ADVERTISEMENT

സീ എന്റർടെയ്ൻമെന്റും സോണി ഗ്രൂപ്പുമായുമായുള്ള ലയനം നടക്കുമോ ഇല്ലയോ എന്നതാണ് ഓഹരി ലോകത്തെ ഇപ്പോഴത്തെ ചൂടേറിയ ചർച്ചാ വിഷയം. കഴിഞ്ഞ വർഷം മുതൽ ഈ വാർത്തയിൽ മാധ്യമങ്ങൾ ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ ലയനം നടക്കില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എന്നാൽ സീ എന്റർടെയ്ൻമെന്റ് ഇതു തള്ളി. അതേസമയം, ഓഹരി ഉടമകൾക്ക് ഇപ്പോഴും ഇക്കാര്യത്തിൽ വ്യക്തതയില്ല.

ധാരണ

സീ എന്റർടെയ്ൻമെന്റുമായി 10 ബില്യൻ ഡോളറിന്റെ ലയനത്തിൽനിന്ന് സോണി ഗ്രൂപ്പ് പിൻമാറിയെന്ന വാർത്ത പുറത്തുവന്ന ജനുവരി 9 ന് സീ എന്റർടെയ്ൻമെന്റിന്റെ ഓഹരികൾ 10 ശതമാനം ഇടിഞ്ഞിരുന്നു. എന്നാൽ സോണി-സീ ലയന നടപടി തുടരുമെന്നാണ് സീ അവകാശപ്പെടുന്നത്. മാധ്യമ വാർത്തകൾ തെറ്റാണെന്നാണ് സീയുടെ നിലപാട്.

ലയനത്തോടെ നിലവിൽ വരുന്ന പുതിയ കമ്പനിയുടെ നേതൃത്വത്തെപ്പറ്റിയാണ് ഇപ്പോഴത്തെ തർക്കമെന്നാണ് സൂചന. 2021ൽ ഒപ്പുവച്ച പ്രാഥമിക കരാർ പ്രകാരം, ലയിപ്പിച്ച സ്ഥാപനത്തെ നയിക്കാൻ പുനീത് ഗോയങ്കയെ നിശ്ചയിച്ചിരുന്നു. എന്നാൽ ഇപ്പോൾ സോണിക്ക് അതിൽ താൽപര്യമില്ല എന്നാണ് റിപ്പോർട്ട്. കാരണം കഴിഞ്ഞ വർഷം, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഗോയങ്കയെ ലിസ്റ്റഡ് കമ്പനികളിലെ എക്‌സിക്യൂട്ടീവ് അല്ലെങ്കിൽ ഡയറക്ടർ നിയമനങ്ങളിൽനിന്നു വിലക്കിയിരുന്നു. സീയുടെ സ്ഥാപകനും ഗോയങ്കയുടെ പിതാവുമായ സുഭാഷ് ചന്ദ്ര ഉൾപ്പെട്ട ലോൺ റിക്കവറി കൃത്രിമത്വവും സാമ്പത്തിക ക്രമക്കേടുമായിരുന്നു കാരണം.

സോണി-സീ ലയനത്തിന്റെ പ്രാധാന്യം

സീ എന്റർടെയ്ൻമെന്റ് അതിന്റെ വിപുലീകരണ പദ്ധതികൾക്കായി പണത്തിനു വേണ്ടി നെട്ടോട്ടമോടുകയാണ്. ലയനം നടന്നാൽ ഫണ്ടിങ് ബാധ്യത സോണി ഏറ്റെടുക്കുന്നതിനാൽ സീ എന്റർടെയ്ൻമെന്റിന് അതൊരു ആശ്വാസമാകും. ലയനത്തിൽ കുറഞ്ഞത് 11,000-12,000 കോടി രൂപയെങ്കിലും നൽകുമെന്ന ഉറപ്പ് സോണി നൽകുന്നുണ്ട്.

ഇതിനിടക്ക് അംബാനി സീയെ ഏറ്റെടുക്കുമോ എന്ന അഭ്യൂഹവും ഉണ്ടായിരുന്നു. ടിവി 18 ഓഹരികളും സീ എന്റർടെയ്ൻമെന്റ് ഓഹരികളും ഇന്ന് ഉയർച്ചയിലാണ്. സീ–സോണി ലയനം നടക്കില്ലെന്ന വാർത്ത വന്നതിനെ തുടർന്ന് ചെറുകിട ഓഹരി ഉടമകൾ പെട്ടെന്ന് ഓഹരികൾ വിറ്റഴിച്ചിരുന്നു. എന്നാൽ ഇത് ചെറുകിട ഓഹരി ഉടമകളെ കെണിയിൽ പെടുത്താൻ ഓപ്പറേറ്റേഴ്സ് നടത്തിയ നാടകമായിരുന്നു എന്ന മട്ടിൽ ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

കേബിൾ ടിവി നിരക്കുകൾ കൂടും; വീണ്ടും സാധാരണക്കാരന് പ്രഹരം

ഇതിനിടയിൽ സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ്, സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക്സ് ഇന്ത്യ, വിയാകോം 18 എന്നീ ബ്രോഡ്‌കാസ്റ്റിങ് കമ്പനികൾ ഫെബ്രുവരി ഒന്നു മുതൽ തങ്ങളുടെ നിരക്കുകൾ വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ 2024 തിരഞ്ഞെടുപ്പ് വർഷമായതിനാൽ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ബ്രോഡ്‌കാസ്റ്റിങ് കമ്പനികളുടെ നിരക്ക് വർധനക്ക് അനുമതി കൊടുക്കാൻ സാധ്യതയില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബ്രോഡ്കാസ്റ്റിങ് കമ്പനികൾ ഓരോ ചാനലിനും പ്രത്യേകമായും, ഒരു സെറ്റ് ചാനലുകൾക്ക് ഒരുമിച്ചും നിരക്കുകൾ ഈടാക്കുന്നത് കേബിൾ ടിവി നടത്തിപ്പുക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നിരക്ക് വർധിപ്പിച്ചാൽ ഉപഭോക്താക്കൾ സഹകരിക്കാത്തതും പ്രശ്നമാണ്. യുട്യൂബും മറ്റ് സമൂഹമാധ്യമ പ്ലാറ്റുഫോമുകളും ഉള്ളതും ടിവി കാണുന്നതിൽനിന്ന് ഉപഭോക്താക്കളെ അകറ്റുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലും ബ്രോഡ്കാസ്റ്റിങ് കമ്പനികൾ നിരക്ക് വർധിപ്പിച്ചിരുന്നു. പണപ്പെരുപ്പത്തിനനുസരിച്ച് വരുമാനം കൂട്ടാനാണ് നിരക്ക് വർധനയെന്നാണ് ബ്രോഡ്കാസ്റ്റ് കമ്പനികളുടെ പക്ഷം.

English Summary:

What will Happen to Zee - Sony Merger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com