സ്വത്തു കൈമാറാം കുറഞ്ഞ ചെലവിൽ, എളുപ്പത്തിൽ
Mail This Article
സ്വത്ത് അനന്തരാവകാശികൾക്കു കൈമാറാനുള്ള ഏറ്റവും നല്ല മാർഗം വിൽപത്രം ആണെന്നു പറയുന്നത് എന്തുകൊണ്ട്?
ഒരു വ്യക്തിയുടെ സ്ഥാവരജംഗമ സ്വത്തുക്കൾ സ്റ്റാംപ് ഡ്യൂട്ടി ഇല്ലാതെ, അയാൾക്ക് ഇഷ്ടമുള്ളവർക്കു ലഭിക്കത്തക്കവിധം കൈമാറാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണ് വിൽപത്രം. എഴുതുന്നയാളുടെ (Testator) കാലശേഷം മാത്രമേ വിൽപത്രം പ്രാബല്യത്തിൽ വരികയുള്ളൂ എന്നതാണ് ഇതിന്റെ മെച്ചം. മാത്രമല്ല, ആ വ്യക്തിക്ക് എപ്പോൾ വേണമെങ്കിലും താൻ എഴുതിവച്ച വിൽപത്രം റദ്ദു ചെയ്യാം, തിരുത്താം, കൂട്ടിച്ചേർക്കലുകള്‍ നടത്താം. സ്വത്തു കൈമാറ്റത്തിലെ മറ്റു രീതികളിൽ ഇതൊന്നും സാധ്യമല്ല.
ഒരു വിൽപത്രത്തിൽ തന്നെ ഒന്നിൽ കൂടുതൽ പേർക്ക് അവകാശം ലഭിക്കത്തക്കവിധം വിൽപത്രം എഴുതാവുന്നതുമാണ്.
വിൽപത്രം എഴുതാനുള്ള ചെലവ് എത്രയാണ്?
സാധാരണഗതിയിൽ വിൽപത്രം എഴുതുന്നതിനു ചെലവൊന്നും ആവശ്യമില്ല. വിൽപത്രം റജിസ്റ്റർ ചെയ്യുന്നുണ്ടെകിൽ റജിസ്ട്രേഷൻ ഫീസ് മാത്രം മതിയാകും.
വിൽപത്രത്തിലൂടെ എഴുതിവയ്ക്കാവുന്ന സ്വത്തിനു പരിധിയുണ്ടോ?
മുസ്‌ലിം വിഭാഗത്തിൽ പെടാത്തവർക്കു തങ്ങളുടെ സ്വത്തുക്കൾ പരിധിയില്ലാതെ വിൽപത്രം വഴി എഴുതിവയ്ക്കാവുന്നതാണ്. മുസ്‌ലിം വിഭാഗങ്ങൾക്ക് അതതു വ്യക്തിഗത നിയമങ്ങൾ ബാധകമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
വിൽപത്രം എഴുതി തയാറാക്കുന്നതിന് നിശ്ചിത മാതൃകകൾ ഒന്നും നിയമത്തിൽ പറയുന്നില്ല.എഴുതുന്നയാൾ പ്രായപൂർത്തിയായിരിക്കണം. സ്ഥിരബുദ്ധിയോടെയും സ്വബോധത്തോടെയും അന്യപ്രേരണ കൂടാതെയും സ്വന്തം ഇഷ്ടത്തിന് അനുസരിച്ചാണ് വിൽപത്രം എഴുതേണ്ടത്. എഴുതുന്നയാളുടെ പേരും വിലാസവും സ്വത്തുക്കളുടെ വ്യക്‌തമായ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം. സ്വത്തുക്കൾ ലഭിക്കേണ്ടവരുടെ (beneficiaries) പേരു വിവരങ്ങളും അവർക്കു ലഭിക്കേണ്ട സ്വത്തുക്കളുടെ വ്യക്തമായ അളവു വിവരങ്ങളും വിൽപത്രത്തിൽ ഉണ്ടാകണം.
എഴുതുന്നയാളുടെ ഒപ്പ് സാക്ഷ്യപ്പെടുത്തുന്നതിനു വിൽപത്രത്തിൽ രണ്ടു സാക്ഷികൾ ഒപ്പു വച്ചിരിക്കണം. ഏതൊരു രേഖയും റജിസ്റ്റർ ചെയ്യുന്നതുപോലെ വിൽപത്രവും റജിസ്റ്റർ ചെയ്യാം.
