നിക്ഷേപത്തില്‍ നിന്ന് ലാഭമെടുക്കേണ്ടത് എപ്പോള്‍?
Mail This Article
അതിശക്തമായ കുതിപ്പിനു ശേഷം പൊടുന്നനെ ലാഭമെടുപ്പിന് വിധേയമാകുന്നത് വിപണിയെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായ പ്രക്രിയയാണ്. അമിതമൂല്യത്തിലേക്ക് ഓഹരികള്‍ നീങ്ങുന്ന പ്രവണതയിലെത്തുമ്പോള്‍ ഉണ്ടാകുന്ന തിരുത്തല്‍ ആരോഗ്യകരവുമാണ്. അതേ സമയം കുതിപ്പിനു ശേഷം ഒന്നോ രണ്ടോ ദിനം കൊണ്ട് പത്ത് ശതമാനം തിരുത്തല്‍ ചില ഓഹരികളില്‍ ദൃശ്യമാകുമ്പോള്‍ ഇത് ലാഭമെടുപ്പിനുള്ള സമയമാണോയെന്ന ആശയക്കുഴപ്പം നിക്ഷേപകരെ ബാധിക്കാറുണ്ട്.
വേണം അൽപ്പം കരുതൽ
ഓഹരികള്‍ അപ്രതീക്ഷിതമായും അസാധാരണമായുമുള്ള മുന്നേറ്റം നടത്തുന്ന സാഹചര്യങ്ങളില്‍ അല്‍പ്പം കരുതലോടെയുള്ള സമീപനം നിക്ഷേപകര്‍ക്ക് ഗുണകരമാകും. ഓഹരി വിലയില്‍ തിരുത്തല്‍ ഉണ്ടാകുമ്പോള്‍ അവസരം നഷ്‌ടപ്പെട്ടുവെന്ന നിരാശ തോന്നാതിരിക്കാന്‍ നിക്ഷേപകര്‍ ചെയ്യേണ്ടത് ഉയര്‍ന്ന നിലവാരത്തില്‍ ഭാഗികമായി ലാഭമെടുക്കുകയാണ്. താഴ്‌ന്ന നിലവാരത്തില്‍ വീണ്ടും ഓഹരികള്‍ വാങ്ങാനുള്ള അവസരം പ്രയോജനപ്പെടുത്താനും ഇതുവഴി സാധിക്കും. ഇത്തരത്തില്‍ ലാഭമെടുക്കുന്ന തുക ഓഹരികളിലുണ്ടാകുന്ന 5-10 ശതമാനം വരുന്ന കയറ്റിറക്കങ്ങളില്‍ വ്യാപാരത്തിനായി ഉപയോഗിക്കാം.
എപ്പോൾ ലാഭമെടുക്കും?
എപ്പോള്‍ നിക്ഷേപം നടത്തുന്നു എന്നതു പോലെ തന്നെ പ്രധാനമാണ് എപ്പോള്‍ ലാഭമെടുക്കുന്നു എന്നതും. ഓഹരികളില്‍ നിക്ഷേപം നടത്തുമ്പോള്‍ അതിന്റെ വിപണിയിലെ നീക്കങ്ങളെ സ്വാധീനിക്കാനിടയുള്ള ഘടകങ്ങളെ കുറിച്ച് വിലയിരുത്തേണ്ടതുണ്ട്. ലാഭമെടുക്കുമ്പോഴും ഇത് ആവശ്യമാണ്. ഓഹരി വില ഉയരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഓഹരി വിലയിലെ മുന്നേറ്റം ഉടന്‍ ഒരു പരിധിക്ക് അപ്പുറത്തേക്ക് പോകാനിടയില്ലെന്ന അനുമാനത്തിലെത്താവുന്ന സമയത്താണ് ഭാഗികമായി ലാഭമെടുക്കേണ്ടത്.
നിക്ഷേപത്തിനൊപ്പം വ്യാപാരം കൂടി നടത്താം
ദീര്‍ഘകാല നിക്ഷേപത്തിനൊപ്പം ഹ്രസ്വകാല വ്യാപാരം കൂടി ചെയ്യുകയാണെങ്കില്‍ വിപണിയിലെ ശക്തമായ ചാഞ്ചാട്ടങ്ങളെ പ്രയോജനപ്പെടുത്താനാകും. വാര്‍ത്തകളുടെയും സാങ്കേതികമായ മുന്നേറ്റ പ്രവണതകളുടെയും ത്രൈമാസ പ്രവര്‍ത്തന ഫലത്തെ കുറിച്ചുള്ള വിലയിരുത്തലുകളുടെയും അടിസ്ഥാനത്തില്‍ ആയിരിക്കണം വ്യാപാരത്തിനായുള്ള ഓഹരികള്‍ തിരഞ്ഞെടുക്കേണ്ടത്.
