ADVERTISEMENT

ധാക്ക∙ ബംഗ്ലാദേശിൽ പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റായ ബംഗബന്ധു ട്വന്റി20 കപ്പ് നടക്കുകയാണ്. 20 മത്സരങ്ങൾക്കു ശേഷം മുന്നിലെത്തിയ നാലു ടീമുകൾ പ്ലേ ഓഫ് ഉറപ്പിച്ചു. തിങ്കളാഴ്ച നടന്ന നിർണായക മത്സരത്തിൽ ബെക്സിംകോ ധാക്കയും ഫോർച്യൂൺ ബരിഷാലുമാണ് ഏറ്റുമുട്ടിയത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖർ റഹീമാണ് ധാക്ക ടീമിന്റെ ക്യാപ്റ്റൻ. ധാക്ക ഒൻപത് റൺസിന്റെ വിജയം സ്വന്തമാക്കിയെങ്കിലും മത്സരത്തിനിടയിലെ മുഷ്ഫിഖറിന്റെ പെരുമാറ്റമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം.

മത്സരത്തിനിടെ സ്വന്തം ടീമിലെ താരമായ നാസും അഹമ്മദിന് നേരെയായിരുന്നു മുഷ്ഫിഖറിന്റെ രോഷപ്രകടനം. നാസുമിനെ മുഷ്ഫിഖർ അടിക്കാൻ ഓങ്ങുന്നതിലേക്കു വരെയെത്തി കാര്യങ്ങൾ. ഉടൻ സഹതാരങ്ങള്‍ ഓടിയെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. ഫോർച്യൂൺ ബരിഷാൽ ടീമിന് ജയിക്കാൻ 19 പന്തിൽ 45 റൺസ് വേണമെന്നിരിക്കെയായിരുന്നു സംഭവം അരങ്ങേറിയത്. ഫോർച്യൂൺ ബരിഷാൽ താരം അഫിഫ് ഹുസൈൻ അടിച്ച പന്ത് ഉയർന്നുപൊങ്ങിയതോടെ ക്യാച്ചെടുക്കാനായി മുഷ്ഫിഖർ റഹീം ഓടി. ഈ സമയം നാസും അഹമ്മദും ഓടിയെത്തിയതാണ് മുഷ്ഫിഖറിനെ പ്രകോപിപ്പിച്ചത്.

ക്യാച്ച് എടുത്ത ശേഷം താനുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടായിരുന്ന നാസുമിന് നേരെ മുഷ്ഫിഖർ നീങ്ങുകയായിരുന്നു. സഹതാരത്തെ തല്ലാനോങ്ങിയ മുഷ്ഫിഖറെ മറ്റുള്ളവർ ചേര്‍ന്നാണു സമാധാനിപ്പിച്ചത്. സംഭവത്തിനു പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റവുമുണ്ടായി. നിർണായക വിക്കറ്റ് ആയതുകൊണ്ടാണ് ക്യാച്ച് എടുക്കാനായി ഇരു താരങ്ങളും ശ്രമിച്ചതെന്നാണു വിവരം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

English Summary: Mushfiqur Rahim loses his cool at teammate Nasum Ahmed for interfering while catching

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com