ADVERTISEMENT

മൂന്ന് ദിവസം മാത്രം വ്യാപാരം നടന്ന കഴിഞ്ഞ ആഴ്ചയിൽ വിപണി അതിവില്പന സമ്മർദ്ദത്തിൽപ്പെട്ട് തകർന്ന് ബജറ്റിന് മുൻപ് നിക്ഷേപകർക്ക് വലിയ നഷ്ടം നൽകി. മുൻആഴ്ചയിൽ 21571 പോയിന്റിലേക്ക് വീണ നിഫ്റ്റി കഴിഞ്ഞ ആഴ്ചയിൽ 21352 പോയിന്റിലും സെൻസെക്സ് 70700 പോയിന്റിലുമാണ് ക്ളോസ് ചെയ്തത്. അടുത്ത ആഴ്ച അമേരിക്കൻ ഫെഡ് തീരുമാനങ്ങൾ വരുന്നതിന്റെ പിറ്റേന്ന് തന്നെ അവതരിപ്പിക്കപ്പെടുന്ന ഇന്ത്യൻ ബജറ്റും ചേർന്ന് ഇന്ത്യൻ വിപണിയിൽ വലിയ ചാഞ്ചാട്ടങ്ങൾക്ക് വഴിവെച്ചേക്കാം. 

എച്ച്ഡിഎഫ്സി ബാങ്കിനെ വിറ്റു തകർത്തതിന് പിന്നാലെ ഐസിഐസിഐ ബാങ്കും, പൊതു മേഖല ബാങ്കുകളും വില്പന നേരിട്ടത് ബാങ്ക് നിഫ്റ്റിയെ കഴിഞ്ഞ ആഴ്ചയിൽ ജൂലൈ മാസത്തിലെ നിരക്കിലേക്ക് തിരികെ എത്തിച്ചു. റെക്കോർഡ് നിരക്കായ 48636 പോയിന്റിൽ നിന്നും 44440 പോയിന്റിനും താഴെ വന്ന ബാങ്ക് നിഫ്റ്റി 44866 പോയിന്റിലാണ് കഴിഞ്ഞ ആഴ്ച ക്ളോസ് ചെയ്തത്. 

ബജറ്റ് ഒന്നിന് 

തിരഞ്ഞെടുപ്പ് വരുന്നതിനാൽ ഏപ്രിൽ മുതൽ ജൂലൈ വരെ സർക്കാർ ആവശ്യങ്ങൾക്കുള്ള പണം ഇന്ത്യയുടെ സഞ്ചിത നിധിയിൽ നിന്നും ലഭ്യമാക്കുന്നതിനായുള്ള ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പാർലിമെന്റിൽ അവതരിപ്പിക്കുന്നത് വിപണിക്കും വളരെ നിർണായകമാണ്. പൊതുതെരഞ്ഞെടുപ്പിന് മുൻപായുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ ഭരണകക്ഷിയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനപ്രഖ്യാപനമായും, ഒപ്പം ഭാവി ഇന്ത്യയുടെ ചുണ്ടുപലകയായും പ്രയോഗിച്ചേക്കാനുള്ള സാധ്യതയും വിപണിക്ക് പ്രതീക്ഷയാണ്. 

stockmarket10-Copy

2009, 2014, 2019 വർഷങ്ങളിലെ ഇടക്കാല ബജറ്റുകളിലും സ്റ്റാൻഡേർഡ് ഡിഡക്ഷൻ അഡ്ജസ്റ്റ്മെന്റുകൾക്കും, നികുതി ഇളവുകൾക്കും, സാമ്പത്തിക ഉത്തേജന പ്രഖ്യാപനങ്ങൾക്കും തന്നെയായിരുന്നു പ്രാമുഖ്യം. പീയുഷ് ഗോയലിന്റെ 2019ലെ ഇടക്കാല ബജറ്റിൽ അവതരിപ്പിക്കപ്പെട്ട പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പോലുള്ള പുതിയ ജനപ്രിയപ്രഖ്യാപനങ്ങൾ ഇത്തവണയും പ്രതീക്ഷിക്കുന്നു. ബജറ്റിനപ്പുറം തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത് എന്നത് ‘ടെക്നിക്കലി’ ഇന്ത്യൻ വിപണിയിൽ ആശങ്കക്കും വഴിവെച്ചേക്കാം. ബജറ്റ് ദിനത്തിലെ മുന്നേറ്റങ്ങൾ കെണിയാകാതിരിക്കാനും നിക്ഷേപകർ ശ്രദ്ധിക്കണം. ബജറ്റ് പ്രഖ്യാപനങ്ങൾക്ക് ശേഷം ലാഭമെടുക്കലിനും സാധ്യതയേറെയാണ്. 

