കുഞ്ഞ് കോടിപതി! 4 മാസം പ്രായമുള്ള കൊച്ചുമോന് മൂര്‍ത്തി നല്കി 240 കോടി രൂപയുടെ ഓഹരികള്‍
Mail This Article
ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി തന്റെ നാല് മാസം പ്രായമുള്ള ചെറുമകന്‍ ഏകാഗ്ര രോഹന്‍ മൂര്‍ത്തിക്ക് നല്‍കിയ സമ്മാനമെന്തെന്ന് അറിയാമോ? ഇന്‍ഫോസിസിന്റെ 240 കോടിയിലധികം രൂപയുടെ ഓഹരികള്‍. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനുമായി മാറിയിരിക്കുകയാണ് നാരായണമൂര്‍ത്തിയുടെ കൊച്ചുമകന്‍.
ഇതോടെ മൂര്‍ത്തിയുടെ ചെറുമകന്‍ ഏകാഗ്ര രോഹന്‍ മൂര്‍ത്തിക്ക് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയുടെ 15,00,000 ഓഹരികള്‍ സ്വന്തമായി. ഏകദേശം 0.04 ശതമാനം ഓഹരികൾ വരുമിത്. ഇന്‍ഫോസിസിലെ നാരായണമൂര്‍ത്തിയുടെ ഓഹരി വിഹിതം 0.40 ശതമാനത്തില്‍ നിന്ന് 0.36 ശതമാനമായി ഇതോടെ കുറഞ്ഞു. 1.51 കോടി ഓഹരികളാണ് മൂര്‍ത്തിക്ക് കമ്പനിയിലുള്ളത്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് നാരായണമൂര്‍ത്തിയുടെയും സുധ മൂര്‍ത്തിയുടെയും മകന്‍ രോഹന്‍ മൂര്‍ത്തിക്കും ഭാര്യ അപര്‍ണ കൃഷ്ണനും ആണ്‍കുട്ടി പിറന്നത്. ഇത് മൂര്‍ത്തിയുടെ മൂന്നാമത്തെ ചെറുമകനാണ്. ഇവരുടെ മകള്‍ അക്ഷത മൂര്‍ത്തിക്കും ഭര്‍ത്താവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ റിഷി സുനക്കിനും രണ്ട് കുട്ടികളുണ്ട്.