റജിസ്റ്റർ ചെയ്ത വിൽ മാറ്റി എഴുതാനാകുമോ?
ഒരിക്കൽ എഴുതിവച്ച വിൽപത്രം എപ്പോൾ വേണമെങ്കിലും എഴുതിവച്ചയാൾക്കു മാറ്റി എഴുതാം. റജിസ്റ്റർ ചെയ്ത വിൽപത്രവും ഇപ്രകാരം മാറ്റി തയാറാക്കാം. നേരത്തേ എഴുതിവച്ച സ്വത്തിൽ മാറ്റം വരുകയോ സ്വത്തു ലഭിക്കേണ്ടവരിൽ മാറ്റം വരുത്തേണ്ടി വരുമ്പോഴോ ഇങ്ങനെ ചെയ്യാം. ഒരാളുടെ ജീവിതകാലത്ത് അയാൾ അവസാനമായി എഴുതിയ വിൽപത്രം ആയിരിക്കും പ്രാബല്യത്തിൽ വരിക.
മാതാപിതാക്കൾക്കു സംയുക്തമായി വിൽ എഴുതാമോ?
മാതാപിതാക്കൾ രണ്ടുപേരും ചേർന്ന് ജോയിന്റ് വിൽ എഴുതി മക്കൾക്കു സ്വത്ത് കൈമാറുന്നതിൽ നിയമപരമായി തടസ്സമില്ല. ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം 1925 സെക്‌ഷൻ 59 ൽ വിൽപത്രത്തെക്കുറിച്ചു പറയുന്നിടത്ത് എഴുതുന്ന ആൾക്ക് പ്രായപൂർത്തിയായിരിക്കണം. സ്ഥിരബുദ്ധിയുണ്ടായിരിക്കണം എന്നീ രണ്ടു നിബന്ധനകളേ പറയുന്നുള്ളൂ. ഒന്നിൽ കൂടുതൽ പേർക്കു ചേർന്ന് എഴുതാമോ എന്നൊന്നും പറയുന്നില്ല. സുപ്രീംകോടതിയുടെ പല വിധികളിലും ജോയിന്റ് വിൽ എഴുതുന്നതിനു കുഴപ്പമില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, പൊതുവേ ജോയിന്റ് വില്ലിനെ പ്രോത്സാഹിപ്പിക്കാറില്ല. കാരണം, ബുദ്ധിമുട്ടില്ലാതെ സ്വത്തുക്കൾ കൈമാറ്റം ചെയ്തു കിട്ടാനാണു വിൽ എഴുതുന്നത്. ജോയിന്റ് വില്ലിനു പല പ്രശ്നങ്ങളും ഉണ്ടാകാം. രണ്ടുപേരും മരിച്ചാലെ സ്വത്തുക്കൾ ലഭിക്കൂ. ഒരാൾ മരിച്ചാൽ മറ്റേയാൾക്കു
വിൽപത്രം തിരുത്താനാകുമോ ഇല്ലയോ തുടങ്ങിയ പ്രശ്നങ്ങളും വരും. വില്ലിൽ അതെല്ലാം എഴുതിവയ്ക്കേണ്ടിയും വരും. അതിനാൽ, മാതാപിതാക്കൾ രണ്ടുപേരും രണ്ടായിത്തന്നെ വിൽപത്രം എഴുതുന്നതാകും നല്ലത്.
ബന്ധുക്കളല്ലാത്തവർക്ക് വിൽപത്രപ്രകാരം സ്വത്തുക്കൾ കൈമാറാനാകുമോ?
ഒരാളുടെ ആഗ്രഹമാണ് WILL എന്ന പദംകൊണ്ട് അർഥമാക്കുന്നത്. അതുകൊണ്ട് ഒരു വ്യക്തിക്ക് അയാളുടെ സ്വത്തുവകകൾ ആഗ്രഹത്തിന് അനുസരിച്ച് ആർക്കുവേണമെങ്കിലും നൽകാം. ബന്ധുവിനോ തന്നെ ശുശ്രൂഷിക്കുന്നവർക്കോ പരിചാരകർക്കോ അപ്രകാരം എഴുതി വയ്ക്കാം. എന്നാൽ, വിൽപത്രം എഴുതാതെയാണ് ഒരാൾ മരിക്കുന്നതെങ്കിൽ സ്വത്തുക്കൾ അതതു പിന്തുടർച്ചാ നിയമപ്രകാരം അവകാശികൾക്കു മാത്രമാകും ലഭിക്കുക.