ഫെഡ് തീരുമാനങ്ങളും ഈയാഴ്ച 

അമേരിക്കൻ ഫെഡ് റിസർവ് ഇത്തവണയും നിരക്ക് 5.50%ൽ നിന്നും വ്യത്യാസപ്പെടുത്തില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന വിപണി ഫെഡ് റിസർവ് എന്ന് മുതൽ നിരക്ക് താഴ്ത്തിത്തുടങ്ങുമെന്ന സൂചനയ്ക്കായാണ് കാത്തിരിക്കുന്നത്. വെള്ളിയാഴ്ച വന്ന ഫെഡ് തീരുമാനങ്ങളെ കൂടുതൽ സ്വാധീനിക്കുന്ന അമേരിക്കൻ പിസിഇ ഡേറ്റ അമേരിക്കൻ പണപ്പെരുപ്പം നിയന്ത്രിതമാണെന്ന സൂചന നൽകിയതും വിപണിക്ക് അനുകൂലമാണ്. പിസിഇ ഡേറ്റ വളർച്ച വിപണി പ്രതീക്ഷയായ 3%ലും താഴെ നിന്നപ്പോൾ മാസക്കണക്കിൽ മുന്നേറിയെങ്കിലും കോർ പിസിഇ സൂചികയിൽ മുൻവർഷത്തിലും കുറവ് വന്നത് അനുകൂലമാണ്. 

ലോക വിപണിയിൽ അടുത്ത ആഴ്ച 

stockmarket6

ബുധനാഴ്ചത്തെ ഫെഡ് തീരുമാനങ്ങൾക്കപ്പുറം ഫെഡ് ചെയർമാന്റെ നിരക്ക് സംബന്ധിയായ പ്രഖ്യാപനങ്ങളാകും പിന്നീട് ലോക വിപണിയുടെ ഗതി നിർണയിക്കുക. ഫെഡ് തീരുമാനങ്ങൾക്ക് ശേഷം വെള്ളിയാഴ്ച വരുന്ന ജനുവരിയിലെ തൊഴിൽ ലഭ്യത വ്യക്തമാക്കുന്ന നോൺഫാം പേറോൾ കണക്കുകളും അമേരിക്കൻ വിപണിക്ക് നിർണായകമാണ്.

വ്യാഴാഴ്ചയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ പ്രഖ്യാപിക്കുക. ചൊവ്വാഴ്ച വരുന്ന ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, യൂറോ സോൺ ജിഡിപി കണക്കുകൾ യൂറോപ്യൻ വിപണിയെയും, പിന്നീട് ഏഷ്യൻ വിപണികളെയും സ്വാധീനിക്കും. ബുധനാഴ്ച വരുന്ന ഫ്രഞ്ച് ജർമ്മൻ സിപിഐ കണക്കുകളും, വ്യാഴാഴ്ച വരുന്ന യൂറോസോൺ, ഇറ്റാലിയൻ പിഎംഐ ഡേറ്റകളും വിപണിക്ക് പ്രധാനമാണ്. യൂറോപ്യൻ രാജ്യങ്ങളുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകൾ വ്യാഴാഴ്ച പുറത്ത് വരുന്നു. 

ബുധനാഴ്ച വരുന്ന ചൈനയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, വ്യാഴാഴ്ച വരുന്ന കോആക്സിൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും ഏഷ്യൻ വിപണികൾക്കൊപ്പം യൂറോപ്യൻ വിപണികൾക്കും പ്രധാനമാണ്. ബുധനാഴ്ച വരുന്ന ജപ്പാന്റെയും, കൊറിയയുടെയും റീറ്റെയ്ൽ വില്പനക്കണക്കുകളും, വ്യാവസായികോല്പാദനക്കണക്കുകളും ഏഷ്യൻ വിപണികൾക്ക് പ്രധാനമാണ്. 

ഓഹരികളും സെക്ടറുകളും 

∙സ്റ്റാൻഡേർഡ് ഡിഡക്ഷനിലും മറ്റും ഇളവുകൾ ഉണ്ടായേക്കാവുന്നത് ജനങ്ങളുടെ പക്കൽ അധിക പണം സ്വരൂപിക്കപ്പെടാനുള്ള സാധ്യത റിയൽ എസ്റ്റേറ്റ് സെക്ടറിനും, കാർ, ബൈക്ക് കമ്പനികൾക്കും, വൈറ്റ് ഗുഡ്‌സ് ഓഹരികൾക്കും അനുകൂലമായേക്കാം. 

