പൊതുമേഖലാ ഓഹരികള്‍ കുതിക്കുന്നു, നിക്ഷേപകർ എങ്ങനെ മികച്ചത് കണ്ടെത്തും?
Mail This Article
കഴിഞ്ഞ ഒന്ന്-രണ്ട് വര്‍ഷമായി പൊതുമേഖലാ ഓഹരികള്‍ നടത്തിയ കുതിപ്പ് അതിശക്തമായിരുന്നു. പല പൊതുമേഖലാ ഓഹരികളുടെയും വില പല മടങ്ങ് ഉയര്‍ന്നു. ഇത്ര ശക്തമായ റാലിക്കു ശേഷം ഇപ്പോഴത്തെ നിലയില്‍ ഈ ഓഹരികള്‍ നിക്ഷേപയോഗ്യമാണോ അതോ ചെലവേറിയതാണോ എന്ന ആശയക്കുഴപ്പം നിക്ഷേപകര്‍ക്കുണ്ട്.
പ്രതിരോധം, ഊര്‍ജം, റോഡ്, റെയില്‍വേ, തുറമുഖം, ലോഹങ്ങളും ധാതുക്കളും, നിര്‍മാണം, ഇന്ധന വിപണനവും ഉല്‍പ്പാദനവും തുടങ്ങിയ പൊതുമേഖലയുടെ നിയന്ത്രണത്തിലുള്ള വിവിധ രംഗങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന മൂലധന നിക്ഷേപം ഗണ്യമായ തോതില്‍ തുടരുന്നതിനാല്‍ പല പൊതുമേഖലാ കമ്പനികളുടെയും ബിസിനസില്‍ ഇനിയും കുതിച്ചുചാട്ടം ഉണ്ടാകാനും അതിന് അനുസൃതമായി ഇനിയും അവയുടെ ഓഹരികള്‍ മുന്നേറ്റം നടത്താനും സാധ്യതയുണ്ട്. അതേ സമയം പല മടങ്ങ് മുന്നേറ്റം നടത്തിയ ഈ ഓഹരികളില്‍ നിന്ന് ന്യായമായ മൂല്യത്തില്‍ വ്യാപാരം ചെയ്യുന്ന ഓഹരികളെ കണ്ടെത്താന്‍ ശ്രമിക്കുന്ന ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ച് മൂല്യനിര്‍ണയം വളരെ പ്രധാനമായി വരുന്നു. പൊതുമേഖലാ കമ്പനികളെ സംബന്ധിച്ച് മൂല്യം വിലയിരുത്തുന്നതിന് ഏറ്റവും അനുയോജ്യമായ മാര്‍ഗം ഡിസ്കൗണ്ടഡ് കാഷ് ഫ്ളോ (ഡിസിഎഫ്) എന്ന രീതിയായിരിക്കും.
എന്താണ് ഡിസിഎഫ്?
ഒരു കമ്പനിയെ കാലികമായ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം ചെയ്യുന്ന രീതിയാണ് ഡിസ്കൗണ്ടഡ് കാഷ് ഫ്ളോ (ഡിസിഎഫ്). കമ്പനിയുടെ ഭാവിയില്‍ പ്രതീക്ഷിക്കുന്ന ധനാഗമന (കാഷ് ഫ്ളോ)ത്തിന്റെ ആകെത്തുകയെ `വെയിറ്റഡ് ആവറേജ് കോസ്റ്റ് ഓഫ് കാപ്പിറ്റല്‍' എന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലുള്ള ഡിസ്കൗണ്ട് റേറ്റ് കൊണ്ട് കിഴിച്ചതിനു ശേഷം കിട്ടുന്നതാണ് ഡിസ്കൗണ്ടഡ് കാഷ് ഫ്ളോ. ഡിസ്കൗണ്ടഡ് കാഷ് ഫ്ളോ പ്രകാരമുള്ള ന്യായവില ഇപ്പോഴത്തെ ഓഹരി വിലയേക്കാള്‍ മുകളിലാണെങ്കില്‍ ആ കമ്പനി നിക്ഷേപയോഗ്യമാണ്; അല്ലെങ്കില്‍ തിരിച്ചും.
