ഓഹരിവിപണി ബജറ്റ് അവതരണം അറിയാതെ പോയോ?
Mail This Article
ബജറ്റ് പ്രതീക്ഷയിൽ മുന്നേറ്റത്തോടെ തുടങ്ങിയ ഇന്ത്യൻ വിപണി ബജറ്റ് അവതരണം അറിഞ്ഞില്ല എന്ന മട്ടിലാണ് പിന്നീട് പെരുമാറിയത്. ഇന്ന് 21780 പോയിന്റിൽ ആരംഭിച്ച ശേഷം 21832 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി ബജറ്റവതരണത്തിന് ശേഷം നഷ്ടത്തിൽ 0.13% നഷ്ടത്തിൽ 21697 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് ഇന്നലത്തെ ക്ളോസിങ്ങിൽ നിന്നും 106 പോയിന്റുകൾ നഷ്ടത്തിൽ 71645 പോയിന്റിലും ക്ളോസ് ചെയ്തു.
കേന്ദ്രസര്‍ക്കാരിന്റെ കടമെടുപ്പ് പിന്തുണയിൽ മുന്നേറിയ ബോണ്ട് യീൽഡിനൊപ്പം പൊതു മേഖല ബാങ്ക് ഓഹരികളുടെ മുന്നേറ്റമാണ് ഇന്ന് ഇന്ത്യൻ വിപണിക്ക് അനുകൂലമായത്. പൊതു മേഖല ബാങ്കുകൾ 3% മുന്നേറിയപ്പോൾ മാരുതിയുടെ മികച്ച റിസൾട്ടിന്റെ പിൻബലത്തിലും, ഇലക്ട്രിക് വാഹനമേഖലയ്ക്ക് ബജറ്റിലുള്ള പിന്തുണയുടെ കൂടി പിൻബലത്തിലും ഓട്ടോ സെക്ടറും ഇന്ന് അര ശതമാനം മുന്നേറ്റം നേടി. എനർജി, എഫ്എംസിജി, പൊതു മേഖല സെക്ടറുകളും, നിഫ്റ്റി സ്‌മോൾ ക്യാപ് സൂചികയും ഇന്ന് നേട്ടമുണ്ടാക്കി. മികച്ച പ്രഖ്യാപങ്ങൾ പ്രതീക്ഷിച്ച റെയിൽ, വളം, കീടനാശിനി, മുതലായ സെക്ടറുകളും ലാഭമെടുക്കലിൽ വീണു.
ധനക്കമ്മി കുറയും
സാമ്പത്തിക സുസ്ഥിരത ലക്‌ഷ്യം വെച്ചുള്ള ഇടക്കാല ബജറ്റിൽ ജനപ്രിയ ഘടകങ്ങളോടൊപ്പം വളർച്ച തുടർച്ച ലക്‌ഷ്യം വെച്ചുള്ള ക്യാപെക്സ് വർദ്ധനവുണ്ടായതും, ധനക്കമ്മി കുറച്ചു കൊണ്ട് വരാനുള്ള വ്യക്തമായ ലക്ഷ്യങ്ങളുണ്ടായതുമാണ് ബജറ്റിന്റെ കാതലായ ഭാഗം. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റിൽ വിവിധ മേഖലകളിലെ സർക്കാരിന്റെ തുടർ പ്രവർത്തനത്തിനായുള്ള തുകകൾ മാറ്റിവെക്കപ്പെട്ടിട്ടുള്ളതും, എല്ലാ മേഖലകളിലേക്കും ധനവ്യാപനം വിഭാവനം ചെയ്തതും മികവായി.
ജനപ്രിയ ഘടകങ്ങൾ നിറഞ്ഞതും, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതുമായ ബജറ്റ് വിപണിക്ക് അതി മുന്നേറ്റം നൽകിയില്ലെങ്കിലും, കഴിഞ്ഞ തവണത്തെ പോലെ ബജറ്റിന് ശേഷം വിപണിക്ക് വീഴ്ചയും നൽകിയില്ല.
