ADVERTISEMENT

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ കൊച്ചിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. 'എന്‍റെ കേരളം 2023' എന്ന പേരിൽ നടക്കുന്ന പ്രദര്‍ശന വിപണന മേള ഏപ്രിൽ എട്ടിന് സമാപിക്കും. കൊച്ചി മറൈൻഡ്രൈവിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം വൈകീട്ട് 5.30-ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും.

 

ജില്ലാ വ്യവസായകേന്ദ്രം മാനേജർ പി.എ. നജീബ് അവലോകന റിപ്പോർട്ട് അവതരിപ്പിക്കും. പ്രൊഫ. എം.കെ സാനുവാണ് മുഖ്യാതിഥി.വൈകീട്ട് 4.30-ന് 'കാഞ്ഞൂർ നാട്ടുപൊലിമ' അവതരിപ്പിക്കുന്ന നാടൻ പാട്ട് ഉണ്ടാകും. അശോകൻ ചരുവിൽ, മലയാളം മിഷൻ ചെയർമാൻ മുരുകൻ കാട്ടാക്കട, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മ്യൂസ് മേരി ജോർജ്, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ എന്നിവർ സംസാരിക്കും.

 

36 സര്‍ക്കാര്‍ വകുപ്പുകളുടെ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമാണ്. മൊത്തം 63,680 ചതുരശ്രയടി വിസ്തീര്‍ണത്തിൽ 170 സ്റ്റാളുകളിലായാണ് പ്രദര്‍ശനം. എംഎസ്‍എംഇ, കുടുംബശ്രീ, സ്വയംതൊഴിൽ സംരംഭകര്‍ എന്നിവരും പരിപാടിയുടെ ഭാഗമായിട്ടുണ്ട്.

 

പ്രദര്‍ശനങ്ങള്‍ക്കൊപ്പം ബിസിനസ് ടു ബിസിനസ് മീറ്റുകളും സംവാദങ്ങളും ടെക്നോളജി ഡെമോകളും നടക്കും. സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള വഴിയായാണ് സര്‍ക്കാര്‍ പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. സാംസ്കാരിക പരിപാടികളും വൈകുന്നേരങ്ങളിൽ നടക്കുന്നുണ്ട്. സെമിനാറുകള്‍, അവബോധ ക്ലാസ്സുകള്‍ എന്നിവയും നടക്കുന്നു.

 

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള സഹായവും ലഭ്യമാക്കി. അക്ഷയ പവിലിയൻ ആധാര്‍ കാര്‍ഡ് പുതുക്കാനുള്ള സേവനം നൽകുന്നുണ്ട്. റേഷൻ കാര്‍ഡുകളെക്കുറിച്ചുള്ള പരാതികള്‍ക്ക് പരിഹാരം കാണാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് പ്രത്യേകം ഹെൽപ്പ് ഡെസ്ക് സജ്ജമാക്കി. മാലിന്യസംസ്കരണ മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുത്താന്‍ ശുചിത്വ മിഷനും പ്രത്യേകം സ്റ്റാള്‍ എടുത്തിരുന്നു.

 

പൊതു അവധിയായ ദുഖവെള്ളി ദിവസം സാംസ്കാരിക പരിപാടികള്‍ ഒന്നുമില്ല. ഏപ്രിൽ ഒന്നിന് പൊതുസമ്മേളനത്തോടെയാണ് പരിപാടി ആരംഭിച്ചത്. പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചിരുന്നു. റവന്യൂ മന്ത്രി കെ. രാജൻ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്‍ണൻകുട്ടി, എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവര്‍കോവിൽ, ആന്‍റണി രാജു, പി. രാജീവ് എന്നിവര്‍ സംസാരിച്ചിരുന്നു. കൊച്ചി മേയര്‍ അനിൽ കുമാറും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com