പങ്കാളികൾക്കിടയിൽ പകുതി പ്രശ്നങ്ങളും പണത്തിന്റെ പേരിൽ, എങ്ങനെ ഒഴിവാക്കാം?
Mail This Article
വിവാഹിതരുടെ ഇടയിൽ ലോകമെമ്പാടുമുള്ള വിവിധ സർവേകൾ കാണിക്കുന്ന കാര്യം പണത്തിന്റെ പേരിലാണ് പകുതിയിലധികം വഴക്കുകളും തല്ലുകളും ഉണ്ടാകുന്നതെന്നാണ്. പല ഭൂഖണ്ഡങ്ങളിലെയും സർവേ ഫലങ്ങൾ ഇത് ശരി വെക്കുന്നുണ്ട്. കൈവിട്ടു പോകുന്ന ചെലവുകളും ദാമ്പത്യ ബന്ധം ശിഥിലമാക്കുന്നുണ്ട് എന്നാണ് സർവേകൾ പറയുന്നത്. ബന്ധങ്ങളിൽ പണം പ്രശ്നമുണ്ടാക്കുന്നുണ്ട് എങ്കിൽ അതെങ്ങനെ ഒഴിവാക്കാനാകും?
റഷ്യ – യുക്രെയ്ൻ യുദ്ധം തുടരുന്നതും, ഇസ്രയേല്‍ ഹമാസ് പ്രശ്നങ്ങളും ലോകമെമ്പാടും പണപ്പെരുപ്പം കൂട്ടുമ്പോൾ പങ്കാളികൾക്കിടയിൽ പണത്തിന്റെ കാര്യത്തിലും പങ്കാളിത്തം അനിവാര്യമാകുന്നു.
ഒരുമിച്ചുള്ള തീരുമാനങ്ങൾ
ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങളെടുക്കുമ്പോൾ അവർക്ക് അവിവാഹിതരെക്കാൾ കൂടുതൽ പണം നിക്ഷേപിക്കാൻ സാധിക്കും. അതിനായി ഒരുമിച്ചു ഒരു ബാങ്ക് അക്കൗണ്ടും, തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി വെവ്വേറെ ബാങ്ക് അക്കൗണ്ടും കരുതുക. ഭാര്യയോ ഭർത്താവോ സാമ്പത്തിക കാര്യങ്ങളിൽ രഹസ്യമായി തീരുമാനങ്ങളെടുക്കുമ്പോൾ അതും ബന്ധം ഉലയാണ് കാരണമാകും.
തുറന്നുള്ള സംഭാഷണങ്ങൾ
നിങ്ങളും നിങ്ങളുടെ പങ്കാളിയും പരസ്പരം സാമ്പത്തികം, ശീലങ്ങൾ, ലക്ഷ്യങ്ങൾ, ഉത്കണ്ഠകൾ എന്നിവയെക്കുറിച്ച് ശാന്തമായും, സത്യസന്ധമായും തുറന്നുള്ള സംസാരങ്ങൾ കുടുംബത്തിന്റെ സാമ്പത്തിക ആസൂത്രണത്തിന് നല്ലതാണ്. അതിൽ പങ്കാളികളെ അറിയിക്കാതെ സ്വന്തം സഹോദരങ്ങൾക്കും, മാതാപിതാക്കൾക്കും പണം കൊടുക്കുന്നതിലെ കാര്യങ്ങളും ഈഗോ കൂടാതെ സംസാരിക്കാനാകണം. പങ്കാളിക്ക് ഭാവിയിലെ ചെലവുകളെ കുറിച്ചു ഉത്കണ്ഠയുണ്ടെങ്കിൽ അതിനും പരിഹാരം സംസാരിച്ച് കണ്ടെത്തണം.
കടം
ഒരുമിച്ചു താമസിക്കുമ്പോൾ കടമെടുക്കുന്നത് പോലുള്ള തീരുമാനങ്ങൾ പങ്കാളികളുമായി ആലോചിക്കാതെ എടുക്കരുത്. കടം കൂടി, കുടുംബത്തോടെ ആത്മഹത്യ ചെയ്യുന്ന പ്രവണത കേരളത്തിൽ കൂടുകയാണ്. കാറിനും, വീടിനും വേണ്ടിയുള്ള കടങ്ങൾ എത്ര വർഷങ്ങൾ കൊണ്ട് അടച്ചു തീർക്കുന്നതാണെന്നും, പലിശ നിരക്ക് എത്രയാണെന്നും അത് ഭാവിയിലെ സാമ്പത്തിക പദ്ധതികളെ മോശമായി ബാധിക്കുമോയെന്നും ദമ്പതികൾ ഒരുമിച്ചു ചർച്ച ചെയ്ത് തീരുമാനമെടുക്കുക.
