ADVERTISEMENT

ദീപിക പദുക്കോൺ മികച്ച ഒരു അഭിനേത്രി മാത്രമല്ല ഒരു നല്ല ബിസിനസുകാരി കൂടിയാണ്. വളരെ കഷ്ടപ്പെട്ടാണ് താൻ ഓരോ രൂപയും ഉണ്ടാക്കുന്നത്. അത് സൂഷ്മമായി വിനിയോഗിച്ചെങ്കിൽ മാത്രമെ ഭാവിയിൽ ഒരു പ്രതിസന്ധി വന്നാൽ അതിജീവിക്കാനാകൂ. സിനിമയുടെ വെള്ളിവെളിച്ചം എപ്പോൾ വേണമെങ്കിലും കെട്ടുപോകാം. അഭിനയം വഴിയും ബ്രാന്റ് എൻഡോഴ്സ്മെന്റുകൾ വഴിയും ലഭിക്കുന്ന പണം മികച്ച വളർച്ചാ സാധ്യതയുള്ള ബിസിനസുകളിൽ നിക്ഷേപിച്ചു കൊണ്ടാണ്  ദീപിക വിജയം നേടുന്നത്. പണം മിച്ചം വച്ച് സമ്പാദിക്കുന്ന കാര്യത്തിൽ ഭർത്താവും നടനുമായ രൺവീറിനെ ഉപദേശിക്കാനും ദീപികയ്ക്ക് മടിയില്ല. 

ഫോബ്സ് ലിസ്റ്റ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളിൽ ആദ്യ പത്തിലാണ് ദീപികയുടെ സ്ഥാനം. പതിനേഴാം വയസിൽ കന്നഡ സിനിമയിൽ തുടങ്ങി ഒറ്റ വർഷത്തിനുള്ളിൽ ബോളിവുഡിലേക്ക് ചേക്കേറിയതിനു ശേഷം ഒന്നര ദശാബ്ധത്തിനുള്ളിൽ ആരെയും അൽഭുതപ്പെടുത്തുന്ന വിജയം കരസ്ഥമാക്കിയ ദീപികയുടെ മുന്നേറ്റത്തിനു പിന്നിലെ രഹസ്യം എന്താണ്? സിനിമ പോലെ തന്നെ ബിസിനസിനേയും ഗൗരവത്തോടെ സ്വീകരിച്ചിട്ടുള്ള ദീപികയ്ക്ക്  പറയാൻ ഏറെയുണ്ട് തന്റെ ബിസിനസ് തന്ത്രങ്ങളെ പറ്റി.

മിന്ത്ര എന്ന ഓൺലൈൻ വസ്ത്ര ബ്രാന്റിന്റെ സഹ ഉടമയായിട്ടാണ് ദീപികയുടെ ബിസിനസ് അരങ്ങേറ്റം. സിനിമയുടെ സ്ക്രിപ്റ്റ് തെരഞ്ഞെടുക്കുന്നതുപോലെ അതീവ ശ്രദ്ധയോടെയാണ് നിക്ഷേപിക്കുന്നതിനുള്ള കമ്പനികളെ ദീപിക തെരഞ്ഞെടുക്കുന്നത്. ഏതു കാര്യമായാലും പെട്ടെന്ന് ഒരു തീരുമാനം എടുക്കില്ല. ഏറെ ആലോചിച്ച് ഉൾവിളിക്ക് കാതോർക്കും. ഈ ഉൾവിളി അനുസരിച്ചു മാത്രമെ മുന്നോട്ടു പോകൂ. ഇന്ന് 378 കോടി രൂപയുടെ അറ്റ മൂല്യവുമായി ബിസിനസിലും സിനിമയിലും ഒരുപോലെ ശോഭിക്കുകയാണ് ദീപിക . 

പ്രിയം സ്റ്റാർട്ടപ്പുകളോട്

കെ.എ എന്റർപ്രൈസസ് എന്ന പേരിൽ ബാംഗ്ലൂർ ആസ്ഥാനമായി തുടങ്ങിയ കമ്പനിയാണ് നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നത്. മികച്ച വളർച്ചാ സാധ്യതയുള്ള സ്റ്റാർട്ടപ്പുകളെ തിരഞ്ഞുപിടിച്ചാണ് പണം ഇറക്കുന്നത്. ഓൺലൈൻ ബ്രാന്റുകളോടാണ് ഏറെ ഇഷ്ടം . സാധാരണയായി സെലിബ്രിറ്റികൾ ചെയ്യുന്നതു പോലെ തങ്ങളുടെ താരമൂല്യം പകരം കൊടുത്ത് ബിസിനസിൽ പങ്കാളിത്തം നേടുന്ന രീതിയല്ല ദീപികയുടേത്.