∙കാർഷിക മേഖലക്കും, ഗ്രാമീണ മേഖലക്കും തന്നെയാകും ഇത്തവണയും ഇടക്കാല ബജറ്റിൽ പ്രാമുഖ്യമെന്ന് വിപണി അനുമാനിക്കുന്നു. വളം, ട്രാക്റ്റർ, കാർഷികോപകരണ ഓഹരികൾ പ്രതീക്ഷയിലാണ്. 

∙ഇന്ത്യൻ റെയിൽവേയുടെ വികസനത്തിനായി ഇത്തവണയും ബജറ്റിൽ കൂടുതൽ തുക നീക്കിവെക്കാനുള്ള സാധ്യത റെയിൽവേ ഓഹരികൾക്ക് പ്രതീക്ഷയാണ്. 2019ലെ ഇടക്കാല ബജറ്റിൽ റെയിൽവേ വികസനത്തിനായി 1.58 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നത്. 

∙പ്രതിരോധമേഖല ഇടക്കാലബജറ്റിലും, പിന്നീട് വരുന്ന ഫുൾ ബജറ്റിലും വലിയ പ്രാധാന്യം നേടുമെന്ന് തന്നെയാണ് വിപണി പ്രതീക്ഷിക്കുന്നത്. 2019ൽ 3ലക്ഷം കോടി രൂപ പ്രതിരോധത്തിനായി നീക്കിവെച്ചിടത്ത് കാര്യങ്ങൾ കൂടുതൽ മുന്നോട്ട് പോകാനാണ് സാധ്യത. എങ്കിലും തെരഞ്ഞെടുപ്പിന് ശേഷമാകും പ്രതിരോധമേഖലയിലേക്ക് കൂടുതൽ നിക്ഷേപം വരിക എന്നും പ്രതീക്ഷിക്കുന്നു. 

∙കഴിഞ്ഞ തവണ അടിസ്ഥാനവികസനത്തിന് 7.5ലക്ഷം കോടി രൂപ മാറ്റിവെച്ചത് ഇത്തവണ 10 ലക്ഷം കോടി കടക്കുമെന്ന പ്രതീക്ഷയിലാണ് വിപണി.  ഇൻഫ്രാ, സിമന്റ്, മെറ്റൽ ഓഹരികളും മറ്റ്‌ യൂട്ടിലിറ്റി സെക്ടറുകളും പ്രതീക്ഷയിലാണെങ്കിലും കൂടുതൽ തുക അനുവദിക്കാതെ വന്നാൽ സെക്ടറുകൾക്ക് ക്ഷീണവുമായേക്കാം. 

stockmarket8-Copy

∙മാനുഫാക്ച്ചറിങ് ഹബ്ബാകാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ വന്നേക്കാവുന്നത് ഇലക്ട്രോണിക്സ്, ഇലക്ട്രിക്, എസി, കമ്പ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ നിർമാതാക്കൾക്ക് പ്രതീക്ഷയാണ്. ആംബർ, ഡിക്‌സൺ, ഐടിഐ മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

∙ഗ്രാമീണമേഖലയിലെ സാമ്പത്തിക ഉന്നമനത്തിനായി കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കപ്പെടാനുള്ള സാധ്യത എൻബിഎഫ്സികൾക്കും, മൈക്രോ ഫിനാൻസ് കമ്പനികൾക്കും അനുകൂലമായേക്കാം. 

∙ഫിൻടെക്ക് മേഖലയിൽ ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിനായുള്ള ശ്രമം ഈ ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 

∙ഹോട്ടൽ വ്യവസായത്തിന് അയോദ്ധ്യയിൽ ലഭിക്കുന്ന പിന്തുണയ്ക്ക് പുറമെ ബജറ്റിലും കൂടുതൽ പിന്തുണകൾ പ്രതീക്ഷിക്കുന്നത് അനുകൂലമാണ്. ഇന്ത്യൻ ഹോട്ടൽ, ലെമൺ ട്രീ ഹോട്ടൽ, കാമത്ത് ഹോട്ടൽ, ഷാലെറ്റ് ഹോട്ടൽ എന്നിവ ശ്രദ്ധിക്കാം. 

∙ഇന്ത്യൻ ഹോട്ടൽസ് അയോധ്യയിൽ മൂന്നാമത്തെ ഹോട്ടലിനും ധാരണയാക്കിയതോടെ 2027ഓടെ ടാറ്റക്ക് 400 റൂമുകൾ ഉറപ്പിച്ചു കഴിഞ്ഞു. 

