പോപ്പുലർ വെഹിക്കിൾസും ഓഹരിവിപണിയിലേയ്ക്ക്, ഐപിഒ മാർച്ച് 12 മുതൽ 14 വരെ
Mail This Article
ഇന്ത്യയിലെ മുൻനിര വാഹന ഡീലര്‍മാരായ കൊച്ചി ആസ്ഥാനമായുള്ള പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡും ഓഹരി വിപണിയിലേയ്ക്ക്. ഐപിഒ മാർച്ച് 12 മുതൽ 14 വരെയാണ്. ഓഹരി വിൽപ്പനയിലൂടെ കമ്പനി 700 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 250 കോടി രൂപ പുതിയ ഓഹരികളുടെ വിൽപ്പനയിലൂടെ(IPO)യും ബാക്കി നിലവിലെ പ്രമോർട്ടർമാരുടെ പക്കലുള്ള ഓഹരി വിഹിതം വിറ്റഴിക്കുന്ന ഓഫർ ഫോർ സെയിലി(OFS)ലൂടെയും സമാഹരിക്കാനാണുദ്ദേശിക്കുന്നത്.
ജോൺ കെ പോൾ, ഫ്രാൻസിസ് കെ പോൾ, നവീൻ ഫിലിപ്പ് എന്നിവരാണ് പോപ്പുലറിന്റെ പ്രമോട്ടർമാർ. കമ്പനിയുടെ 65.79 ശതമാനം ഓഹരികൾ കൈയാളുന്നത് ഇവരാണ്. സ്വകാര്യ ഓഹരി നിക്ഷേപകരായ ബന്യൻ ട്രീയ്ക്ക് 34.01ശതമാനം ഓഹരി വിഹിതമുണ്ട്. ഐപിഒയിലൂടെ സമാഹരിക്കുന്ന തുക കടബാധ്യതകൾ ഒഴിവാക്കാനും വികസന പ്രവർത്തനങ്ങൾക്കുമാകും വിനിയോഗിക്കുക. 2022–23 സാമ്പത്തിക വർഷം 4893 കോടി രൂപയായിരുന്നു ഗ്രtപ്പിന്റെ സംയോജിത വിറ്റു വരവ്.
ദക്ഷിണേന്ത്യയിൽ സജീവ സാന്നിധ്യം
കമ്പനി 2021ൽ ഐപിഒയ്ക്ക് അനുമതി നേടിയെങ്കിലും പ്രതികൂല വിപണി സാഹചര്യങ്ങൾ കാരണം പിന്നോട്ടു പോകുകയായിരുന്നു. കേരളത്തിനു പുറമെ തമിഴ്നാട്ടിലും കർണാടകയിലും മികച്ച സാന്നിധ്യമുണ്ട്. മാരുതി, ഹോണ്ട, ടാറ്റ, ഭാരത് ബെൻസ് തുടങ്ങിയ വമ്പന്മാരുടെ പാസഞ്ചർ – വാണിജ്യ വാഹനങ്ങളുടെയും ആഡംബര ഇലക്ട്രിക് വാഹനങ്ങളുടെയും രംഗത്തെ സജീവ സാന്നിധ്യമാണ്. ഐസിഐസിഐ സെക്യൂരിറ്റീസ്, നുവാമ വെൽത്ത്, സെൻട്രം കാപ്പിറ്റൽ എന്നിവരാണ് ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.