ഐടി വീണു, ഒപ്പം ഇന്ത്യൻ വിപണിയും
Mail This Article
നേരിയ നഷ്ടത്തിൽ വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും നേട്ടത്തിലെത്താനായില്ല. നിഫ്റ്റി ഇന്ന് 49 പോയിന്റ് നഷ്ടത്തിൽ 22,356 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 73677 പോയിന്റിലും ക്ളോസ് ചെയ്തു.
പ്രതീക്ഷിച്ചത് പോലെ ഇന്നും ഐടി സെക്ടർ വീണ് ഒന്നര ശതമാനം നഷ്ടം കുറിച്ചത് ഇന്ത്യൻ വിപണിയുടെയും ഗതി നിർണയിച്ചു. എസ്ബിഐയുടെ പിന്തുണയിൽ പൊതുമേഖല ബാങ്കുകൾ 2%ൽ കൂടുതൽ മുന്നേറിയപ്പോൾ, ടാറ്റ മോട്ടോഴ്സിന്റെ പിന്തുണയിൽ ഓട്ടോ സെക്ടർ ഒന്നര ശതമാനം നേട്ടമുണ്ടാക്കി.
ടാറ്റ മോട്ടോഴ്‌സ് ഇനി രണ്ട് കമ്പനികൾ
വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിൽ നിന്നും പുതുതായി രൂപംകൊണ്ട കാർ സെക്ടറിനെ വിഭജിച്ച് രണ്ട് കമ്പനികൾ രൂപീകരിക്കാൻ ഡയറക്ടർ ബോർഡ് അനുമതി നൽകിയത് ഇന്ന് ടാറ്റ മോട്ടോഴ്‌സ് ഓഹരിക്ക് വൻ കുതിപ്പ് നൽകി. ഇന്നലെ 987 രൂപയിൽ ക്ളോസ് ചെയ്ത ഓഹരി ഇന്ന് 1065 രൂപ വരെ മുന്നേറ്റം നടത്തി. വിഭജന തീരുമാനം ഓഹരിക്ക് ദീർഘകാലാടിസ്ഥാനത്തിൽ അനുകൂലമാണ്.
നയംമാറ്റം കാത്ത് വിൻഡ് എനർജി
തുടർച്ചയായ നാലാം ദിനവും വിൻഡ് എനർജി ഓഹരികൾ നഷ്ടം കുറിച്ചു. മിനിസ്ട്രി ഓഫ് ന്യൂ & റിന്യൂവബിൾ എനർജി (എംഎൻആർഇ) പഴയ ബിഡിങ് രീതിയിലേക്ക് തിരിച്ചു പോകുന്നതുമായി ബന്ധപ്പെട്ട ആശങ്കകളാണ് വിൻഡ് എനർജി ഓഹരികൾക്ക് തിരുത്തൽ നൽകിയത്. വിൻഡ് എനർജി ഓഹരികൾ ദീർഘകാല നിക്ഷേപത്തിന് അടുത്ത തിരുത്തലിൽ പരിഗണിക്കാം.
ഫെഡ് ചെയർമാൻ സംസാരിക്കും
ഫെഡ് ചെയർമാൻ നാളെ സംസാരിക്കാൻ വരുന്നതിന്റെ ഭയത്തിലാണ് ലോകവിപണി. ഇന്നലെ അമേരിക്കൻ വിപണി നഷ്ടത്തിൽ ക്ളോസ് ചെയ്തതിന് ശേഷം ഇന്ന് അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും നഷ്ടത്തിൽ തന്നെയാണ് വ്യാപാരം തുടരുന്നത്. ടെക്ക് ഓഹരികളുടെ സമ്മർദ്ദത്തിൽ ഏഷ്യൻ വിപണികളും ഇന്ന് നഷ്ടം കുറിച്ചു. ചൈനയുടെ 2024 ജിഡിപി ലക്‌ഷ്യം 5%ൽ തന്നെ നിലനിർത്തിയതും, ധനവ്യയലക്‌ഷ്യം കുറച്ചതും ഏഷ്യൻ വിപണികളുടെയും ആവേശം കുറച്ചു.
നാളെയും, മറ്റന്നാളുമായി അമേരിക്കൻ ഫെഡ് ചെയർമാൻ ജെറോം പവൽ സെനറ്റ് കമ്മിറ്റിക്ക് മുൻപാകെ ഹാജരാകാനിരിക്കുന്നത് അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിക്ക് തന്നെയും നിർണായകമാണ്. ഫെഡ് റിസർവിൻെറ നയരൂപീകരണ യോഗം ഈ മാസം 19-20 തിയതികളിൽ നടക്കാനിരിക്കെ ഫെഡ് ചെയർമാന്റെ പ്രസ്താവനകൾ ഫെഡ് നയങ്ങളെ കുറിച്ച് വിപണിക്ക് ധാരണ നല്കുമെന്നത് പ്രധാനമാണ്. ഫെഡ് റിസർവ് എന്നുമുതൽ നിരക്കുകൾ കുറച്ച് തുടങ്ങുമെന്നും, നിരക്ക് കുറച്ചു തുടങ്ങാൻ എന്തിന് വൈകുന്നു എന്നിവ തന്നെയാകും ഫെഡ് ചെയർമാന്റെ മുന്നിൽ ഉയരുന്ന പ്രധാന ചോദ്യങ്ങൾ.
ക്രൂഡ് ഓയിൽ
ഒപെക് ക്രൂഡ് ഓയിൽ ഉല്പാദന നിയന്ത്രണം തുടരുന്നു എന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് മുന്നേറിയ ക്രൂഡ് ഓയിൽ ഇന്നലെ നേരിയ തിരുത്തൽ നേരിട്ടു. ഇപ്പോൾ 82 ഡോളറിൽ തുടരുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന് മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങളും, ചൈനയുടെ സാമ്പത്തിക ഉത്തേജന പ്രഖ്യാപന സാധ്യതകളും, ഫെഡ് ചെയർമാന്റെ പ്രസ്താവനകളും പ്രധാനമാണ്.
സ്വർണം
ഫെഡ് റിസർവ് നിരക്കുകൾ കുറച്ചു തുടങ്ങുമെന്ന ധാരണയിൽ അമേരിക്കൻ ബോണ്ട് യീൽഡ് വീഴുന്നതും, യുദ്ധമേഖലകളിൽ സംഘര്‍ഷങ്ങൾ കനക്കുന്നതും ഇന്നലെ സ്വർണത്തിനും രാജ്യാന്തര വിപണിയിൽ റെക്കോർഡ് ക്ളോസിങ് നൽകി. രാജ്യാന്തര വിപണിയിൽ സ്വർണം 2130 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്.
ഐപിഓ
മാർക്കറ്റിങ് സർവീസ് കമ്പനിയായ ആർകെ സ്വാമി ലിമിറ്റഡിന്റെ ഇന്നലെയാരംഭിച്ച ഐപിഓ നാളെ അവസാനിക്കും. ഐപിഓ വില 270-288 രൂപയാണ്.
സിങ്ക് ഓക്സൈഡ് നിർമാതാക്കളായ ജെ ജി കെമിക്കൽസിന്റെ ഐപിഓ നാളെ ആരംഭിച്ച് വ്യാഴാഴ്ച അവസാനിക്കുന്നു. ഐപിഓ വില 210-221 രൂപയാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക