വരുന്നു സ്പോട് ബിറ്റ് കോയിൻ ഇ ടി എഫ്! ഇനി എല്ലാം മാറ്റി മറിക്കുമോ?
Mail This Article
ബിറ്റ് കോയിന്റെ വിലകൾ കുതിച്ചു കയറുന്നതിനാൽ പലർക്കും അതിൽ നിക്ഷേപിക്കാൻ താല്പര്യമുണ്ടാകും. എന്നാൽ വില വ്യതിയാനം കൂടുതലുള്ള ബിറ്റ് കോയിൻ പോലുള്ള ആസ്തിയിൽ നിക്ഷേപിക്കാൻ പേടിയും ഉണ്ടാകും. അത്തരക്കാർക്ക് പറ്റിയ ഒരു നിക്ഷേപ മാർഗമാണ് ഇ ടി എഫുകൾ. ഓഹരികളിൽ ഇ ടി എഫുകൾ ഉള്ളത് പോലെ തന്നെയാണ് ക്രിപ്റ്റോ കറൻസികളിലെ ഇ ടി എഫുകളും. തീരെ ചെറിയ തുകയ്ക്ക് പോലും ക്രിപ്റ്റോ ഇ ടി എഫുകളിലൂടെ നിക്ഷേപം നടത്താനാകും. ഇപ്പോൾ ബിറ്റ് കോയിൻ സ്പോട് ഇ ടി എഫുകളും വിപണിയിൽ എത്തുകയാണ്.
എന്താണ് സ്പോട് ഇ ടി എഫ്?
സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യപ്പെടുന്ന ഒരു ബിറ്റ്കോയിൻ സ്പോട്ട് ഇടിഎഫ് , ഭാവിയിലെ ബിറ്റ്കോയിൻ കരാറുകളെ ആശ്രയിക്കുന്ന ഫ്യൂച്ചർ ഇടിഎഫുകളിൽ നിന്ന് വ്യത്യസ്തമായി ബിറ്റ്കോയിൻ അതിന്റെ പ്രാഥമിക ആസ്തിയായി സൂക്ഷിക്കുന്നു. സ്‌പോട്ട് ഇടിഎഫുകൾ ബിറ്റ്‌കോയിന്റെ വില നേരിട്ട് ട്രാക്ക് ചെയ്യുന്നു. നിക്ഷേപകർക്ക് ബിറ്റ് കോയിൻ നേരിട്ട് സ്വന്തമാക്കാതെ തന്നെ അതിന്റെ വില വ്യതിയാനങ്ങൾ മനസ്സിലാക്കാൻ സാധിക്കും. ഇത്തരത്തിലുള്ള ഇ ടി എഫ് വിപണിയിൽ എത്തിക്കുന്ന കാര്യം നാളുകളായി ചർച്ചയിൽ ഉള്ളതാണ്. കുറേകൂടി സുരക്ഷിതവും, സുതാര്യവുമായതിനാലാണ് ഇതിനെ നിക്ഷേപകർ ഇഷ്ടപ്പെടുന്നത്.
ബിറ്റ് കോയിൻ സ്പോട് ഇ ടി എഫ് വിലകൾ വർധിപ്പിക്കുമോ?
നിക്ഷേപകർ നാളുകളായി കാത്തിരുന്ന ബിറ്റ് കോയിൻ സ്പോട് ഇ ടി എഫ് വിപണിയിൽ എത്തുന്നതോടെ ഡിമാൻഡ് കുത്തനെ ഉയരും എന്നാണ് അമേരിക്കയിൽ നിന്നുള്ള ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സ്പോട് ഇ ടി എഫിനുള്ള ഡിമാൻഡ് വർധിക്കുന്നതോടെ ബിറ്റ് കോയിൻ വിലകൾ വരും ദിവസങ്ങളിൽ കുത്തനെ ഉയരാനും സാധ്യതയുണ്ട്. ബിറ്റ് കോയിൻ വിലയുടെ ചലനങ്ങൾ സ്പോട് ഇ ടി എഫിലൂടെ അറിയാൻ സാധിക്കുന്നതിനാലാണ് നിക്ഷേപകർ ഇതിനെ കൂടുതലായി ഇഷ്ടപ്പെടുക. വ്യക്തികൾക്ക് മാത്രമല്ല സ്ഥാപനങ്ങൾക്കും ബിറ്റ് കോയിൻ സ്പോട് ഇ ടി എഫിൽ താല്പര്യമുണ്ടാകും എന്നാണ് സൂചനകൾ. ഇതും കൂടുതൽ നിക്ഷേപം ഇതിലേക്ക് ഒഴുക്കും.
ബിറ്റ് കോയിൻ സ്പോട് ഇ ടി എഫ് വാങ്ങുന്നതിൽ റിസ്ക് ഉണ്ടോ?
ഒരു ബിറ്റ് കോയിൻ വാങ്ങുമ്പോൾ നമ്മുടെ തന്നെ വോലറ്റിലാണ് സൂക്ഷിക്കുന്നത്. എന്നാൽ ഒരു ഇ ടി എഫ് നമ്മുടെ വോലറ്റിലല്ല മറിച്ച് മറ്റൊരു അക്കൗണ്ടിലായിരിക്കും സൂക്ഷിക്കുക. ഓഹരികൾ നമുക്ക് വേണ്ടി മ്യൂച്ചൽ ഫണ്ട് മാനേജർമാർ വാങ്ങി കൈകാര്യം ചെയ്യുന്നത് പോലെ ആയിരിക്കും ഇത്. ഇപ്പോഴും ക്രിപ്റ്റോകളുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചകൾ എല്ലാ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ സ്പോട് ഇ ടി എഫിനും റിസ്ക് ഉണ്ടെന്നുള്ളതാണ് സത്യം. അതുപോലെ ബിറ്റ് കോയിൻ വിലകൾ പോലെ ഇ ടി എഫ് വിലകളിൽ അത്ര കൂടുതൽ വ്യതിയാനം ഉണ്ടാകില്ല എന്നുള്ളതിനാൽ നിക്ഷേപകർക്ക് വലിയ രീതിയിലുള്ള ലാഭം ബിറ്റ് കോയിൻ ഇ ടി എഫുകളിൽ നിന്ന് ലഭിക്കില്ല.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.