ആമസോണിൽ വീണ്ടും തട്ടിപ്പ്, ആപ്പിൾ ഫോണുകൾക്ക് റീഫണ്ട്
Mail This Article
ആമസോണിൽ നിന്നും വിലകൂടിയ ആപ്പിൾ ഫോണുകൾ പോലുള്ള ഉപകരണങ്ങൾ വാങ്ങി അത് തിരിച്ചു കൊടുത്തുവെന്ന് വ്യാജരേഖയുണ്ടാക്കി ലക്ഷങ്ങൾ റീഫണ്ട് നേടുന്ന തരത്തിലുള്ള പുതിയ തട്ടിപ്പ് ബെംഗളുരുവിൽ അരങ്ങേറി. ആമസോണിന്റെ ബാക്കെൻഡ് സിസ്റ്റങ്ങളിൽ വ്യാജ രേഖകൾ കാണിച്ച് കോടികൾ വിലമതിക്കുന്ന വിലകൂടിയ ഗാഡ്‌ജെറ്റുകളുടെ റീഫണ്ട് നടത്തി കമ്പനിക്കുണ്ടായ നഷ്ടത്തെക്കുറിച്ച് ആമസോൺ ട്രാൻസ്‌പോർട്ടേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥർ ആരംഭിച്ച അന്വേഷണമാണ് തട്ടിപ്പ്കണ്ടെത്താൻ വഴിയൊരുക്കിയത്. നോർത്ത് ബെംഗളൂരുവിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിന് പിന്നിലെ സൂത്രധാരൻ മുൻ ജീവനക്കാരനാണെന്ന് പോലീസ് കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ട് നിരവധി ഐ ഫോണുകളും രണ്ട് മാക്ബുക്കുകളും ഉൾപ്പെടെ 20.34 ലക്ഷം രൂപയുടെ ഗാഡ്‌ജെറ്റുകൾ അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളുമായി ബന്ധപ്പെട്ട ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലായി 30 ലക്ഷം രൂപയും പോലീസ് മരവിപ്പിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ കമ്പനിയുടെ സ്വന്തം അന്വേഷണത്തിൽ, വടക്കൻ ബെംഗളൂരുവിൽ താമസിക്കുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥിയായ ചിരാഗ് ഗുപ്ത ഈ വർഷം മെയ് 15 നും 17 നും ഇടയിൽ ക്രെഡിറ്റ് കാർഡും യുപിഐയും ഉപയോഗിച്ച് നാല് ആപ്പിൾ ഫോണുകൾ വാങ്ങിയിരുന്നു. ഇതിൽ മെയ് 15 ന് 1.27 ലക്ഷം രൂപ വിലയുള്ള ഐഫോൺ പ്രോ 14 മാക്‌സും മെയ് 16 ന് 84,900 രൂപ വിലയുള്ള ഐഫോൺ 14 ഉം മെയ് 17 ന് രണ്ട് ഐഫോൺ 14 ഉം 90,999 രൂപയ്ക്കും 84,900 രൂപയ്ക്കുമായിരുന്നു വാങ്ങിയിരുന്നത്.
ദിവസവും തട്ടിപ്പുകൾ പുതിയ രീതിയിൽ
നോർത്ത് ബെംഗളൂരുവിലെ പീനിയയിലുള്ള ഡെലിവറി സെന്ററിൽ നിന്നാണ് നാല് ഉപകരണങ്ങളും ഉപഭോക്താവിന് ഡെലിവറി ചെയ്തതെന്നും പിന്നീട് ആമസോണിലേക്ക് ഇത് തിരികെ വന്നതായും രേഖകളിൽ കണ്ടിരുന്നു. അതനുസരിച്ചു ആമസോൺ ഉപഭോക്താവിന് റീഫണ്ടും നൽകി. എന്നാൽ പല സംഭവങ്ങൾ ഇതുപോലെ ഉണ്ടായതിനാൽ ആമസോൺ ട്രാൻസ്‌പോർട്ടേഷൻ സർവീസ് യൂണിറ്റിന്റെ സോണൽ മാനേജർക്ക് തോന്നിയ സംശയത്തിലാണ് പൊലീസിന് പ്രതികളെ പിടികൂടാൻ സാധിച്ചത്. ആമസോൺ ട്രാൻസ്‌പോർട്ട് സർവീസസ് ഉദ്യോഗസ്ഥൻ യശ്വന്ത്പൂർ പോലീസിൽ നൽകിയ പോലീസ് പരാതിയിൽ, മൊബൈൽ ഫോണുകൾ ബുക്ക് ചെയ്യാനും ഫോണുകൾ ഡെലിവറി ചെയ്ത ശേഷം വാങ്ങൽ റദ്ദാക്കാനും ആവശ്യപ്പെട്ടാണ് തട്ടിപ്പുകൾ നടത്തിയിരുന്നത്. ഇതുവരെ ഇല്ലാത്ത തരത്തിൽ പല രീതിയിൽ ഓരോ ദിവസവും തട്ടിപ്പുകൾ അരങ്ങേറുന്നത് പോലീസിനും തലവേദനയായിരിക്കുകയാണ്.
English Summary : Financial Frauds in New Forms