ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ജയിക്കാൻ പഠിപ്പിച്ച പരിശീലകനാണ് ഓസ്ട്രേലിയക്കാരൻ ഗ്രെഗ് ചാപ്പലെന്ന് ഇന്ത്യയുടെ മുൻ താരം സുരേഷ് റെയ്ന. ‘ബിലീവ്, വാട്ട് ലൈഫ് ആൻഡ് ക്രിക്കറ്റ് ടോട്ട് മി’ എന്ന പേരിൽ ഉടൻ പുറത്തുവരുന്ന ആത്മകഥയിലാണ് ഓസീസ് പരിശീലകനെ റെയ്ന വാനോളം പുകഴ്ത്തുന്നത്. 2005 മുതൽ 2007 വരെ ഇന്ത്യയെ പരിശീലിപ്പിച്ച ചാപ്പലിന്റെ കാലയളവ് നിരവധി വിവാദങ്ങളാൽ സമ്പന്നമായിരുന്നു. അന്ന് ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയുമായുള്ള ചാപ്പലിന്റെ കലഹം കുപ്രസിദ്ധണ്. ഇതിനിടെയാണ് ചാപ്പലിനെ പുകഴ്ത്തി റെയ്നയുടെ വരവ്. ചേസിങ്ങിൽ ഉൾപ്പെടെ ചാപ്പലിന്റെ പാഠങ്ങളാണ് ഇന്ത്യയ്ക്ക് പുത്തൻ ഊർജം പകർന്നതെന്ന് റെയ്ന അഭിപ്രായപ്പെട്ടു.

അന്നത്തെ തലമുറയിൽപ്പെട്ട ക്രിക്കറ്റ് താരങ്ങളിൽ ചാപ്പൽ എങ്ങനെയാണ് സ്വാധീനം ചെലുത്തിയതെന്ന് റെയ്ന തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. ഇന്ത്യയുടെ 2011ലെ ഏകദിന ലോകകപ്പ് വിജയത്തിന്റെ വിത്തുകൾ വിതയ്ക്കപ്പെട്ടത് ഗ്രെഗ് ചാപ്പൽ പരിശീലകനായിരുന്ന കാലത്തായിരുന്നുവെന്നാണ് റെയ്നയുടെ നിരീക്ഷണം.

‘എന്റെ അഭിപ്രായത്തിൽ ആ കാലഘട്ടത്തിലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ രൂപപ്പെടുത്തിയതിൽ ഗ്രെഗ് ചാപ്പലിന് വലിയ പങ്കുണ്ട്. 2011ലെ ഏകദിന ലോകകപ്പിൽ നാം കിരീടം ചൂടിയപ്പോൾ കണ്ടത്, അദ്ദേഹം വിതച്ച വിത്തുകളുടെ ഫലമെടുപ്പാണ്. വിവാദങ്ങൾ മാറ്റിനിർത്തിയാൽ, ക്രിക്കറ്റിൽ വിജയത്തിന്റെ പ്രാധാന്യമെന്താണെന്നും എങ്ങനെ ജയിക്കാമെന്നും ഇന്ത്യയെ പഠിപ്പിച്ചത് അദ്ദേഹത്തിന്റെ പരിശീലക കാലയളവാണ്’ – റെയ്ന എഴുതുന്നു.

ഗ്രെഗ് ചാപ്പൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരിക്കെയാണ് 2005ൽ സുരേഷ് റെയ്ന ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ചത്. പിൽക്കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണുകളായി മാറിയ മഹേന്ദ്രസിങ് ധോണി, യുവരാജ് സിങ്, ഗൗതം ഗംഭീർ തുടങ്ങിയവരുടെ കരിയറുകളെല്ലാം രൂപപ്പെട്ടത് ചാപ്പലിന്റെ കീഴിലാണ്.

1990കളിലും 2000ലുമെല്ലാം റൺ ചേസിങ്ങിൽ ഏറെ പിന്നോക്കമായിരുന്ന ഇന്ത്യയെ ആ മേഖലയിൽ കരുത്തുറ്റവരാക്കിയതും ചാപ്പലാണെന്ന് റെയ്ന അഭിപ്രായപ്പെട്ടു. സമ്മർദ്ദത്തിലായാൽ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിയുന്നത് അക്കാലത്ത് സ്ഥിരം കാഴ്ചയായിരുന്നു. എന്നാൽ ചാപ്പൽ പരിശീലകനായി എത്തിയതോടെയാണ് ഇന്ത്യൻ ടീം കൂടുതൽ കരുത്തരായതും റൺ ചേസിങ്ങിൽ വിദഗ്ധരായതുമെന്ന് റെയ്ന ചൂണ്ടിക്കാട്ടി.

അക്കാലത്ത് രാഹുൽ ദ്രാവിഡിനു കീഴിൽ ചേസിങ്ങിൽ തുടർച്ചയായി 14 മത്സരങ്ങൾ ജയിച്ച് ഇന്ത്യ റെക്കോർഡിട്ടിരുന്നു. ചേസിങ്ങിൽ അതീവ ദുർബലരായ ഒരു ടീമിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരുന്നു അത്. ഇന്ത്യൻ ടീമിന് സംഭവിച്ച ഈ മാറ്റത്തിന്റെ കാരണം ചാപ്പലാണെന്ന് റെയ്ന ചൂണ്ടിക്കാട്ടി.

‘വലിയ സ്കോറുകൾ എങ്ങനെ വിജയകരമായി പിന്തുടരാമെന്ന് ഞങ്ങളെ പഠിപ്പിച്ചത് ചാപ്പലാണ്. ഞങ്ങളെല്ലാം മികച്ച രീതിയിൽ കളിക്കുന്ന സമയമായിരുന്നു അത്. പക്ഷേ, വിജയകരമായി എങ്ങനെ സ്കോറുകൾ പിന്തുടരാമെന്ന് അന്ന് ടീം മീറ്റിങ്ങുകളിൽ അദ്ദേഹം ഊന്നിയൂന്നി പറയുന്നത് ഓർമയുണ്ട്. അന്നത്തെ മാറ്റത്തിന്റെ കാരണക്കാർ ചാപ്പലും രാഹുൽ ഭായിയുമാണ്’ – റെയ്ന പറഞ്ഞു.

‘ആ സമയത്താണ് ടീമിലെ‍ ബാറ്റിങ് ഓർഡറിന്റെ കാര്യത്തിൽ തീരുമാനമായത്. യുവരാജ്, ധോണി, ഞാൻ എന്ന രീതിയിലായിരുന്നു ക്രമം. സമ്മർദ്ദത്തെ അതിജീവിച്ച് എങ്ങനെ സ്കോറുകൾ പിന്തുടരാമെന്ന് അന്നുതന്നെ ഞങ്ങൾ പഠിച്ചിരുന്നു. ചാപ്പലിൽനിന്ന് വ്യക്തിപരമായി ഞാൻ ഒട്ടേറെ കാര്യങ്ങൾ പഠിച്ചിട്ടുണ്ട്’ – റെയ്ന കുറിച്ചു.

English Summary: Despite all the controversies, Greg Chappell taught India how to win - Suresh Raina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com