്കും. ഉദാഹരണത്തിന് പട്ടികയിൽ നിപ്പോൺ, എസ്ബിഐ, എച്ച്ഡിഎഫ്സി എന്നിവയുടെ നിഫ്റ്റി 50 ഇടിഎഫുകൾ പരിശോധിച്ചാൽ നേട്ടം ഏതാണ്ടു തുല്യമാണ് എന്നു കാണാം. ബഞ്ച്മാർക്ക് സൂചികയും ഇടിഎഫും തമ്മിലുള്ള നേട്ടത്തിന്റെ വ്യത്യാസത്തെ ട്രാക്കിങ് എറർ എന്നാണു പറയുന്നത്. ഈ ട്രാക്കിങ് എറർ കുറഞ്ഞ ഇടിഎഫുകൾ തിരഞ്ഞെടുക്കുകയാണ് ഇവിടെ ചെയ്യാവുന്ന കാര്യം. 

ലിക്വിഡിറ്റി ഉള്ളവ മാത്രം

ഇന്ത്യയിൽ ഇടിഎഫുകൾക്ക് പ്രചാരം ലഭിച്ചുവരുന്നതേയുള്ളൂ. അതിനാൽ ലിക്വിഡിറ്റി (വിൽക്കാനുള്ള എളുപ്പം) നോക്കി വേണം ഇപ്പോൾ നിക്ഷേപിക്കാൻ. കാരണം വിപണിയിലെ ട്രേഡിങ് വഴി മാത്രമേ ഇപ്പോൾ ഇവയിലെ നിക്ഷേപം നിങ്ങൾക്കു തിരിച്ചെടുക്കാനാകൂ. ലിക്വിഡിറ്റി കുറഞ്ഞവയിൽ നിക്ഷേപിച്ചാൽ അത്യാവശ്യത്തിനു പണമാക്കാൻ ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല.

വാല്യൂ റിസർച്ചിന്റെ കണക്കുകൾപ്രകാരം 2022 ജനുവരിമുതൽ 2023 മാർച്ച് 16 വരെ  131 ഇക്വിറ്റി ഇടിഎഫുകളിൽ അ‍ഞ്ചിൽ ഒന്നിലും പകുതി വ്യാപാര ദിവസങ്ങളിലും ഇടപാടുകൾ നടന്നിരുന്നില്ല. ഇത്തരത്തിൽ ലിക്വിഡിറ്റി ഇല്ലാത്തവ വാങ്ങിയാൽ പിന്നീട് വിൽക്കാൻ പറ്റാതെ വരാം. അതുകൊണ്ട് നിക്ഷേപിക്കും  മുൻപ് ഇടിഎഫുകളുെട ട്രേഡിങ് വോളിയവും കൈകാര്യം ചെയ്യുന്ന ആസ്തിയും (എയുഎം) പരിശോധിക്കണം. കുറഞ്ഞത് 1000 കോടി രൂപയെങ്കിലും എയുഎം ഉള്ള ഇടിഎഫുകളിൽ നിക്ഷേപിക്കുന്നതാണു നല്ലത്. ഏറ്റവും ആക്ടീവായി ട്രേഡ് ചെയ്യപ്പെടുന്ന 10 ഇടിഎഫുകളുടെ പട്ടിക കാണുക (2020 ജനുവരി–2023 മാർച്ച് കാലയളവ്). 

ETFLiquidity

ഇടിഎഫുകളും iNAVയും

ഇടിഎഫുകൾ അവ ട്രേഡ് ചെയ്യുന്ന വിലയ്ക്കാണ് വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത്. എന്നിരുന്നാലും മ്യൂച്വൽ ഫണ്ടുകൾക്കു സമാനമായി ഇടിഎഫുകൾക്കും നെറ്റ് അസറ്റ് വാല്യൂ (NAV) ഉണ്ട്. ഓരോ സ്കീമുകളും ഹോൾഡ് ചെയ്യുന്ന ആകെ ആസ്തികളുടെ മൂല്യമാണ് എൻഎവി. സാധാരണ വ്യാപാര ദിവസത്തിന്റെ അവസാനം ആണ് എൻഎവി പുതുക്കുക. ട്രേഡ് ചെയ്യുന്ന വിലയ്ക്ക് ഇടപാടുകൾ നടക്കുന്നതു കൊണ്ടുതന്നെ ഇടിഎഫുകളുടെ റിയൽടൈം എൻഎവി നൽകണമെന്ന് 2022ൽ ആണ് സെബി ഫണ്ട് ഹൗസുകൾക്കു നിർദേശം നൽകുന്നത്.

അതിന്റെ പശ്ചാത്തലത്തിലാണ് ഇൻട്രാഡേ എൻഎവി അഥവാ iNAV നിലവിൽവരുന്നത്. ഇടിഎഫുകൾ ട്രേഡ് ചെയ്യുന്നത് അവയുടെ യഥാർഥ ആസ്തി മൂല്യത്തെക്കാൾ ഉയർന്നാണോ അല്ലയോ എന്ന് ഐഎഎൻഎവിയിലൂടെ നിക്ഷേപകർക്ക് എളുപ്പം മനസ്സിലാക്കാം. ഇക്വിറ്റി ഇടിഎഫുകളിൽ 15 സെക്കൻഡിന്റെ ഇടവേളയിൽ ഐഎൻഎവി നൽകണം എന്നാണു നിയമം. ഡെറ്റ് ഇടിഎഫുകളിൽ ഒരു ദിവസം കുറഞ്ഞത് 4 തവണയെങ്കിലും ഐഎൻഎവി അപ്ഡേറ്റ് നൽകിയിരിക്കണം.  

(ലേഖനം തയാറാക്കിയിരിക്കുന്നത് 2023 ഒക്ടോബർ 6 ലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്. മലയാള മനോരമ സമ്പാദ്യം സമ്പാദ്യം നവംബർ ലക്കം കവർ സ്റ്റോറിയുടെ ഭാഗമായി പ്രസിദ്ധീകരിച്ചത്. വിവരങ്ങൾ നൽകിയിരിക്കുന്നത് വാങ്ങൽ നിർദേശമായിട്ടല്ല. വിശദമായ പഠനത്തിനു ശേഷം മാത്രം നിക്ഷേപിക്കുക.)

English Summary:

Mutual Fund Vs ETF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com