കണക്കുകള്‍ സാക്ഷ്യം
ഭാവിയിലെ ധനാഗമനം സംബന്ധിച്ച് നമുക്ക് വ്യക്തമായ വിവരങ്ങള്‍ കിട്ടുന്നത് പൊതുമേഖലാ കമ്പനികളുടെ കാര്യത്തില്‍ മാത്രമാണ്. കാരണം പൊതുമേഖലാ കമ്പനികളുടെ കാര്യക്ഷമതയും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിലവിലുള്ള സര്‍ക്കാര്‍ ഓരോ മേഖലയിലും നടത്താനിരിക്കുന്ന മൂലധന നിക്ഷേപത്തിന്റെ കണക്കുകള്‍ നമ്മുടെ മുന്നിലുണ്ട്. പൊതുമേഖലാ കമ്പനികള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്നതിനാല്‍ ഭാവിയിലെ കാഷ്ഫോളോയുടെ കാര്യത്തില്‍ വ്യക്തതയുണ്ട്. അവയ്ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവിടുന്ന മൂലധനത്തെ കുറിച്ചുള്ള വ്യക്തമായ കണക്കുകള്‍ ലഭ്യമാണ് എന്നതിനാല്‍ ഡിസകൗണ്ടഡ് കാഷ് ഫ്ളോയുടെ അടിസ്ഥാനത്തില്‍ പൊതുമേഖലാ ഓഹരികളെ വിലയിരുത്താന്‍ സാധിക്കും. ഒരു സ്വകാര്യ കമ്പനിയുടെ കാര്യത്തില്‍ ഭാവിയിലെ ധനാഗമനത്തെ കുറിച്ച് അത്രത്തോളം വ്യക്തതയില്ല.
അതുകൊണ്ടു തന്നെ ഡിസ്കൗണ്ടഡ് കാഷ് ഫ്ളോയെ അടിസ്ഥാനമാക്കി പൊതുമേഖലാ ഓഹരികളുടെ മൂല്യം വിലയിരുത്തുകയും നിക്ഷേപ തീരുമാനമെടുക്കുകയും ചെയ്യാവുന്നതാണ്.
ഈ ലേഖനത്തില്‍ 24 പൊതുമേഖലാ ഓഹരികളുടെ 10 വര്‍ഷത്തെ ഡിസ്കൗണ്ടഡ് കാഷ് ഫ്ളോയുടെ അടിസ്ഥാനത്തിലുള്ള ന്യായ വില കണ്ടെത്താനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. (പട്ടിക കാണുക) ഇതില്‍ പകുതിയോളം ഓഹരികളും ഡിസ്കൗണ്ടഡ് കാഷ് ഫ്ളോയുടെ അടിസ്ഥാനത്തിലുള്ള ന്യായവിലയേക്കാള്‍ താഴെയാണ് വ്യാപാരം ചെയ്യുന്നത്. ഉദാഹരണത്തിന് ഇപ്പോള്‍ 336 രൂപയില്‍ വ്യാപാരം ചെയ്യുന്ന എന്‍ടിപിസിയുടെ 10 വര്‍ഷത്തെ ഡിസ്കൗണ്ടഡ് കാഷ് ഫ്ളോയുടെ അടിസ്ഥാനത്തിലുള്ള ന്യായവില (ഡിസിഎഫ് ഫെയര്‍ പ്രൈസ്) 1240.23 രൂപയാണ്. അതായത് ഈ ഓഹരി ന്യായവിലയിലേക്ക് എത്താന്‍ ഇനിയും 269 ശതമാനം ഉയരേണ്ടതുണ്ട്.
ഇത്തരത്തിലുള്ള മൂല്യനിര്‍ണയം നിക്ഷേപകര്‍ക്ക് ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപത്തിന് സഹായകമാണ്. അതേ സമയം ഹ്രസ്വകാല വ്യാപാരത്തിന് ആശ്രയിക്കാവുന്ന രീതിയല്ല ഇത് എന്നും ഓര്‍ത്തിരിക്കേണ്ടതുണ്ട്.
ലേഖകന്‍ ഹെഡ്ജ് ഗൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്