∙വിദേശ ഫണ്ടുകൾ വിറ്റു തകർക്കുന്ന എച്ച്ഡിഎഫ്സി ബാങ്കിന്റെ 10% ഓഹരികൾ വാങ്ങാനുള്ള ആർബിഐയുടെ അനുമതി എൽഐസിക്ക് ലഭിച്ചത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ പലിശ വരുമാനം കുറഞ്ഞ അൺസെക്യൂർഡ് ലോണുകളുടെ സാന്നിധ്യം ബാങ്കിന്റെ മൂല്യത്തിൽ കുറവ് വന്നെന്ന സൂചനകളും ഓഹരിക്ക് കെണിയാണ്. 

∙വിദേശ ഫണ്ടുകളുടെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള സെബിയുടെ പുതിയ നിർദ്ദേശങ്ങൾ വിദേശ ഫണ്ടുകളുടെ വില്പനക്ക് കാരണമായേക്കാമെന്ന ഭയവും വിപണിക്ക് ക്ഷീണമാണ്. വിദേശഫണ്ടുകൾക്ക് കൂടുതൽ ഉടമസ്ഥാവകാശമുള്ള ഓഹരികൾ സൂക്ഷിക്കുക. 

അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ 

stock

ഭാരത് ഇലക്ട്രോണിക്സ്, ഗെയിൽ, ബിപിസിഎൽ, പെട്രോനെറ്റ്, ബജാജ് ഫിനാൻസ്, ഐടിസി, മാരിക്കോ, യുടിഐ എഎംസി, എൽജി ബ്രോസ്, മുത്തൂറ്റ് ഫിനാൻസ്, സിഎസ്ബി ബാങ്ക്, വോൾട്ടാസ് മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ  പ്രഖ്യാപിക്കുന്നു.

എസ്ബിഐ, മാരുതി, ടാറ്റ മോട്ടോഴ്‌സ്, അദാനി എന്റർപ്രൈസസ്, എൽ&ടി, ടൈറ്റാൻ, ടൈമെക്‌സ്‌, ഇന്ത്യൻ ഹോട്ടൽ, സൺ ഫാർമ, ഡോക്ടർ റെഡ്ഢി, എം&എം ഫിനാൻസ്, ബജാജ് ഫിൻസെർവ്, വോൾട്ടാസ്, ബ്ലൂസ്റ്റാർ, അപാർ, കെപിഐടി ടെക്, എംഫാസിസ്, ഡാബർ, ശ്രീ സിമന്റ്, പ്രികോൾ, റൈറ്റ്സ്, ജുപിറ്റർ വാഗൻസ്, പ്രാജ്, ധനലക്ഷ്മി ബാങ്ക്, ജിയോജിത് മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

വ്യാഴാഴ്ച ഒപെക് യോഗം നടക്കാനിരിക്കെ, ബുധനാഴ്ചത്തെ ഫെഡ് റിസർവ് യോഗതീരുമാനങ്ങളും, ചൈനീസ് പിഎംഐ ഡേറ്റയും ക്രൂഡ് ഓയിൽ വിലയെ സ്വാധീനിക്കും. അമേരിക്കക്ക് പിന്നാലെ ഇന്ത്യയും ഓയിൽ റിസർവിലേക്ക് കൂടുതൽ  നടത്താനായി തുക മാറ്റിവെക്കുന്നതും ക്രൂഡ് ഓയിലിന് അനുകൂലമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 83 ഡോളറിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. 

സ്വർണം 

അമേരിക്കൻ ഡോളർ കഴിഞ്ഞ ആറ് ആഴ്ചയിലെ ഏറ്റവും ശക്തമായ നിലയിലേക്ക് ഉയർന്നത് സ്വർണത്തിന് മുന്നേറ്റം നിഷേധിച്ചു. അടുത്ത ആഴ്ചയിൽ അമേരിക്കൻ ഫെഡ് യോഗം നടക്കുന്നതിനാൽ ഡോളറിലും ബോണ്ടിലും കൂടുതൽ ചാഞ്ചാട്ടങ്ങൾക്ക്  കാരണമായേക്കാവുന്നത് രാജ്യാന്തര സ്വർണവിലയിലും പ്രതിഫലിക്കും. അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് 4.13%ലാണ് തുടരുന്നത്.  

ഐപിഒ 

ബിഎൽഎസിന്റെ ഉപകമ്പനിയായ ബിഎൽഎസ് ഇ- സർവീസസിന്റെ ഐപിഓ ജനുവരി മുപ്പതിന് ആരംഭിച്ച് ഫെബ്രുവരി ഒന്നിന് അവസാനിക്കുന്നു. ബാങ്കുകൾക്ക് ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന കമ്പനിയുടെ ഐപിഓ വില 129-135 രൂപ നിരക്കിലാണ്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Union Budget 2024 and US Fed Meeting will Affect Indian Share Market Coming Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com