മുത്തൂറ്റ് മൈക്രോഫിൻ ലിസ്റ്റിങ് പൂർത്തിയാക്കി; ഇനി വികസനപദ്ധതികൾ യാഥാർഥ്യമാക്കൽ
Mail This Article
ക്രിസ്മസ് പിറ്റേന്ന് ഓഹരി വിപണിയിലേക്ക് രംഗപ്രവേശം ചെയ്ത കേരളത്തിൽ നിന്നുള്ള മുത്തൂറ്റ് മൈക്രോഫിൻ വിപുലമായ വളർച്ചാ പദ്ധതികൾ ലക്ഷ്യം വയ്ക്കുന്നു. കഴിഞ്ഞ ആഴ്ച നടന്ന ഐപിഒയിൽ 11.52 ഇരട്ടി അപേക്ഷകരെ നേടി മികച്ച പ്രകടനം കാഴ്ച വച്ചു. എന്നാൽ ഇന്നലെ ലിസ്റ്റിൽ വേളയിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായിരുന്നില്ല.
ഇഷ്യൂ വിലയായ 291 രൂപയിൽ നിന്ന് അഞ്ച് ശതമാനം താഴ്ന്ന് 278 രൂപയിലാണ് ഐപിഒ ലിസ്റ്റ് ചെയ്തത്. നിലവിൽ 264.75 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തപ്പോൾ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെങ്കിലും കഴിഞ്ഞ 18ന് ഐപിഒ ആരംഭിച്ച മുത്തൂറ്റ് മൈക്രോഫിന്നിന് വിപുലമായ വികസന പദ്ധതികളാണുള്ളത്.
സേവനം കൂടുതൽ പേരിലേക്ക്
ശാഖകൾ വിപുലമാക്കി കൂടുതൽ പേരിലേക്ക് സേവനമെത്തിക്കുക എന്നതിനാണ് കമ്പനി പ്രമുഖ്യം നൽകുന്നത്. നിലവിൽ 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും സാന്നിധ്യമുള്ള കമ്പനിക്ക് 1340 ശാഖകളാണുള്ളത്. അതോടൊപ്പം തന്നെ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പ്രവർത്തനങ്ങൾ കുറ്റമറ്റതും വേഗത്തിലുള്ളതുമാക്കാൻ തയാറെടുക്കുകയാണ്. പ്രത്യേകിച്ചും ഉപഭോക്ത സേവനത്തിൽ മികച്ച സംവിധാനങ്ങളൊരുക്കാനും പദ്ധതിയുണ്ട്. പ്രവർത്തന ശേഷി വർധിപ്പിക്കാനും ചെലവുകൾ ക്രമീകരിക്കാനും ഐടിസേവനം ഉറപ്പാക്കും.
സെപ്റ്റംബറിൽ കമ്പനിയുടെ അര്‍ധവാര്‍ഷിക ലാഭം 205 കോടി രൂപയായിരുന്നു. നിലവില്‍ നിക്ഷേപത്തില്‍ നിന്നുള്ള യീല്‍ഡ് 22.94 ശതമാനത്തിലാണെന്നും അറ്റ പലിശ 12.34 ശതമാനത്തിനടുത്താണെന്നും മുത്തൂറ്റ് മൈക്രോഫിൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ സദ്ഫ് സയീദ് ചൂണ്ടിക്കാട്ടി. സമീപ ഭാവിയില്‍ റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുറക്കാനിടയുള്ളതിനാല്‍ പരിശ നിരക്കു മാര്‍ജിന്‍ കൂടുതല്‍ വിപുലമാകുമെന്നും അതിലൂടെയുണ്ടാകുന്ന നേട്ടത്തിന്റെ ഒരു ഭാഗം ഉപഭോക്താക്കള്‍ക്കു കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളം, തമിഴ് നാട് എന്നിവിടങ്ങളിൽ മൈക്രോ ഫിനാൻസ് രംഗത്ത് മുൻനിരയിലുള്ള മുത്തൂറ്റ് മൈക്രോഫിൻ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സജീവസാന്നിധ്യമാണ്. 32 ലക്ഷം ഇടപാടുകാരാണ് നിലവിലുള്ളത്. 10,800 കോടി രൂപയുടെ ആസ്തിമൂല്യം കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. 1428 കോടി രൂപയുടെ വരുമാനമാണുള്ളത്. 32 ലക്ഷത്തോളം ഇടപാടുകാരാണുള്ളത്. ഇവരിലേറെയും ഗ്രാമീണ മേഖലകളിലെ വനിതകളാണ് എന്ന പ്രത്യേകതയുമുണ്ട്. അര നൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പി( നീല മുത്തൂറ്റ് ) ന്റെ ഭാഗമാണ് മുത്തൂറ്റ് മൈക്രോഫിൻ. ഓഹരി വിപണിയിൽ നേരത്തെ ലിസ്റ്റ് ചെയ്തിട്ടുള്ള മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡും ഗ്രൂപ്പിലുണ്ട്.