ക്രെഡിറ്റ് കാർഡ് ഉപയോഗം പണി തന്നോ? സ്കോർ കൂട്ടാനിതാ 5 സൂപ്പർ ടിപ്സ്
Mail This Article
ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ലോട്ടറി പോലെയാണ് പലർക്കും. വേണ്ടതും വേണ്ടാത്തതിനും കാർഡ് ഉപയോഗിക്കും. ഓൺലൈൻ ഷോപ്പിങ് വഴി സാധനങ്ങൾ വാങ്ങിക്കൂട്ടും. ചിലപ്പോൾ ക്രെഡിറ്റ് ലിമിറ്റ് മുഴുവൻ ഉപയോഗിച്ചെന്നും വരാം. സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ പണി എപ്പോൾ കിട്ടിയെന്നു ചോദിച്ചാൽ മതി. കൃത്യസമയത്തു തിരിച്ചടച്ചില്ലെങ്കിൽ അത് വിനയായിത്തീരും. വായ്പ പോലുള്ള ആവശ്യങ്ങൾക്കു ബാങ്കിനെ സമീപിക്കുമ്പോഴാകും സിബിൽ സ്കോർ കുറവാണെന്നു മനസ്സിലാകുക. ക്രെഡിറ്റ് കാർഡ് ബുദ്ധിപൂർവം ഉപയോഗിക്കുന്നതിലൂടെ സിബിൽ സ്കോർ മെച്ചപ്പെടുത്താം.
ക്രെഡിറ്റ് ലിമിറ്റ് മുഴുവൻ ഉപയോഗിക്കരുത്
ഒരു മാസത്തെ ക്രെഡിറ്റ് ലിമിറ്റിന്റെ 30–40 ശതമാനത്തിൽ താഴെ മാത്രം ഉപയോഗിക്കുക. ശമ്പള വരുമാനക്കാരാണെങ്കിൽ ക്രെഡിറ്റ് ലിമിറ്റ് മുഴുവൻ ഉപയോഗിച്ചാൽ അടുത്തമാസം തിരിച്ചടയ്ക്കാനുള്ള തുക കിഴിച്ചു ശമ്പളത്തിൽ ബാക്കിയൊന്നും കാണില്ല. എല്ലാ മാസവും ക്രെഡിറ്റ് കാർഡിനെ അമിതമായി ആശ്രയിക്കുന്ന സ്ഥിതിയുണ്ടാകാം. ഉദാ– ക്രെഡിറ്റ് ലിമിറ്റ് 50,000 ആണെങ്കിൽ 20,000 രൂപയിൽ താഴെ മാത്രമേ ഉപയോഗിക്കാവൂ. അതിൽ കൂടുതൽ തുക ചെലവഴിക്കാതെ സ്വയം നിയന്ത്രിക്കുക.
കൃത്യസമയത്ത് തിരിച്ചടക്കുക
എല്ലാ മാസവും കൃത്യ സമയത്തുതന്നെ തിരിച്ചടയ്ക്കാനുള്ള തുക അടയ്ക്കുക. അതിനായി ഓട്ടോ–ഡെബിറ്റ് സെറ്റ് ചെയ്യാം. ഒരു ദിവസംപോലും അടവ് വൈകുന്നില്ലെന്ന് ഉറപ്പുവരുത്തുക. വൈകുന്തോറും പലിശ കൂടുതൽ കൊടുക്കേണ്ടിവരും.
മിനിമം തുക എന്ന കെണിയിൽ വീഴരുത്
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന പലരും മിനിമം തുക മാത്രം അടച്ചു പോകുന്നവരായിരിക്കും. മിനിമം എമൗണ്ട് എന്നത് ഒരു കെണിയാണ്. തുക പൂർണമായും അടച്ചില്ലെങ്കിൽ വൻതുക പിഴപലിശയായി കൊടുക്കേണ്ടിവരും. അതുകൊണ്ട് എല്ലാ മാസവും അടയ്ക്കേണ്ട തുക പൂർണമായും അടയ്ക്കുക.
ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യരുത്
ഒന്നിലധികം ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ അതു ബാലൻസ് ചെയ്തു കൊണ്ടുപോകാൻ ശ്രദ്ധിക്കണം. കൃത്യമായി അടച്ച ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ക്ലോസ് ചെയ്യാതിരിക്കുക.
പുതിയ ക്രെഡിറ്റ് കാർഡ് വേണ്ട
ക്രെഡിറ്റ് കാർഡ് വേണോ എന്ന വിളികൾ എല്ലാവർക്കും ഇഷ്ടംപോലെ കിട്ടുന്നുണ്ടാകും. ഈ വിളികളിൽ വീണുപോകരുത്. പുതിയ ക്രെഡിറ്റ് കാർഡുകൾ എടുക്കാതിരിക്കുക. കൂടുതൽ ബാധ്യത തലയിലേറ്റരുത്.