എല്ലാ കണ്ണുകളും രാമക്ഷേത്രത്തിലേക്ക്, നിക്ഷേപകർ കണ്ണ് വയ്ക്കേണ്ടത് ഈ ഓഹരികളിൽ
Mail This Article
ഇനി അയോധ്യ ഒരു 'റിലീജിയസ് ടൂറിസം' കേന്ദ്രമായി മാറുകയാണ്. മതപരമായ പ്രാധാന്യത്തിനപ്പുറം രാമക്ഷേത്ര നഗരി ആ മേഖലയിലെ സമ്പദ് വ്യവസ്ഥയെ കൂടെ വളർത്തുമെന്നാണ് കരുതുന്നത്. അതിനോടനുബന്ധിച്ച കമ്പനികൾക്കെല്ലാം തന്നെ ഉയർന്ന വരുമാനം ഇതിലൂടെ ഉണ്ടാകാം. ഓഹരി വിപണിയിലെ പല കമ്പനികളും ഈ പ്രത്യേക വിഷയം കഴിഞ്ഞ രണ്ടാഴ്ചകളായി ചർച്ച ചെയ്യുകയാണ്. ഹോട്ടലുകൾ, യാത്ര കമ്പനികൾ, ഭക്ഷണശാലകൾ എന്നിവയുടെ ഓഹരികളെല്ലാം ഇതിനോടനുബന്ധിച്ച് കുതിച്ചുയരാൻ സാധ്യതയുണ്ട്.
പ്രവേഗ് ലിമിറ്റഡ്
ആഡംബര ഹോസ്പിറ്റാലിറ്റിക്ക് പേരുകേട്ട പ്രവേഗിന് അയോധ്യയിൽ ഒരു റിസോർട്ട് ഉണ്ട്. രാമക്ഷേത്രത്തിന് സമീപമാണ് ഈ റിസോർട്ട്.
ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ്
ഇന്ത്യൻ ഹോട്ടൽസ് കമ്പനി അയോധ്യയിൽ വിവാന്ത, ജിഞ്ചർ ബ്രാൻഡഡ് ഹോട്ടലുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നു. ആത്മീയ കേന്ദ്രങ്ങളിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനുള്ള കമ്പനിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഇത്.
അപ്പോളോ സിന്ദൂരി ഹോട്ടലുകൾ ചെന്നൈ ആസ്ഥാനമായുള്ള അപ്പോളോ സിന്ദൂരി ഹോട്ടലുകളുടെ ഓഹരികൾ ഈ മാസം 54 ശതമാനം ഉയർന്നു. അയോധ്യയിൽ സന്ദർശക വാഹനങ്ങൾ ഉൾക്കൊള്ളുന്നതിനായി മൾട്ടി ലെവൽ പാർക്കിങ് സൗകര്യം ഇവരുടെ മേൽനോട്ടത്തിലാണ് ഉണ്ടാക്കുന്നത്.
ഐടിസി ലിമിറ്റഡ്
സെവൻ സ്റ്റാർ കാറ്റഗറിയിൽ അയോധ്യ ക്ഷേത്രത്തിന് സമീപമാണ് ഐടിസിയുടെ ഹോട്ടൽ തുറക്കുന്നത്.
കാമത്ത് ഹോട്ടലുകൾ
കാമത്ത് ഹോട്ടൽസ് ഓഹരികൾ ഈ മാസം 71 ശതമാനം ഉയർന്നു. ഈ മാസം അയോധ്യയിൽ 50 മുറികളുള്ള ഒരു പുതിയ ഹോട്ടൽ ആരംഭിക്കാൻ ഇവർ പദ്ധതിയിടുന്നു. കൂടാതെ ഭാവിയിൽ ക്ഷേത്ര നഗരത്തിൽ രണ്ട് ഹോട്ടലുകൾ കൂടി തുറക്കുമെന്നും പ്രഖ്യാപിച്ചു.
ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് (ഇൻഡിഗോ)
ഇന്ത്യയിലെ ഏറ്റവും വലിയ യാത്രാ വിമാനക്കമ്പനിയായ ഇൻഡിഗോ തങ്ങളുടെ 86-ാമത്തെ ആഭ്യന്തര ലക്ഷ്യസ്ഥാനമായി അയോധ്യയെ പ്രഖ്യാപിച്ചു. ഉടൻ തുറക്കാനിരിക്കുന്ന ശ്രീറാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പ്രവർത്തിക്കുന്ന ഇത് തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ചരിത്ര നഗരത്തിലേക്ക് എത്തിക്കും.
ഐആർസിടിസി
ക്ഷേത്ര ഉദ്ഘാടനത്തിനായി അയോധ്യയിലേക്ക് 1000 ട്രെയിനുകൾ ഓടിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു, ഇത് പ്രധാന നഗരങ്ങളിൽ നിന്ന് എളുപ്പത്തിൽ അയോധ്യയിലേക്ക് എത്തിച്ചേരാൻ സഹായിക്കും. നവീകരിച്ച അയോധ്യ സ്റ്റേഷനും ഒരു പ്രത്യേക ഭാരത് ഗൗരവ് ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിനും യാത്രാ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടും.
