ADVERTISEMENT

നിക്ഷേപം മികച്ച രീതിയിൽ വളരുമെങ്കിലും മ്യൂച്വൽ ഫണ്ടിൽനിന്നു സ്ഥിരവരുമാനം നേടാനാകുമോ എന്ന സംശയം നിങ്ങൾക്കുണ്ടോ? മാതാപിതാക്കൾക്ക് സ്ഥിര വരുമാനം ലഭ്യമാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? അതുമല്ലെങ്കിൽ പണപ്പെരുപ്പത്തെ മറികടന്ന് വരുമാനം വർധിപ്പിക്കാൻ കഴിയുമോ എന്ന് ആശങ്കപ്പെടുന്നുണ്ടോ? 

ഇതിനെല്ലാമുള്ള ഉത്തരമാണ് മ്യൂച്വൽ‌ഫണ്ടിലെ വ്യത്യസ്ത സമീപനമായ എസ്ഡബ്ല്യുപി അഥവാ സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ. മാസംതോറും നിശ്ചിത തുക നിക്ഷേപിക്കുന്ന എസ്ഐപിക്കു വിപരീതമായി മാസംതോറും നിശ്ചിത തുക പിൻവലിക്കുന്ന രീതിയാണിത്. വ്യക്തികൾക്കു സ്വന്തം നിക്ഷേപം നിയന്ത്രിക്കാനും സ്ഥിരവരുമാനം നേടാനും സാധിക്കുന്ന എസ്‌ഡബ്ല്യുപിക്ക് നിലവിലെ സാഹചര്യത്തിൽ ഏറെ പ്രാധാന്യമുണ്ട്. 

Photo Credit: istockphoto.com/SewcreamStudio
Photo Credit: istockphoto.com/SewcreamStudio

എസ്‌ഡബ്ല്യുപിയുടെ പ്രാഥമിക ലക്ഷ്യം നിങ്ങൾ മുൻകൂട്ടി നിശ്ചയിക്കുന്ന വരുമാനം സ്ഥിരമായി നൽകുക എന്നതാണ്. പതിവായി ലഭിക്കുന്ന ശമ്പളം, വാടക വരുമാനം, പലിശ വരുമാനംപോലെ, എന്നാൽ നിങ്ങളുടെ നിക്ഷേപം വളർന്നുകൊണ്ടിരിക്കുമ്പോൾതന്നെ നിശ്ചിത തുക ആവശ്യങ്ങൾക്കായി നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തുന്ന മാർഗമാണിത്. ഇത് ഉപയോഗിച്ചു പതിവു ചെലവുകൾ നിറവേറ്റാം, ഇൻഷുറൻസ് പ്രീമിയമോ വായ്പ ഇഎംഐയോ അടയ്ക്കാം. നിക്ഷേപത്തിൽനിന്നും സ്ഥിരവരുമാനം തേടാനായി ആർക്കും ഇതൊരു ബദലായി പരിഗണിക്കാം.

ആഴ്ചയിലോ, മാസത്തിലോ മൂന്നുമാസം കൂടുമ്പോഴോ, പണം സ്വീകരിക്കാവുന്ന ഇടവേളകൾ നിങ്ങൾക്കു തീരുമാനിക്കാം. സ്‌കീം നൽകുന്ന നേട്ടം പിൻവലിക്കൽ തുകയെക്കാൾ കൂടുതലാണെങ്കിൽ പണപ്പെരുപ്പത്തെ മറികടക്കാൻ പിൻവലിക്കൽ തുക ആനുകാലികമായി ക്രമീകരിക്കാം. സാദാ മ്യൂച്വൽ ഫണ്ടുപോലെ അത്യാവശ്യഘട്ടങ്ങളിൽ ഉടനടി ഒരു തുക ഒരുമിച്ചു പിൻവലിക്കാനും സാധിക്കും. അതിനുശേഷം നിശ്ചിത കാലാവധിയിലുള്ള പിൻവലിക്കൽ തുക ചിലപ്പോൾ നിങ്ങൾ പുനഃക്രമീകരിക്കേണ്ടിവരും. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിക്ഷേപത്തുകയിൽ പെട്ടെന്നു കുറവു വരാതെ, പിൻവലിക്കുന്ന തുക ശ്രദ്ധാപൂർവം കണക്കാക്കണം. സാമ്പത്തിക ആവശ്യങ്ങളും നിക്ഷേപത്തിന്റെ സുസ്ഥിര വളർച്ചയും സന്തുലിതമാക്കണം. ഒന്നിച്ചോ എസ്‌ഐ‌പി വഴിയോ നല്ലൊരു ഫണ്ടിൽ നിക്ഷേപിച്ച് ആദ്യം നല്ലൊരു കോർപ്പസ് സൃഷ്‌ടിച്ചെടുത്ത ശേഷം എസ്‌ഡബ്ല്യുപി ആരംഭിച്ച് സ്ഥിരവരുമാനം ഉറപ്പാക്കാം. മൾട്ടി അസെറ്റ് അല്ലെങ്കിൽ ഹൈബ്രിഡ് പോലുള്ള ഫണ്ടുകൾ ഇതിനായി ശ്രദ്ധാപൂർവം തിരഞ്ഞെടുക്കണം. ചാഞ്ചാട്ടത്തിന്റെ സ്വാധീനം കുറവുള്ള ഇത്തരം ഫണ്ടുകളിൽ നഷ്ടസാധ്യത കുറവായിരിക്കും. ന്യായമായ നേട്ടം പ്രതീക്ഷിക്കാം.

നിക്ഷേപത്തിൽനിന്നു സ്ഥിരവരുമാനം ഉറപ്പാക്കാവുന്ന പ്രായോഗിക മാർഗമാണ് എസ്‌ഡബ്ല്യുപി. നിക്ഷേപം നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. വാടക, എഫ്ഡി പോലെയുള്ള വരുമാന സ്രോതസുകൾക്കു പകരം തിരഞ്ഞെടുക്കാവുന്ന മാർഗമാണ് എസ്‌ഡബ്ല്യുപി. ഇവിടെ നിങ്ങളുടെ ആവശ്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുക്കാൻ ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ സമീപിക്കാവുന്നതാണ് •

(ദി ട്രിനിറ്റി ഇന്റർനാഷന്‍റെ സ്ഥാപകനും സിഇഒയുമാണ് ലേഖകൻ. ഡിസംബർ ലക്കം മലയാള മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്)

English Summary:

Mutual Fund SWP For Regular Income

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com