വലിയ മാറ്റത്തിന് സെബി; ഓഹരി ഇടപാട് നടന്നാൽ ഉടൻ പണം
Mail This Article
ട്രേഡിങ് ഇടപാടുകളിലെ സെറ്റില്‍മെന്റ് അതിവേഗത്തിലാക്കുന്നതിനുള്ള ശ്രമമാണ് സെബി നടത്തുന്നത്. ഓഹരി വിപണിയില്‍ രണ്ട് ഘട്ടങ്ങളിലായി ഒരേ ദിവസത്തെ സെറ്റില്‍മെന്റും (T+0) തല്‍ക്ഷണ സെറ്റില്‍മെന്റും ഓപ്ഷണല്‍ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നത് ലക്ഷ്യമിട്ടുള്ള കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കിയിരിക്കുകയാണ് സെബി.
ഇടപാട് നടന്നാൽ ഉടൻ പണം
ട്രേഡിങ് ഇടപാട് നടന്ന ദിവസം തന്നെ വ്യാപാരവുമായി ബന്ധപ്പെട്ട സെറ്റില്‍മെന്റുകള്‍ പൂര്‍ത്തിയാകും എന്നതാണ് T+0 സിസ്റ്റം അര്‍ത്ഥമാക്കുന്നത്. അതായത് പണം പെട്ടെന്ന് അക്കൗണ്ടില്‍ വരും. അപ്പോള്‍ ഇടപാടുകളുടെ വേഗവും കൂടും. ഈ വിഷയത്തില്‍ പൊതുഅഭിപ്രായങ്ങള്‍ തേടിയിരിക്കുകയാണ് സെബി. നിലവിലെ T+1 സൈക്കിളിന് പുറമെയാണ് ചെറിയ സെറ്റില്‍മെന്റ് സൈക്കിളുകള്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്.
രാജ്യത്തെ പേയ്മെന്റ് സംവിധാനങ്ങളില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സംഭവിക്കുന്ന വിപ്ലവാത്മകമായ മാറ്റങ്ങളും മാര്‍ക്കറ്റ്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ (എംഐഐ) ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളും ക്ലിയറിങ്ങിനും സെറ്റില്‍മെന്റിനും പുതിയ അവസരങ്ങള്‍ തുറന്നിടുകയാണെന്നാണ് സെബി പുറത്തിറക്കിയ പേപ്പറില്‍ പറയുന്നത്.
സെറ്റില്‍മെന്റ് രീതികൾ
നിലവിലുള്ള T+1 സെറ്റില്‍മെന്റ് സൈക്കിളിന് പുറമേ, ഒരു ചെറിയ സെറ്റില്‍മെന്റ് സൈക്കിള്‍ ഓപ്ഷനായി അവതരിപ്പിക്കാനാണ് പദ്ധതി.
സെബി കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ അനുസരിച്ച്, ഒരു ഓപ്ഷണല്‍ T+0 സെറ്റില്‍മെന്റ് സൈക്കിള്‍ (ഉച്ചയ്ക്ക് 1:30 വരെയുള്ള ട്രേഡുകള്‍ക്ക്) അതേ ദിവസം തന്നെ വൈകുന്നേരം 4:30 ന് പൂര്‍ത്തിയാകും. അതിനുശേഷം, ഉച്ചകഴിഞ്ഞ് 3.30 വരെ നടത്തുന്ന എല്ലാ ഇടപാടുകള്‍ക്കും ഓപ്ഷണല്‍ ഉടനടി ട്രേഡ്-ബൈ-ട്രേഡ് സെറ്റില്‍മെന്റ് (ഫണ്ടുകള്‍ക്കും സെക്യൂരിറ്റികളും) നടത്താവുന്നതാണ്.
ഓഹരി വിപണിയിലെ സെറ്റില്‍മെന്റ് രീതി 2002-ല്‍ T+5 ല്‍ നിന്ന് T+3 ആയും പിന്നീട് 2003-ല്‍ T+2 ആയും കുറച്ചിരുന്നു. 2021 മുതലാണ്, T+1 സെറ്റില്‍മെന്റ് ഘട്ടം ഘട്ടമായി അവതരിപ്പിച്ചു തുടങ്ങിയത്. ഇത് 2023 ജനുവരി മുതല്‍ പൂര്‍ണ്ണമായും നടപ്പിലാക്കി.