കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനം പഴങ്കഥ; തിരുമ്പി വന്തിട്ടേന്നു സൊല്ല്....!
Mail This Article
ഒരു പകരംവീട്ടലിനായി ചെന്നൈ കാത്തിരുന്നത് ഒന്നും രണ്ടുമല്ല, 9 വർഷമാണ്. 2012ലെ ഐപിഎൽ ഫൈനലിൽ ചെപ്പോക്കിൽ കൊൽക്കത്തയോടു നേരിട്ട ഞെട്ടിക്കുന്ന തോൽവിയുടെ സങ്കടം ഇന്നലത്തെ ജയത്തോടെ ചെന്നൈ സൂപ്പർ കിങ്സ് മായ്ച്ചു. യുഎഇയിൽ നടന്ന കഴിഞ്ഞ സീസണിൽ പ്ലേഓഫിലെത്താതെ പുറത്താകുന്ന ആദ്യ ടീമായി മാറിയ എം.എസ്.ധോണിയും സംഘവും ഇക്കുറി കിരീടവും കയ്യിൽ പിടിച്ച് ‘സൂപ്പർ കിങ്സാ’യി തന്നെ മടങ്ങുന്നു.
14ൽ 9 കളികളും ജയിച്ച് പോയിന്റ് പട്ടികയിൽ 2–ാം സ്ഥാനക്കാരായി പ്ലേഓഫിലെത്തിയ ചെന്നൈ ഒന്നാം ക്വാളിഫയറിൽ ഡൽഹിയെ മറികടന്നാണു ഫൈനലിൽ കടന്നത്. മുൻ സീസണുകളിൽ ‘ഡാഡ്സ് ആർമി’യെന്നു പരിഹസിക്കപ്പെട്ട ചെന്നൈ ഇക്കുറി ധോണിയുടെ കീഴിൽ ‘സൂപ്പർ കൂൾ’ പ്രകടനം നടത്തിയാണു കപ്പടിച്ചത്. ഏതു സമ്മർദത്തെയും അസാധരണമായ ശാന്തതയോടെ നേരിടുന്ന ധോണി സ്റ്റൈൽ ടീമംഗങ്ങളിലേക്കു മുഴുവൻ പടർന്നതോടെ കപ്പ് ചെന്നൈയുടേതായി.
പരിചയസമ്പത്തിനു പ്രാധാന്യം കൊടുക്കുന്നതിനൊപ്പം തന്നെ യുവനിരയെയും മുറുകെപ്പിടിച്ചാണു ധോണിയുടെ ചെന്നൈപ്പട ജേതാക്കളായത്. പടക്കുതിരകളായ ഫാഫ് ഡുപ്ലെസി (37), ഡ്വെയ്ൻ ബ്രാവോ (38), റോബിൻ ഉത്തപ്പ (35), മൊയീൻ അലി (34) എന്നിവരിലുള്ള വിശ്വാസം നിലനിർത്തിയ ധോണി പക്ഷേ, ഋതുരാജ് ഗെയ്ക്‌വാദിനെ (24) സീസണിൽ തന്റെ തുറുപ്പുചീട്ടാക്കി. ശാർദൂൽ ഠാക്കൂറിനെയും ദീപക് ചാഹറിനെയും (ഇരുവർക്കും 29) സ്ട്രൈക്ക് ബോളർമാരായി വളർത്തിയെടുക്കാനും ധോണിക്കു കഴിഞ്ഞു. വിജയ ഫോർമുല നിലനിർത്താൻ തന്റെ വിശ്വസ്തനും പ്രിയപ്പെട്ടവനുമായ സുരേഷ് റെയ്നയെ പുറത്തിരുത്താനും ധോണി മടിച്ചില്ല.
ഋതുരാജ് – ഡുപ്ലെസി ഓപ്പണിങ് സഖ്യം പതിവായി മികച്ച തുടക്കം നൽകിയതോടെ മധ്യനിരയ്ക്കു ഭാരം കുറഞ്ഞു. ഒരു കളിയിൽ 27 പന്തുകളിൽ 18 റൺസെടുത്തു പഴികേട്ട ധോണി മറ്റൊരു മത്സരത്തിൽ 6 പന്തുകളിൽ 18 റൺസെടുത്ത് അതിനു മറുപടി നൽകി. പേസ് കുറച്ചും കൂട്ടിയും ബ്രാവോ ബാറ്റർമാരെ പരീക്ഷിച്ചപ്പോൾ ബ്രേക്ക്ത്രൂ ബോളറായി ശാർദൂലും ക്ലിക്കായി. രവീന്ദ്ര ജഡേജയും ഡുപ്ലെസിയും ഋതുരാജുമൊക്കെ ഫീൽഡിൽ പറന്നുനിന്നതോടെ എതിരാളികൾ നിഷ്പ്രഭരായി. ഫലം, കപ്പിൽ ചെന്നൈ മുത്തമിട്ടു.
English summary: IPL; Chennai Super Kings returns