ബജറ്റും വിപണിയും
പതിനൊന്ന് ലക്ഷം കോടി രൂപ അടിസ്ഥാനവികസനത്തിനായി മാറ്റിവെച്ചതും, ഗ്രാമീണ മേഖലക്കായും, ഇടത്തരക്കാർക്കായും ഭവനപദ്ധതികൾ പ്രഖ്യാപിച്ചതും സിമന്റ് സെക്ടറിന് കൂടുതൽ അനുകൂലമാണ്. പെയിന്റ്, സ്റ്റീൽ, കേബിൾ, ഇലക്ട്രിക്, ഇലക്ട്രോണിക് ഓഹരികൾക്കും പ്രഖ്യാപനങ്ങൾ അനുകൂലമാണ്. റിയൽ എസ്റ്റേറ്റ് സെക്ടറും, ഹൗസിങ് ഫിനാൻസ് സെക്ടറും മുന്നേറ്റം പ്രതീക്ഷിക്കുന്നു.
ഡിഫൻസ് മേഖലയിലേക്ക് വീണ്ടും കാര്യമായ തുക വകയിരുത്തിയതും, ഫുൾ ബജറ്റിലിത് വീണ്ടും വർധിച്ചേക്കാവുന്നതും ഡിഫൻസ് ഓഹരികൾക്ക് പ്രതീക്ഷയാണ്.
ബജറ്റിൽ റെയിൽ വികസനവും ഇടംപിടിച്ചതും തുക വകയിരുത്തിയതും റെയിൽ ഓഹരികൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ അനുകൂലമാണ്. സോളാർ പാനൽ നിർമാണകമ്പനികളും, വിൻഡ് എനർജി ഓഹരികളും വലിയ മുന്നേറ്റം തന്നെ പ്രതീക്ഷിക്കുന്നു.
ബിഗ് ടെക്ക് ഏണിങ്
വിപണി പ്രതീക്ഷിച്ചത് പോലെ തന്നെ അമേരിക്കൻ ഫെഡ് നിരക്കുകളിൽ മാറ്റം വരുത്തില്ലെങ്കിലും മാർച്ചിലും നിരക്കുകൾ കുറച്ചേക്കില്ല എന്ന് ഫെഡ് ചെയർമാൻ പ്രസ്താവിച്ചത് ഇന്നലെ അമേരിക്കൻ വിപണിക്ക് തിരുത്തൽ നൽകി. നാസ്ഡാക് 2%ൽ കൂടുതൽ വീണപ്പോൾ, എസ്&പിയും ഒന്നര ശതമാനത്തിൽ കൂടുതൽ വീണു. ഗൂഗിളിന്റെ 7% വീഴ്ചയാണ് അമേരിക്കൻ വിപണിയുടെ ഗതി കൂടുതൽ സങ്കീര്‍ണമാക്കിയത്. അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് വീണ്ടും 4%ൽ താഴെ വ്യാപാരം തുടരുമ്പോൾ അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നേട്ടത്തിലും വ്യാപാരം തുടരുന്നത് വിപണിക്ക് പ്രതീക്ഷയാണ്.
ഇന്നത്തെ ജോബ് ഡേറ്റയും, നാളത്തെ നോൺഫാം പേറോൾ കണക്കുകളും ലോകവിപണിക്ക് പ്രധാനമാണ്. ഇന്ന് അമേരിക്കൻ വിപണി സമയത്തിന് ശേഷം പ്രഖ്യാപിക്കുന്ന ആപ്പിളിന്റെയും, ആമസോണിന്റെയും, ഫേസ്ബുക്കിന്റെയും റിസൾട്ടുകളും അമേരിക്കൻ വിപണിക്ക് നിർണായകമാണ്.
നാളത്തെ റിസൾട്ടുകൾ
ടാറ്റ മോട്ടോർ, ഇൻഡിഗോ, എൽഐസിഹൗസിങ്, ധനലക്ഷ്മി ബാങ്ക്, വേൾപൂൾ, റ്റിറ്റാഗർ വാഗൺസ്, എച്ച്ജി ഇൻഫ്രാ, ഡൽഹിവെറി, ടോറന്റ് ഫാർമ, ഉജ്ജീവൻ, യൂപിഎൽ, മെട്രോപോളിസ്, ദേവയാനി മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.