ഒരു കമ്പനി ബിസിനസ് വിപുലീകരിക്കുകയോ പുതിയ ഉല്‍പ്പന്നം പുറത്തിറക്കുകയോ ചെയ്യുന്നതായുള്ള വാര്‍ത്ത വരുമ്പോള്‍ ഓഹരി വില മുന്നേറ്റ പ്രവണത പ്രകടിപ്പിക്കാറുണ്ട്. സാധാരണ നിലയിലുള്ളതിനേക്കാള്‍ കൂടുതല്‍ ഡിമാന്റ് ഓഹരിക്കുണ്ടാകുന്ന സാഹചര്യമാണ് അത്. അത്തരം സാഹചര്യത്തില്‍ ഓഹരി വില ഉയരുകയും നിങ്ങള്‍ ഉദ്ദേശിക്കുന്ന വിലയിലെത്തുകയും ചെയ്യുമ്പോള്‍ ഭാഗികമായി ലാഭമെടുക്കാവുന്നതാണ്. ആ വാര്‍ത്തയുടെ `ഇംപാക്‌ട്' കഴിയുന്നതോടെ ലാഭമെടുപ്പിനെ തുടര്‍ന്ന് വില തിരുത്തല്‍ നേരിടാനുള്ള സാധ്യതയുണ്ട്.
സാമ്പത്തിക സൂചകങ്ങള്‍
അതുപോലെ വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ത്രൈമാസ പ്രവര്‍ത്തന ഫലം പ്രഖ്യാപിക്കുന്ന കമ്പനികളുടെ ഓഹരികള്‍ക്ക് ഡിമാന്റ് ഉയരും. ഈ സാഹചര്യത്തിലും വിപണിയിലെ മറ്റ് ഘടകങ്ങള്‍ തിരുത്തലിന് വഴിയൊരുക്കാനുള്ള സാധ്യതയുണ്ടെങ്കില്‍ ഭാഗികമായി ലാഭമെടുക്കാവുന്നതാണ്.
ഏതെങ്കിലും ഒരു മേഖലയ്‌ക്ക് ഗുണകരമാകുന്ന നയങ്ങളോ പ്രഖ്യാപനങ്ങളോ ഉണ്ടാകുമ്പോള്‍ ആ മേഖലയിലെ ഓഹരികളുടെ വില ഉയരാറുണ്ട്. അതുപോലെ സാമ്പത്തിക സൂചകങ്ങള്‍ക്ക് വിപണിയുടെ ഗതി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കാണുള്ളത്.
നിക്ഷേപകര്‍ ഭാഗികമായി മാത്രമേ ലാഭമെടുക്കാവൂ
നിക്ഷേപം നടത്തുമ്പോള്‍ ചെയ്യുന്നതു പോലെ ലാഭമെടുക്കുമ്പോഴും നിക്ഷേപകര്‍ മതിയായ ഗവേഷണം നടത്തേണ്ടതുണ്ട്. ഘട്ടങ്ങളായി ലാഭമെടുക്കുന്നതും പുനര്‍നിക്ഷേപം നടത്തുന്നതും മികച്ച നേട്ടം ലഭിക്കുന്നതിന് വഴിയൊരുക്കും. നിക്ഷേപത്തിന്റെ ഒരു ഭാഗം മാത്രമേ ലാഭമെടുക്കാനായി വില്‍പ്പന നടത്താന്‍ പാടുള്ളൂ. ഇങ്ങനെ ചെയ്യുമ്പോള്‍ ഭാഗികമായി ലാഭം ലഭിക്കുന്നതിനും അവസരം ലഭിക്കുമ്പോള്‍ പുനര്‍നിക്ഷേപം നടത്തുന്നതിനും ബാക്കി നിക്ഷേപം വളരുന്നതിനും വഴിയൊരുങ്ങുന്നു.
ലേഖകന്‍ ഹെഡ്‌ജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമാണ്