25 പുതിയ വ്യവസായ പാര്‍ക്കുകള്‍; കൂടുതല്‍ ബിസിനസ് സൗഹൃദമാകാന്‍ കേരളം
Mail This Article
സംസ്ഥാന ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന് 25 വ്യവസായ പാര്‍ക്കുകള്‍ പുതുതായി സ്ഥാപിക്കുമെന്നാണ്. സംസ്ഥാനത്തിന്റെ വ്യവസായ സൗഹൃദ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്.
വലിയ സാധ്യതകള്‍
മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലൂടെ പരമാവധി വരുമാനമുണ്ടാക്കാന്‍ വ്യവസായ പാര്‍ക്കുകളിലൂടെ സാധിക്കും. അത് മുന്‍കൂട്ടിക്കണ്ടാണ് കൂടുതല്‍ പാര്‍ക്കുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രാദേശിക വിപണിയെ മാത്രം ഉന്നമിടാതെ ആഗോള വിപണിയെ ആകര്‍ഷിക്കുന്ന വിപണന തന്ത്രങ്ങളും ഗുണമേന്മയും സ്വായത്തമാക്കാന്‍ സാധിക്കുന്ന സംരംഭങ്ങള്‍ക്ക് വ്യവസായ പാര്‍ക്കുകള്‍ വലിയ സാധ്യത തുറക്കും.
അടുത്തിടെയാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ആദ്യത്തെ സ്‌പൈസസ് പാര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. തൊടുപുഴയിലെ മുട്ടത്താണ് ഈ പാര്‍ക്ക്. സുഗന്ധ വ്യഞ്ജന മേഖലയ്ക്ക് വലിയ സാധ്യതകള്‍ തുറന്നിടുന്ന പാര്‍ക്കായി ഇത് മാറുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
സമുദ്രോല്‍പന്നങ്ങള്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റി ബിസിനസ് അവസരങ്ങള്‍ തുറന്നിടുന്നതിന് ചേര്‍ത്തലയില്‍ സീഫുഡ് പാര്‍ക്കും കേരളം തുടങ്ങിയിരുന്നു. കുറ്റ്യാടി നാളികേര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും വയനാട് കോഫി പാര്‍ക്കും ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അടുത്തിടെ സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്ന ചെറുതോണിയിലെ പെട്രോകെമിക്കല്‍ പാര്‍ക്കും വലിയ പ്രതീക്ഷകള്‍ നല്‍കുന്നു.
ഈ പശ്ചാത്തലത്തിലാണ് 25 വ്യവസായ പാര്‍ക്കുകള്‍ തുടങ്ങുമെന്ന ബജറ്റ് പ്രഖ്യാപനം വ്യവസായ ലോകത്തിന് പ്രതീക്ഷയേകുന്നത്.
സര്‍ക്കാര്‍ മേഖലയ്ക്കു പുറമേ സ്വകാര്യ പാര്‍ക്കുകള്‍ കൂടി വികസിപ്പിച്ച് സംരംഭകരെ ആകര്‍ഷിക്കാനും തൊഴില്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതി നേരത്തെ സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. ഇതനുസരിച്ച് എട്ട് പാര്‍ക്കുകളാണ് വികസന ഘട്ടത്തിലുള്ളത്. നാലു വര്‍ഷം കൊണ്ട് 1000 ഏക്കറില്‍ 100 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സാധ്യമാക്കാനാണ് ശ്രമം.
ചുരുങ്ങിയത് 10 ഏക്കറെങ്കിലും സ്ഥലമുള്ളവര്‍ക്ക് വ്യവസായ പാര്‍ക്കിനായി അപേക്ഷിക്കാം. അഞ്ച് ഏക്കര്‍ സ്ഥലമുള്ളവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്റ്ററി (എസ്.ഡി.എഫ്) സ്ഥാപിക്കുന്നതിനു വേണ്ടിയും അപേക്ഷ നല്‍കാവുന്നതാണ്.