മ്യൂച്വൽ ഫണ്ടിലൂടെ ആർക്കും നേടാം മികച്ച പെൻഷൻ, മാർഗം ഇതാണ്
Mail This Article
ഇന്ത്യയിൽ മ്യൂച്വൽ ഫണ്ടു നിക്ഷേപങ്ങൾക്ക് ഓരോ ദിവസവും പ്രചാരമേറുകയാണ്. മൊത്തം നിക്ഷേപം അൻപതുലക്ഷം കോടി കവിഞ്ഞിരിക്കുന്നു. നിക്ഷേപകരുടെ എണ്ണമാവട്ടെ മൂന്നര കോടിയോളമെത്തി. ഓഹരിരംഗത്തെ ഉണർവാണ് ഇതിനു പ്രധാന കാരണം. ഓഹരി വിപണിയിൽ നേരിട്ട് ഇടപാടു നടത്താൻ സൗകര്യവും സമയവും വൈദഗ്ധ്യവും ഇല്ലാത്തവർക്ക് ഇക്വറ്റി ഫണ്ടുകളിലെ നിക്ഷേപമാണ് അനുയോജ്യം. ഈയവസരത്തിൽ മുൻനിര അസറ്റ് മാനേജ്മെന്റ് കമ്പനികൾ തങ്ങളുടെ സ്കീമുകളുടെ വൈവിധ്യത്തിനു ശ്രദ്ധിക്കുന്നുണ്ട്.
എസ്ഐപി എന്ന നിക്ഷേപ ശൈലി സാധാരണക്കാരിൽ ഏറെ സ്വീകാര്യമായിരിക്കുന്നു. ഒരാൾ നിശ്ചിത കാലയളവിലേക്കു മുൻകൂട്ടി നിശ്ചയിക്കുന്ന തുക തുടർച്ചയായി നിക്ഷേപിക്കുന്നതാണല്ലോ എസ്ഐപി. പ്രതിമാസം പതിനാറായിരം കോടി രൂപയാണ് ഈ മാർഗത്തിലൂടെ മ്യൂച്വൽ ഫണ്ടുകളിലേക്കു നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ ഇതിലൂടെ നേടിയെടുക്കാം.
എസ്ഐപി ആർക്ക്, എന്തിന്?
എല്ലാ മാസവും ഒരു നിശ്ചിത തുക മാറ്റിവയ്ക്കുന്ന ശീലമുണ്ടായാൽതന്നെ ഒപ്പം സാമ്പത്തിക അച്ചടക്കവും നാം ശീലിക്കും. ദീർഘകാല നിക്ഷേപമാകയാൽ കോമ്പൗണ്ടിങ്ങിലൂടെയുള്ള മൂലധന വളർച്ചയും ഉറപ്പാക്കാം. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർ, ഇടത്തര വരുമാനക്കാർ, കൃഷിക്കാർ, ഗ്രാമീണ മേഖലയിലെ തൊഴിലാളികൾ, സ്വകാര്യസംരംഭങ്ങളിലെ ചെറുകിട വരുമാനക്കാർ, വിദേശത്തു ജോലി ചെയ്യുന്നവർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഏറെ സഹായകരവും അനുയോജ്യവുമാണിത്.
എസ്‌ഡബ്ല്യുപി
മേൽപ്രകാരം ദീർഘകാലംകൊണ്ടു കൈവരിച്ച സഞ്ചിത തുകയിൽനിന്നും നിശ്ചിതതുക ഗഡുക്കളായി പിൻവലിക്കാവുന്ന സംവിധാനവും മ്യൂച്വൽ ഫണ്ടിലുണ്ട്. ഇപ്പോൾ ഏറെ ജനപ്രീതിയുള്ള രീതിയാണ് സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ അഥവാ എസ്‌ഡബ്യുപി.
എങ്ങനെ പെൻഷൻ ഉറപ്പാക്കാം?
എസ്ഐപിവഴിയുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപം ദീർഘകാലത്തേക്ക് ആസൂത്രണം ചെയ്താൽ നല്ലൊരു പെൻഷൻ ഫണ്ടിനും ഉതകും. എസ്ഐപിയും എസ്‌ഡബ്ല്യുപിയും ചേർത്തിണക്കിയ മ്യൂച്ചൽ ഫണ്ട് സ്കീമുകൾ ഇപ്പോൾ വിപണിയിൽ തരംഗമാകുകയാണ്. ഇത്തരം ഫണ്ടുകളിൽ നിക്ഷേപം തുടങ്ങുമ്പോൾതന്നെ സഞ്ചിത നിക്ഷേപത്തിൽനിന്നുള്ള പിൻവലിക്കൽ എപ്പോൾ ആരംഭിക്കണമെന്നുള്ളതും തീരുമാനിക്കാവുന്നതാണ്. ഉദാഹരണത്തിന്
8, 10, 12, 15, 20, 25, 30 എന്നീ വർഷങ്ങളിലേക്കു പ്ലാൻ ചെയ്തിട്ടുള്ള ഒരു എസ്ഐപിയിൽനിന്നും പിൻവലിക്കാൻ തുടങ്ങുന്ന തീയതിയും ചേരുന്ന അവസരത്തിൽ തിരഞ്ഞെടുക്കാം. ഇതുകൊണ്ടാണ് ഒരു പെൻഷൻ പദ്ധതിക്കുള്ള സ്വീകാര്യത ഇത്തരം പദ്ധതികൾക്കും ലഭിക്കുന്നത്. ആദിത്യ ബിർള സൺ ലൈഫ് അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ സമ്പൂർണ എസ്ഐപി ഇതിനു മികച്ച ഉദാഹരണമാണ്
ധനകാര്യ സേവനരംഗത്തു മുപ്പതിലേറെ വർഷത്തെ പരിചയമുള്ള മുൻനിര ഡിസ്ട്രിബ്യൂട്ടർ ആണ് ലേഖകൻ. മലയാള മനോരമ സമ്പാദ്യം ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.