തിരഞ്ഞെടുപ്പും നിഫ്‌റ്റി 22,124 പോയിന്റും തമ്മിലെന്ത്? വിപണി 'ബ്രേക്ക്' എടുക്കുമോ?
Mail This Article
2024ലേക്ക് കടന്നതിനു ശേഷം നിഫ്‌റ്റി അപ്രതീക്ഷിതമായ പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നതാണ് കണ്ടത്. 22,124 പോയിന്റാണ് നിഫ്‌റ്റി രേഖപ്പെടുത്തിയ ഉയര്‍ന്ന നിലവാരം. അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്‌ഠ നടന്ന തീയതിയുമായി ഇതിനൊരു സാമ്യമുണ്ടെന്നത് അതീവ കൗതുകരമാണ്. 22-1-24 ആയിരുന്നു പ്രതിഷ്‌ഠയുടെ തീയതി.
രാമക്ഷേത്ര പ്രതിഷ്‌ഠ കേന്ദ്രത്തിലെ അധികാര തുടര്‍ച്ച ലക്ഷ്യമിടുന്ന ഒരു രാഷ്‌ട്രീയ പരിപാടി കൂടിയായിരുന്നു. രാജ്യത്തെ ഭൂരിപക്ഷ മതത്തില്‍ പെട്ടവരുടെ വോട്ട് ഏകീകരിക്കുക എന്ന ലക്ഷ്യം ഈ പരിപാടിയ്‌ക്കുണ്ട്. ഏതാനും മാസങ്ങള്‍ക്കു ശേഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്നെയാണ് കേന്ദ്രത്തിലെ ഭരണകക്ഷി ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ഭരണത്തുടർച്ചയോ?
നിലവിലുള്ള സര്‍ക്കാരിന്റെ തുടര്‍ച്ച അടുത്ത തിരഞ്ഞെടുപ്പിനു ശേഷവുമുണ്ടാകുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഓഹരി വിപണി ഇത്ര വലിയ കുതിപ്പ് നടത്തിയത്. കുതിപ്പിന്റെ പാരമ്യത്തില്‍ നിഫ്‌റ്റി എത്തിച്ചേര്‍ന്നു നിന്നത് ഭരണതുടര്‍ച്ച ഉറപ്പിക്കാനായി നടത്തുന്ന ഒരു പരിപാടിയുടെ തീയതിയെ ഓര്‍മിപ്പിക്കുന്ന സംഖ്യയിലുമാണ്. ഡിസംബറില്‍ നടന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വന്‍വിജയത്തിനു ശേഷമാണ് ഭരണത്തുടര്‍ച്ച എന്ന പ്രതീക്ഷയുടെ പേരില്‍ വിപണി ഒരേ ട്രാക്കില്‍ കുതിച്ചുകൊണ്ടിരുന്നത്.
ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. സെമിഫൈനലിലെ വിജയം വിപണിയെ ഇത്ര വലിയ ഉയരത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇനി ഫൈനല്‍ വരെയെങ്കിലും 22,124 പോയിന്റ് എന്നത് ഇടക്കാലത്തെ ഉയര്‍ന്ന നിലവാരമായി തുടരുമോ?
ഏറ്റവും അനുകൂലമായ ഘടകങ്ങള്‍ ഇതിനകം വിപണിയിലെ കുതിപ്പില്‍ പ്രതിഫലിച്ചുകഴിഞ്ഞു. പല ഓഹരികളും ചെലവേറിയ നിലയിലെത്തുകയും ചെയ്‌തു. 22,124 പോയിന്റ് രേഖപ്പെടുത്തിയതിനു ശേഷം നിഫ്‌റ്റി ഏകദേശം 900 പോയിന്റ് ഇടിവ് നേരിട്ടത് ഇനിയൊരു `കണ്‍സോളിഡേഷ'ന്റെ ഘട്ടമാണെന്ന സൂചനയാണ് നല്‍കുന്നത്.
നേര്‍രേഖയിലുള്ള തുടര്‍ച്ചയായ കുതിപ്പ് വിപണിയെ സംബന്ധിച്ചിടത്തോളം ആയാസകരമാണ്. കുതിപ്പിനിടയില്‍ കിതപ്പ് അകറ്റേണ്ടത് വിപണിയുടെ ആരോഗ്യകരമായ പോക്കിന് ആവശ്യവുമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മുതല്‍ രാമക്ഷേത്ര പ്രതിഷ്‌ഠ വരെയുള്ള സംഭവങ്ങള്‍ വിപണിയില്‍ സൃഷ്‌ടിച്ച മുന്നേറ്റത്തിനു ശേഷം ഒരു `ബ്രേക്ക്' എടുക്കുകയും സ്ഥിരീകരണത്തിന്റെ ഘട്ടത്തിലേക്ക് കടക്കുകയും ചെയ്യാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
നിക്ഷേപകര്‍ എന്തുചെയ്യണം?
വിപണിയിലുണ്ടായ മുന്നേറ്റം ഓഹരി നിക്ഷേപകരുടെ പോര്‍ട്‌ഫോളിയോയുടെ മൂല്യം ഗണ്യമായ തോതില്‍ വര്‍ധിക്കുന്നതിന് വഴിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിരുകയാണോ ചെയ്യേണ്ടത്?
ലാഭമെടുപ്പ് എന്നതിലുപരി നിക്ഷേപത്തിന്റെ ക്രമീകരണം ഉറപ്പുവരുത്താനാണ് ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടത്. 50 ശതമാനം വീതം ഓഹരികളിലും സ്ഥിരവരുമാന മാര്‍ഗങ്ങളിലും നിക്ഷേപിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉചിതമായ രീതി. നേരത്തെ 50 ശതമാനം ഓഹരികള്‍ക്കായി വകയിരുത്തിയ ഒരാളുടെ നിക്ഷേപമൂല്യം ഇപ്പോള്‍ ഗണ്യമായി വളര്‍ന്നിട്ടുണ്ടാകും. ഈ വളര്‍ച്ചക്ക് ആനുപാതികമായി നിക്ഷേപത്തിന്റെ ക്രമീകരണം ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്. ഉദാഹരണത്തിന് 50 ശതമാനം ഓഹരി നിക്ഷേപം നടത്തിയ ഒരാളുടെ നിക്ഷേപമൂല്യം ഇപ്പോള്‍ 80 ശതമാനം ആയിട്ടുണ്ടെങ്കില്‍ ഭാഗികമായി ലാഭമെടുത്ത് ആ തുക സ്ഥിരവരുമാന മാര്‍ഗങ്ങളിലേക്ക് മാറ്റുകയും രണ്ട് ആസ്‌തിമേഖലകളിലുമുള്ള നിക്ഷേപം 50 ശതമാനം വീതമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുകയാണ് വേണ്ടത്. പോര്‍ട്‌ഫോളിയോയുടെ ബാലന്‍സിങിന് ഇത് സഹായകമാകും.
(ഹെഡ്‌ജ് ഗൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമാണ് ലേഖകന്‍)