കുട്ടികളുണ്ടാകുന്നതിനു മുൻപും സാമ്പത്തികം പരിഗണിക്കണം
ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമാണ് കുട്ടികളെ ഉത്തരവാദിത്തത്തോടെ വളർത്തുക എന്നത്. അതിനുള്ള പാങ്ങുണ്ടെങ്കിൽ മാത്രം കുട്ടികൾ മതിയെന്ന 'വലിയ തീരുമാനം' പങ്കാളികൾ ഒരുമിച്ചു എടുക്കണം. മുൻകാലങ്ങളിൽ നമ്മുടെ മാതാപിതാക്കൾ നമ്മെ വളർത്തിയത് പോലെയല്ല മാറുന്ന കാലഘട്ടത്തിൽ ഇപ്പോഴത്തെ ചെലവുകൾ എന്ന് മറക്കരുത്.
പഴയ കടങ്ങൾ
വിദ്യാഭ്യാസ വായ്പയും തങ്ങളുടെ കുടുംബത്തിന് എടുത്ത കടങ്ങളുമായി ദാമ്പത്യത്തിൽ പ്രവേശിക്കുമ്പോൾ അത് പങ്കാളിയുടെ ബാധ്യതയായി മാറ്റാതെ സ്വന്തം കടം സ്വന്തമായി തീർക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ പിന്നീട് ഇത് ക്രെഡിറ്റ് റേറ്റിങിനെ മാത്രമല്ല, ദാമ്പത്യ ബന്ധത്തെയും ബാധിക്കാൻ ഇടയാകും.
സാമ്പത്തിക ഉപദേശം തേടുക
കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള രീതിയിലുള്ള ബിസിനസ്സ് സംരംഭങ്ങളോ, നിക്ഷേപങ്ങളോ ഉണ്ടെങ്കിൽ സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായം തേടുന്നത് നല്ലതാണ്. പല സാഹചര്യങ്ങളിലും പണം കൂടുമ്പോഴും ദമ്പതികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
പരസ്പരം മനസിലാക്കുക
പണത്തെക്കുറിച്ചുള്ള ചർച്ചകളിലും ശീലങ്ങളിലും വ്യക്തിത്വത്തിന് വലിയ പങ്കുണ്ട്. രണ്ട് പങ്കാളികളും കടബാധ്യതയില്ലാത്തവരാണെങ്കിൽപ്പോലും,ചിലർ കൂടുതൽ ചിലവഴിക്കുന്നവരും ചിലർ കൂടുതൽ സമ്പാദിക്കാൻ താല്പര്യമുള്ളവരുമായിരിക്കാം. ബുദ്ധിശൂന്യമായി അതാതു മാസങ്ങളിലെ പണം മുഴുവൻ ചെലവഴിക്കുകയും, ഭാവിയിലേക്ക് ഒന്നും കരുതിവെക്കാതിരിക്കുകയും ചെയ്യുന്നതും പിന്നീട് പ്രശ്നങ്ങൾ ഉണ്ടാക്കും. അതിനാൽ ചെലവഴിക്കുമ്പോഴും 'അതിര്' വെച്ച് ചെലവഴിക്കുകയും, കുടുംബത്തിന്റെ മൊത്തത്തിലുള്ള ഭാവിയെ കരുതുകയും ചെയ്യുക.
പലപ്പോഴും ഒരു പങ്കാളിക്ക് ശമ്പളമുള്ള ജോലിയും മറ്റേയാൾക്ക് ശമ്പളം ഇല്ലെങ്കിലും അതും ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിലും ദമ്പതികൾക്ക് പക്വതയോടെ ഒരുമിച്ച് തീരുമാനങ്ങളെടുത്ത് സന്തോഷത്തോടെ ജീവിക്കാനാകണം.