ഈസ് മൈ ട്രിപ്പ്
യാത്ര സംബന്ധിച്ച എല്ലാ സൗകര്യങ്ങളും നൽകുന്ന ഈസ് മൈ ട്രിപ്പ്, അയോധ്യ യാത്രക്കാരുടെ എയർ ടിക്കറ്റുകൾ, ഹോട്ടലുകൾ, ക്യാബുകൾ, ബസുകൾ, റെയിൽവേ ടിക്കറ്റുകൾ എന്നിവയ്ക്കുള്ള ബുക്കിങ്ങിലെ കുതിച്ചുചാട്ടത്തിൽ നിന്ന് വളരും.
എസ്ഐഎസ് ലിമിറ്റഡ് അയോധ്യയിലെ ക്ഷേത്ര സമുച്ചയത്തിൽ തങ്ങളുടെ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ രാം മന്ദിർ ട്രസ്റ്റുമായി കമ്പനി കരാർ ഒപ്പിട്ടതായി പ്രഖ്യാപിച്ചതിന് ശേഷം സ്വകാര്യ സുരക്ഷാ ഗ്രൂപ്പായ എസ്ഐഎസ് ലിമിറ്റഡിന്റെ ഓഹരികൾ ഇന്ന് 18% വരെ ഉയർന്നു.
ജെനസിസ് മാപ്പിങ് ടെക്‌നോളജി സൊല്യൂഷൻ പ്രൊവൈഡർ ജെനസിസ് ഇന്റർനാഷണൽ അയോധ്യ നഗരത്തിന്റെ ഔദ്യോഗിക ഭൂപടമായി തിരഞ്ഞെടുത്തതിനാൽ അതിന്റെ ഓഹരികൾ ഏകദേശം 16% ഉയർന്നു.
അലൈഡ് ഡിജിറ്റൽ
അയോധ്യ സ്മാർട്ട് സിറ്റി പ്രോജക്ടിനായി നിലവിലുള്ള ഐടിഎംഎസ് കൺട്രോൾ റൂമുമായി സിസിടിവി നിരീക്ഷണം സംയോജിപ്പിക്കുന്നതിനുള്ള മാസ്റ്റർ സിസ്റ്റം ഇന്റഗ്രേറ്ററായി (എംഎസ്ഐ) മുംബൈ ആസ്ഥാനമായുള്ള അലൈഡ് ഡിജിറ്റൽ സർവീസസ് (എഡിഎസ്എൽ) തിരഞ്ഞെടുത്തു. ഈ മാസത്തിൽ 41 ശതമാനം വർധനവാണ് സ്റ്റോക്കിനുണ്ടായിരിക്കുന്നത്.
തോമസ് കുക്ക്
ഇവരുടെ വിവിധ സേവനങ്ങൾ അയോധ്യയിൽ ലഭ്യമാകും.
പക്കാ ലിമിറ്റഡ്
ജനുവരിയിൽ ഇതുവരെ പക്ക ലിമിറ്റഡിന്റെ ഓഹരികൾ 148% ഉയർന്നു. ഇന്ന് നടക്കുന്ന പ്രാൺ പ്രതിഷ്ഠാ ചടങ്ങിന് അയോധ്യ ആസ്ഥാനമായുള്ള കമ്പനി, കമ്പോസ്റ്റബിൾ പ്ലേറ്റുകളും പാത്രങ്ങളും സ്പൂണുകളും വിതരണം ചെയ്യുമെന്ന് അറിഞ്ഞതിന് ശേഷം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഈ സ്മോൾക്യാപ് ഓഹരി ഇരട്ടിയിലധികമായി.
കൂടാതെ, വിനോദസഞ്ചാരികളുടെയും മത തീർഥാടകരുടെയും വർദ്ധനവ് കാരണം, ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (താജ്), ഇഐഎച്ച് ലിമിറ്റഡ് (ഒബ്റോയ്),ലെമൺ ട്രീ ഹോട്ടൽസ്, സ്‌പൈസ്‌ജെറ്റ്, റെയിൽ വികാസ് നിഗം, ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ജയ് പ്രകാശ് അസോസിയേറ്റ്‌സ് തുടങ്ങിയ കമ്പനികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് അനലിസ്റ്റുകൾ വിശ്വസിക്കുന്നത്. കൂടാതെ,താമസ സൗകര്യങ്ങൾ നൽകുന്ന ഓയോയ്ക്കും നേട്ടമുണ്ടാകും.
ഇതുകൂടാതെ മതപരമായ ടൂറിസം, തീർത്ഥാടന പാക്കേജുകൾ എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ ട്രാവൽ, ടൂർ കമ്പനികളുടെ ആവശ്യം ഉയരുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു. മെച്ചപ്പെട്ട എയർ കണക്റ്റിവിറ്റി, തീർത്ഥാടനങ്ങൾക്കുള്ള പ്രത്യേക ട്രെയിനുകൾ, അയോധ്യയിലേക്കുള്ള റോഡ് ഗതാഗതം എന്നിവയെല്ലാം വ്യോമയാന, റെയിൽ, റോഡ് അടിസ്ഥാന സൗകര്യ വ്യവസായങ്ങൾക്കും പ്രയോജനകരമാകും.