Ranveer--Deepika-Padukone--image-845-440

∙നിക്ഷേപയോഗ്യമായ കമ്പനികളെ മുൻകൂട്ടി കണ്ടെത്തി പണം ഇറക്കുന്നു. തുടർന്ന് തന്റെ ബ്രാന്റ് മൂല്യം ഉപയോഗിച്ച് ബിസിനസ് വളർത്തുവാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നു. 

∙വല്ലാത്ത റിസ്കും ഒത്തിരി ആശ്ചര്യങ്ങളും ഒളിഞ്ഞിരിക്കുന്നതാണ് ബിസിനസ്‌ ലോകം. ഇതു തന്നെയാണ് ബിസിനസ്സുകളിൽ കൈ വയ്ക്കാൻ തന്നെ പ്രേരിപ്പിക്കുന്നതും എന്ന് ദീപിക പറയുന്നു. 

∙ബിസിനസ്,നിക്ഷേപം എന്നൊക്കെ പറയുമ്പോൾ പലരും വികാരം കൊള്ളാറുണ്ട്. പക്ഷേ യഥാർത്ഥ ബിസിനസിലേക്ക് കടക്കുമ്പോൾ അവിടെ വൈകാരികതയ്ക്ക് സ്ഥാനമില്ല. അത് കണക്കുകളുടെ ഒരു ലോകമാണ്  എന്നാണ് ദീപികയുടെ അനുഭവം.

കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ പത്തോളം സ്റ്റാർട്ടപ്പുകളിൽ ആയി കോടികൾ ഇതിനകം നിക്ഷേപിച്ചു കഴിഞ്ഞിട്ടുണ്ട്. ഫ്രഞ്ച് യോഗർട്ട് ബ്രാന്റ് ആയ എപ്പിഗമിയ, ഓൺലൈൻ പെറ്റ് കെയർ കമ്പനി സൂപ്പർ ടെയിൽസ് ഡോട്ട് കോം, ഫർണിച്ചർ റെൻറൽ പ്ലാറ്റ്ഫോം ഫർ ലെൻ കോ, സൗന്ദര്യ വർധക വസ്തുക്കളുടെ മാർക്കറ്റ് പ്ലേസ് ആയ പർപിൾ, നുവ, പ്ലേ ഷിഫു, ഫ്രണ്ട് റോ, ആറ്റം ബർഗ് എന്നിവ ദീപിക നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളിൽ ചിലതാണ്. 

ദീപിക പിന്തുടരുന്ന തന്ത്രങ്ങൾ

1. ശരിയായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുക. സംഭവിക്കാൻ സാധ്യതയുള്ള റിസ്ക് മുൻ കൂട്ടി കണ്ട് നിക്ഷേപ തീരുമാനം എടുക്കുക

2. വ്യത്യസ്തമായ മേഖലകളിൽ തിളങ്ങുന്ന സംരംഭകരെ കണ്ടെത്തുക. അവരുടെ ആശയങ്ങൾ അപ്രതീക്ഷിത നേട്ടം തരുന്നതാണെങ്കിൽ ഒരു കൈ പരീക്ഷിക്കുക

3. കമ്പനിയെ ലാഭത്തിലെത്തിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്നു. നയപരമായ തീരുമാനം എടുക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു.

ബിസിനസിലും സിനിമയിലും ദീപികയ്ക്ക് ഗോഡ് ഫാദറില്ല. സ്വയം തേടി പിടിച്ച വഴികളാണ് രണ്ടും. കുടുംബത്തിൽ ആർക്കും ബിസിനസ് പാരമ്പര്യമില്ല. താൻ സ്വയം കണ്ടെത്തിയ വഴികളിലൂടെ വീഴാതെ മുന്നേറുവാൻ ദീപിക പദുകോണിനെ സഹായിക്കുന്നതും എപ്പോഴും തുണയായിട്ടുള്ള ആ ഉൾവിളി തന്നെയാകാം.

English Summary: How Deepika Padukone Makes Money from Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com