ADVERTISEMENT

ബാങ്ക് ഉദ്യോഗസ്ഥനായ മാത്യുവിന്‍റെ ഉറച്ച തീരുമാനമായിരുന്നു ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിലും ഒരിക്കലും ഉപയോഗിക്കില്ലെന്നത്. പൊള്ളുന്ന പലിശ മാത്രമല്ല, കാർഡ് കയ്യിലുണ്ടെങ്കിൽ ആവശ്യമില്ലാത്തതെല്ലാം വാങ്ങിക്കൂട്ടും എന്നാണ് അദ്ദേഹത്തിന്റെ ന്യായം. എന്നാൽ പൊടുന്നനെ  ഈ തീരുമാനത്തിൽ നിന്നു മാത്യു പിൻവാങ്ങി.

ഒരു ആശുപത്രിവാസവും അനുബന്ധച്ചെലവുകളുമായിരുന്നു കാരണം. 

‘‘ശരിക്കും ക്രെഡ‍ിറ്റ് കാർഡിന്റെ ആവശ്യകത ബോധ്യപ്പെട്ടത് അപ്പോഴാണ്.’’  ആ അനുഭവം അദ്ദേഹം തന്നെ വിവരിക്കുന്നു.

മകനു അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നു. അഡ്മിറ്റ് ചെയ്യുന്ന സമയത്ത് അഡ്വാൻസ് തുക ചോദിച്ചപ്പോൾ ഇൻഷുറൻസ് കാർഡ് നീട്ടിയത് ആത്മവിശ്വാസത്തോടെയായിരുന്നു. പക്ഷേ ഈ കമ്പനിക്ക് ഇവിടെ കാഷ്‌ലെസ് സൗകര്യമില്ലെന്നു പറഞ്ഞപ്പോൾ വിഷമിച്ചു പോയി. ആദ്യം ഡെബിറ്റ് കാർഡ് കൊണ്ട് കാര്യം നടത്തി. എന്നാൽ കാര്യമായ തുക അക്കൗണ്ടിലില്ലായിരുന്നു. തുടർച്ചയായ െടസ്റ്റുകൾ, ഓപ്പറേഷൻ, മരുന്നു ചെലവുകൾ. എല്ലാത്തിനും പിന്നെ തുണയായത് ക്രെഡിറ്റ് കാർഡാണ്. ചെലവായ തുകയിൽ സിംഹഭാഗവും ഇൻഷുറൻസ് ക്ലെയിമിലൂടെ തിരികെ ലഭിച്ചു. പക്ഷേ, ആ സമയത്ത് ക്രെഡിറ്റ് കാർഡ് കയ്യിലില്ലായിരുന്നെങ്കിൽ, ആലോചിക്കാനേ കഴിയില്ല. ‌

ഒട്ടേറെ ദോഷവശങ്ങൾ പറയാറുണ്ടെങ്കിലും മേൽപ്പറഞ്ഞ പോലുള്ള അസന്ദിഗ്ധഘട്ടങ്ങളിൽ ക്രെഡിറ്റ് കാർഡ് രക്ഷകനായി അവതരിക്കും.  എന്നാൽ അതു വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും നഷ്ടവും അബദ്ധങ്ങളും ഒഴിവാക്കാൻ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.

കടക്കെണി, ഉയർന്ന പലിശ

കാർഡ് ഉണ്ടെന്ന ൈധര്യത്തിൽ അനാവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടരുത്. തിരിച്ചടവു ശേഷിയെക്കാൾ ഉയർന്ന തുകയ്ക്കു സാധനങ്ങൾ വാങ്ങിയാൽ ക്രെഡിറ്റ് കാർഡിന്റെ പലിശരഹിത കാലാവധിയ്ക്കുള്ളിൽ പണം അടച്ചു തീർക്കാനാകില്ല. അതോടെ നിബന്ധനകൾക്ക് അനുസൃതമായി 24 മുതൽ 48 ശതമാനം വരെ പലിശ നൽകേണ്ടി വരും. 

കാർഡ് സ്റ്റേറ്റ്മെന്റിലെ മുഴുവൻ തുകയും നിശ്ചിത തീയതിക്കുള്ളിൽ അടച്ചിരിക്കണം.  അല്ലാതെ റോൾ ഓവറിനു തുനിഞ്ഞാൽ പുതിയ വാങ്ങലുകൾക്കു പലിശരഹിത കാലാവധി ഉണ്ടാവില്ല. ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിൽ രണ്ടു തുകകളാകും ഉണ്ടാകുക. ഒന്ന് മിനിമം തുക, മറ്റേത് മൊത്തം തുക. 

മൊത്തം തുകയുടെ അഞ്ചു ശതമാനമാണ് അടയ്ക്കേണ്ട മിനിമം തുക. അതായത് മൊത്തം തുക 5,000 രൂപയാണെങ്കിൽ മിനിമം തുക 250 രൂപ മാത്രം. അപ്രകാരം 250 രൂപ മാത്രമാണ് അടയ്ക്കുന്നത് എന്നിരിക്കട്ടെ. എങ്കിൽ പുതിയ വാങ്ങലുകൾക്ക് ഉയർന്ന പലിശ നൽകേണ്ടി വരും. അതുകൊണ്ട് മൊത്തം തുകയും നിശ്ചിത തീയതിക്കു അടച്ചു തീർക്കുക. അല്ലെങ്കിൽ പണം അടച്ചു തീർക്കും വരെ ആ കാർഡ് ഉപയോഗിക്കാതിരിക്കുക. 

കാർഡ് വഴി പണം പിൻവലിക്കൽ

അത്യാവശ്യത്തിനു അക്കൗണ്ടിൽ പണമില്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി എടിഎമ്മിൽ നിന്നു പണമെടുക്കാം. പക്ഷേ വളരെ അപകടം പിടിച്ച  പണിയാണിത്. പണം പിൻവലിച്ച നാൾ മുതൽ ഉയർന്ന പലിശ നൽകണം. മാത്രമല്ല ഈ പിൻവലിക്കലിനു പ്രത്യേക ചാർജും ഈടാക്കും.

ബാലൻസ് ഇഎംഐ ആക്കുക  

പ്രത്യേക സാഹചര്യങ്ങളിൽ കാർഡ് തുടർച്ചയായി ഉപയോഗിക്കേണ്ടി വരും. അപ്പോൾ ബാലൻസ് തുക മുഴുവനും ഒരുമിച്ചു അടയ്ക്കാൻ കഴിയില്ല. എങ്കിലും കാർഡ് കെണിയിൽ നിന്നു തലയൂരാൻ വഴിയുണ്ട്. ബാലൻസ് നിശ്ചിത മാസതവണകളായി (ഇഎംഐ) മാറ്റുക. ഈ സൗകര്യം മിക്ക കമ്പനികളും നൽകുന്നുണ്ട്. ഇതിനായി കാർഡ് കമ്പനിയുടെ കസ്റ്റമർ കെയർ വിഭാഗവുമായി ബന്ധപ്പെട്ട് ബാലൻസ് മാസഗഡുക്കളാക്കാൻ ആവശ്യപ്പെടുക. ഇതുവഴി പലിശയിൽ ഏതാണ്ട് 10 മുതൽ 15 ശതമാനം വരെ ഇളവ് നേടാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com